ഒ.കെ.കുറ്റിക്കോലിന് സ്മാരകമായി സാംസ്‌ക്കാരികനിലയം സ്ഥാപിക്കും.

തളിപ്പറമ്പ്: പ്രമുഖ നാടകപ്രവര്‍ത്തകനും മുന്‍ സംഗീത നാടക അക്കാദമി സെക്രട്ടറിയുമായിരുന്ന ഒ.കെ.കുറ്റിക്കോലിന്റെ പേരില്‍ സാംസ്‌ക്കാരിക നിലയം സ്ഥാപിക്കും.

കുറ്റിക്കോല്‍ കോളനിയില്‍ ഒ.കെ.കുറ്റിക്കോലിന് സ്മാരകം നിര്‍മ്മിക്കണമെന്ന മുന്‍ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഇത് സംബന്ധിച്ച് സംസ്‌ക്കാരിക വകുപ്പിന്റെ കത്തും നഗരസഭക്ക് ലഭിച്ചിരുന്നു.

ഈ ആവശ്യത്തിന് പ്രദേശവാസികളായ ലക്ഷ്മി, ലീല എന്നിവര്‍ 3 സെന്റ് സ്ഥലം നഗരസഭക്ക് സൗജന്യമായി നല്‍കിയിരുന്നു.

2017 ആഗസ്തിലാണ് ഒ.കെ.കുറ്റിക്കോല്‍ നിര്യാതനായത്. ആറ് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തിനായി സ്മാരകം പണിയാന്‍ നഗരസഭ തീരുമാനിച്ചത്.

നഗരസഭയുടെ 2023-24 വര്‍ഷത്തെ അന്തിമ പദ്ധതി രേഖയും വികസന രേഖയും ഇന്ന് രാവിലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം അംഗീകരിച്ചു.

സ്മാരകത്തിനായി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഫണ്ടും അനുവദിച്ചിട്ടുണ്ട്. 

ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു.

വൈസ് ചെയര്‍മാന്‍ കല്ലീങ്കീല്‍ പത്മനാഭന്‍,
ഒ.സുഭാഗ്യം, പി.പി.മുഹമ്മദ് നിസാര്‍, വി.വിജയന്‍, പി.വി.സുരേഷ്, സി.വി.ഗിരീശന്‍, ഡി.വനജ, ഇ കുഞ്ഞിരാമന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.