പരാതി രജിസ്റ്റര്‍ ചെയ്യേണ്ട–പ്രതികളെ ഞങ്ങള്‍ പിടിച്ചോളാം-ക്ഷേത്രഭാരവാഹികള്‍ക്ക് പരിയാരം പോലീസ് വക ഉപദേശം
പരിയാരം: പരാതി രജിസ്റ്റര്‍ ചെയ്യേണ്ടെന്ന് ക്ഷേത്രകമ്മറ്റിക്കാര്‍ക്ക് പോലീസിന്റെവക ഉപദേശം.
ഇന്നലെ മോഷണം നടന്ന കടന്നപ്പള്ളി കിഴക്കേക്കര മംഗലശേരി ധര്‍മ്മശാസ്താക്ഷേത്രത്തിന്റെ ഭാരവാഹികളോടാണ് പരിയാരം പോലീസിന്റെ ഉപദേശം.
ശ്രീകോവിലിന്റെ പൂട്ടുതകര്‍ത്ത മോഷ്ടാക്കള്‍ ഭണ്ഡാരം തകര്‍ത്ത് പണം കവരുകയും ഓഫീസിന്റെ പൂട്ട് തകര്‍ത്ത് മേശവലിപ്പിലുണ്ടായിരുന്ന 1500 രൂപ എടുത്തുകൊണ്ടുപോകുകയും ചെയ്തിരുന്നു.
വിവരമറിഞ്ഞ് എത്തിയ പരിയാരം പോലീസ് പരാതി നല്‍കാനെത്തിയ ഭാരവാഹികളോട് ചെറിയ സംഭവമല്ലേ കേസൊന്നും രജിസ്റ്റര്‍ ചെയ്യേണ്ട എന്ന് ഉപദേശിച്ചതായാണ് ഭാരവാഹികള്‍ പറയുന്നത്.
ഇത് സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ കേസ് വേണ്ടെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞതായാണ് പോലീസ് ഭാഷ്യം.
പ്രതികളെ തങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിക്കാമെന്നും പോലീസ് പറഞ്ഞുവെന്നാണ് ഭാരവാഹികള്‍ പറയുന്നത്.
ഇന്നലെ രാവിലെ ആറരയോടെ കഴകക്കാരന് സുരേഷ് ക്ഷേത്രത്തിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന കാര്യം അറിഞ്ഞത്.
ശ്രീകോവിലിന് പുറത്തെ പ്രധാന ഭണ്ഡാരം പൊളിച്ച മേഷ്ടാക്കള്‍ വലിയ തുക കൊണ്ടുപോയതായിട്ടാണ് അനുമാനം.
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രത്തിലെ ഭണ്ഡാരം വര്‍ഷത്തില്‍ രണ്ട് തവണ മാത്രമേ തുറക്കാറുള്ളു എന്നതിനാല്‍ വലിയ തുക ഉണ്ടാകുമെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു.
കുറച്ച് പണം ഭണ്ഡാരത്തില് ബാക്കിയാക്കിയാണ് മോഷ്ടാവ് സ്ഥലംവിട്ടത്.
മോഷ്ടാക്കള്‍ പൂട്ട് തകര്‍ക്കാനായി കൊണ്ടുവന്ന പിക്കാക്സ് ശ്രീകോവിലിന് മുന്നില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പഴയങ്ങാടി സ്റ്റേഷന് പരിധിയില്‍ എസ്.ബി.ഐയിലും മാടായി സഹകരണ ബേങ്കിലും കവര്‍ച്ചാശ്രമം നടന്നിരുന്നു.
അതേ സംഘം തന്നെയാണ് ഇവിടെയും എത്തിയതെന്നാണ് പോലീസിന്റെ നിഗമനമെങ്കിലും തുടരന്വേഷണമൊന്നും നടത്താതെ പോലീസ് ഒഴിഞ്ഞുമാറുന്നത് ദുരൂഹമായിരിക്കയാണ്.
ക്ഷേത്രക്കവര്‍ച്ച വളരെ നിസാരമായി കാണുന്ന അധികൃതരുടെ സമീപനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്.