മൃഗശാല-സമരവുമായി സി.പി.ഐ യൂണിയന്‍.

തളിപ്പറമ്പ്: നാടുകാണിയിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എസ്റ്റേറ്റ് ഏറ്റെടുത്ത് മൃഗശാലയും മ്യൂസിയവും സ്ഥാപിക്കാനുള്ള എം.വി.ഗോവിന്ദന്‍ എം.എല്‍.എയുടെ നീക്കങ്ങള്‍ക്കെതിരെ സമരവുമായി സി.പി.ഐ യൂണിയന്‍.

കാസര്‍ഗോഡ് ജില്ലാ റബ്ബര്‍ ആന്റ് കാഷ്യുലേബര്‍ യൂണിയന്‍(എ.ഐ.ടി.യു.സി)യാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്.

യൂണിയന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് തീരുമാനം.

ജൂലൈ-3 ന് രാവിലെ 10 ന് കേരളാ പ്ലാന്റേഷന്‍ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടെറിയും പീരുമേട് എം.എല്‍.എയുമായ വാഴൂര്‍ സോമന്‍ ഉദ്ഘാടനം ചെയ്യും.

ജൂണ്‍-12 നാണ് എം.വി.ഗോവിന്ദന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മൃഗശാല-മ്യൂസിയം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പ്ലാന്റേഷന്‍ കോര്‍പറേഷന്‍ അധികൃതരും നാടുകാണിയിലെ എസ്റ്റേറ്റ് സന്ദര്‍ശിച്ചത്.

300 ഏക്കര്‍ വിസ്തൃതിയുള്ള എസ്റ്റേറ്റ് ഏറ്റെടുത്താണ് കേരളത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ മൃഗശാലയും മ്യൂസിയവും ബൊട്ടാണിക്കല്‍ ഗാര്‍ഡനും ഇവിടെ സ്ഥാപിക്കുന്നതെന്ന് എം.എല്‍.എ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ പ്ലാന്റേഷന്‍ കോര്‍പറേഷനും മൃഗസംരക്ഷണ വകുപ്പും റവന്യൂവകുപ്പും കൈകാര്യം ചെയ്യുന്ന സി.പി.ഐ മന്ത്രിമാരോട് ആലോചിക്കാതെ നടത്തിയ പ്രഖ്യാപനമാണ് സി.പി.ഐയെ ചൊടിപ്പിച്ചതെന്നാണ് വിവരം.

2500 ഇലവംഗ മരങ്ങളുള്ള ഔഷധതോട്ടമായ ഇവിടെ മൃഗശാല സ്ഥാപിക്കുന്നത് പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധവും നിരവധി തൊഴിലാളികളുടെ തൊഴിലും ഇല്ലാതാക്കുമെന്ന ആശങ്കയാണ് സി.പി.ഐ യൂണിയന്‍ പങ്കുവെക്കുന്നത്.

മലബാറിന്റെ ടൂറിസം മുഖച്ഛായ മാറ്റുന്ന പദ്ധതിക്കെതിരെയുള്ള സി.പി.ഐ നീക്കം ഗൗരവത്തോടെയ തന്നെയാണ് സി.പി.എമ്മും കാണുന്നത്.