ഇന്നത്തെ അവസ്ഥയില്‍ മാണിസാര്‍ ഉണ്ടായിരുന്നെങ്കിലെന്ന് ചിന്തിച്ചു പോകുന്നു-ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം

കണ്ണൂര്‍: കര്‍ഷകരുടെയും പാവപ്പെട്ട സാധാരണക്കാരുടെയും ഇന്നത്തെ അവസ്ഥയില്‍ മാണിസാര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് കര്‍ഷക സമൂഹം ചിന്തിച്ചു ദുഃഖിക്കുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് എമിരിറ്റ്‌സ് മാര്‍ ജോര്‍ജ് വലിയമറ്റം.

അധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളാകെ ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ വിവരണാതീതമാണ്. അവരുടെ കഷ്ടപ്പാടുകള്‍ കണ്ടു മനം നൊന്താണ് ഞങ്ങള്‍ ബിഷപ്പുമാര്‍ അവരുടൊപ്പം ചേര്‍ന്നു ഭരണ കര്‍ത്താക്കളോട് സഹായം അഭ്യര്‍ത്ഥിക്കുന്നത്.

പാവപ്പെട്ടവന്റെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന ആവശ്യം തള്ളിക്കളയുന്ന ഏത് ഭരണകൂടവും തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.

കെ.എം മാണിയുടെ നാലാം ചരമ വാര്‍ഷികദിനേചാരണത്തിന്റെ ഭാഗമായി, കണ്ണൂര്‍ വലിയന്നുരിലുള്ള ഹോളിമൗണ്ട് റീഹാബിലിറ്റേഷന്‍ സെന്ററില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളന ഉദ്്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ് വലിയമറ്റം.

കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷത വഹിച്ചു.

അധ്വാനവര്‍ഗ സിദ്ധാന്ത പഠന വേദിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ ചൂരായി ചന്ദ്രന്‍ മാസ്റ്റര്‍, പ്രൊഫ. മുഹമ്മദ് അഹമ്മദ്, ഡോ.വിജയന്‍ ചാലോട്, പ്രസ്സ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍, കണ്ണൂര്‍ മഹാത്മാമന്ദിരം പ്രസിഡന്റ് ഇ.വി.ജി നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പഠനവേദി ചെയര്‍മാന്‍ പി.ടി.ജോസ് സ്വാഗതവും, ഹോളിമൗണ്ട് റീഹാബിലിറ്റേഷന്‍ ഡയറക്ടര്‍ ഫാ.ആല്‍വിന്‍ വിവേര നന്ദിയും പറഞ്ഞു. അന്തേവാസികള്‍ക്ക് പുതുവസ്ത്ര വിതരണവും അന്നദാനവും നടത്തി.