1921 പുഴ മുതല്‍ പുഴ വരെ-സിനിമാ റിവ്യൂ-

 

ചിത്രാനന്ദന്‍ മാമ്പറ്റ.

യേശുക്രിസ്തു അഞ്ചപ്പം കൊണ്ട് 5000 പേരുടെ വിശപ്പുമാറ്റിയതിന്റെ പ്രചോദനം ഉള്‍ക്കൊണ്ടാണോ എന്നറിയില്ല, അലി അക്ബര്‍ എന്ന രാമസിംഹന്‍ തന്റെ ഏറ്റവും പുതിയ സിനിമയായ 1921 പുഴമുതല്‍ പുഴവരെ എന്ന സിനിമയില്‍ 50 പേരെ കൊണ്ട് 500 പേരുടെ ദൃശ്യമഹിമ സൃഷ്ടിച്ചത്.

മാര്‍ച്ച് 3 ന് റിലീസായ സിനിമ ഒരു സംവിധായകന്‍ എന്ന നിലയില്‍ അലിഅക്ബറിന്റെ പ്രതിഭയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതാണെന്ന് പറയാതെ വയ്യ.

കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോ.ആര്‍.എല്‍.വി രാമകൃഷ്ണന്റെ ചാത്തന്‍ എന്ന കഥാപാത്രമായുള്ള പകര്‍ന്നാട്ടം അതിഗംഭീരം എന്നുതന്നെ പറയാം.

മലബാര്‍ കലാപമെന്ന മാപ്പിളലഹള പശ്ചാത്തലമാക്കി ഒരുക്കിയ സിനിമയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയെ ഭീരുവായ ഒരു മനുഷ്യനായിട്ടാണ് അവതരിപ്പിക്കുന്നത്.

കൂടെ ആളുകളില്ലാത്തപ്പോള്‍ ഭയന്നുവിറക്കുന്ന ഒരാള്‍. ആലിമുസല്യാരെയും ഒരു ബഫൂണിന്റെ ഭാവഹാവാദികളോടെയാണ് ചിത്രീകരിച്ചിട്ടുള്ളത്.

മലബാര്‍കലാപത്തെ അടിസ്ഥാനമാക്കി 1988 ല്‍ ടി.ദാമോദരന്‍ തിരക്കഥയെഴുതി ഐ.വി.ശശി സംവിധാനം ചെയ്ത 1921 അക്കാലത്തെ ഏറ്റവും ചെലവേറിയ സിനിമയായിരുന്നെങ്കില്‍ 2023 ല്‍ റിലീസായ പുഴമുതല്‍ പുഴവരെ ഈ വിഷയത്തില്‍ ഏറ്റവും ചെലവുകുറഞ്ഞ സിനിമയാണെന്നുപറയാം.

കേരളത്തില്‍ 86 തിയേറ്ററുകളില്‍ റിലീസ് ചെയ്ത സിനിമകാണാന്‍ പ്രേക്ഷകര്‍ പൊതുവെ കുറവാണ്.

കുമാരനാശാന്റെ ദുരവസ്ഥ, കെ.മാധവന്‍നായരുടെ മലബാര്‍കലാപം എന്നീ പുസ്തകങ്ങളെ അടിസ്ഥാനമാക്കി സംഭവത്തിന്റെ  യഥാര്‍ത്ഥ
സിനിമാരൂപം എന്നാണ് അലിഅക്ബര്‍ അവകാശപ്പെടുന്നത്.

ലഹളയുടെ ചിത്രീകരണം അതിന്റെ ഭീകരത ചോര്‍ന്നുപോകാതെ തന്നെ സംവിധായകന്‍ ചിത്രീകരിച്ചിട്ടുണ്ട്.

പിഞ്ചുകുട്ടികളെ ഭീകരമായി കൊലപ്പെടുത്തുന്ന രംഗങ്ങള്‍ കഠിനഹൃദയര്‍ക്ക് പോലും കണ്ടുനില്‍ക്കാനാവില്ല.

ഇവിടെ സെന്‍സര്‍ബോര്‍ഡിന്റെ ഇടപെടലുകള്‍ വ്യാപകമായി നടന്നതായി വ്യക്തമാകുന്നുണ്ട്.

തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നനെ അവതരിപ്പിച്ചിരിക്കുന്നത്. ജോയ്മാത്യു, കോഴിക്കോട് നാരായണന്‍ നായര്‍, സന്തോഷ്, ദിനേശ് പണിക്കര്‍, വിജയ്‌മേനോന്‍, ഷിബു തിലകന്‍, ഷോബി തിലകന്‍, ശ്രീജിത്ത് കൈവേലി, സന്തോഷ് സരസ്, മുഹമ്മദ് എരവട്ടൂര്‍, ജെ.പി.ആതവനാട്, കെനാസ് മാത്യു ജോര്‍ജ്, വിനോദ് കാവില്‍ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.

സുനില്‍ കണ്ണൂര്‍, പ്രജീഷ് കണ്ണൂര്‍, ബിനു എസ്.നായര്‍ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തത്.

ജഗത്‌ലാല്‍ ചന്ദ്രശേഖരന്‍, ഹരി വേണുഗോപാല്‍ ഒരുക്കിയ രണ്ട് മികച്ച ഗാനങ്ങളും ചിത്രത്തിലുണ്ട്.

ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തില്‍ ഇത്തരത്തിലൊരു സിനിമയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടേണ്ടതാണ് എന്ന് വ്യക്തമാക്കുന്നതാണ് ഓരോ രംഗങ്ങളും.

പൂര്‍ണമായും ചാത്തന്റെ ഫ്‌ളാഷ്ബാക്കിന്റെ രൂപത്തിലാണ് സിനിമ വികസിക്കുന്നത്.

കലാപത്തിന്റെ പശ്ചാത്തലത്തിലും ചാത്തനും സാവിത്രിയുമായുള്ള ബന്ധത്തിന്റെ ഊഷ്മളമായ രംഗങ്ങള്‍ പുഴ മുതല്‍ പുഴവരെയിലുണ്ട്.

ഓരോഫ്രെയിമിലും ദൃശ്യസൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന പുഴ മുതല്‍ പുഴവരെ സിനിമ എന്ന നിലയില്‍ മലയാളി കണ്ട് വിലയിരുത്തേണ്ടത് തന്നെയാണ്.