തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കമ്മറ്റിയിലെ 19 പേര്‍ ഭാരവാഹിത്വം രാജിവെച്ചു, മണ്ഡലം കമ്മറ്റി തന്നെ പിരിച്ചുവിട്ട് ഡി.സി.സി.

തളിപ്പറമ്പ്: തളിപ്പറമ്പിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് സി.സി.ശ്രീധരന്‍ ഉള്‍പ്പെടെ 19 പേര്‍ പാര്‍ട്ടി ഭാരവാഹിത്വം രാജിവെച്ച് ഡി.സി.സി പ്രസിഡന്റിന് കത്ത് നല്‍കി. മുന്‍ മണ്ഡലം പ്രസിഡന്റും നിലവില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റുമാണ് ശ്രീധരന്‍.

തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കമ്മറ്റിയിലെ പ്രവര്‍ത്തകരാണ് രാജി സമര്‍പ്പിച്ചത്.

തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വിഭജിച്ച് തളിപ്പറമ്പ് ഈസ്റ്റ്, തളിപ്പറമ്പ് ടൗണ്‍ എന്നീ മണ്ഡലങ്ങളാക്കുകയും അഡ്വ:സക്കരിയ കായക്കൂലിനെ ഈസ്റ്റ് മണ്ഡലത്തിന്റെയും, ടി.വി.രവി ടൗണ്‍ മണ്ഡലത്തിന്റെയും പ്രസിഡന്റുമാരായി കമ്മിറ്റി നിലവില്‍ വരികയും ചെയ്തിരുന്നു.

ടൗണ്‍ മണ്ഡലം പ്രസിഡന്റ് ടി.വി.രവി മണ്ഡലം പ്രസിഡണ്ട് സ്ഥാനം രാജിവെച്ചതോടെയാണ് അഡ്വ. ടി. ആര്‍. മോഹന്‍ദാസിന് മണ്ഡലം പ്രസിഡന്റിന്റെ ചുമതല ലഭിച്ചത്.

തുടര്‍ന്ന് ഈസ്റ്റ് മണ്ഡലത്തെ അവഗണിക്കുന്ന സമീപനമുണ്ടായതോടെ പരാതി ഡി.സി.സിയിലെത്തിയെങ്കിലും നടപടികളുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ച് സക്കരിയ്യ കായക്കൂല്‍ താല്‍ക്കാലിക അവധിയെടുത്തെങ്കിലും പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റിന് നല്‍കാതെ ടൗണ്‍ മണ്ഡലം പ്രസിഡന്റിന് നല്‍കുകയായിരുന്നു.

ഇതിന് ശേഷം ഈസ്റ്റ് മണ്ഡലം കമ്മറ്റിയുടെ പ്രവര്‍ത്തനം മരവിക്കുകയായിരുന്നുവെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാതെ ഏകപക്ഷീയമായി ഈസ്റ്റ് മണ്ഡലം കമ്മറ്റി പിരിച്ചുവിട്ട് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി മാത്രമായി മാറ്റുകയും ചെയ്തു.

ഇതില്‍ പ്രതിഷേധിച്ചാണ് ഈസ്റ്റ് മണ്ഡലം പരിധിയിലെ ബ്ലോക്ക്-മണ്ഡലം-ബൂത്ത് കമ്മിറ്റികളിലെ 19 പേര്‍ പാര്‍ട്ടി ഭാരവാഹിത്വം രാജിവെച്ചത്.

മണ്ഡലം വൈസ് പ്രസിഡന്റ്ും നഗരസഭാ കൗണ്‍സിലറുമായ സി.പി.മനോജ്, ബ്ലോക്ക് സെക്രട്ടറി സി.വി.ഉണ്ണി, മുന്‍ പ്രസിഡന്റ് ടി.വി.രവി, മണ്ഡലം കമ്മറ്റി അംഗം കെ.മുഹമ്മദ് ഷാജി, മണ്ഡലം സെക്രട്ടറിമാരായ സി.ചിത്രനാഥന്‍, കെ.ഹരിദാസന്‍, മണ്ഡലം പ്രസിഡന്റ് അഡ്വ.സക്കരിയ്യ കായക്കൂല്‍,

ബൂത്ത് ജന.സെക്രട്ടറി വി.വി.രാമകൃഷ്ണന്‍, മണ്ഡലം സെക്രട്ടറി ടി.വിനോദ്, ബൂത്ത് പ്രസിഡന്റ് കെ.രവീന്ദ്രന്‍, മണ്ഡലം വൈസ് പ്രസിഡന്റ് എ.റഷീദാമ്മ, മണ്ഡലം ട്രഷറര്‍ നൗഷാദ് ഇല്യംസ്, വൈസ് പ്രസിഡന്റ് എസ്.ഇര്‍ഷാദ്, 80-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റ് അബ്ദുള്ള, 81-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റ് അബ്ദുള്‍ വാഹിദ്, മണ്ഡലം കമ്മറ്റി അംഗം അസീന്‍, ബൂത്ത് പ്രസിഡന്റുമാരായ കായക്കൂല്‍ ഹംസ, സി.പ്രസാദ് എന്നിവരാണ് രാജിവെച്ചത്.