കൂടുംതേടി–തുടങ്ങിയിട്ട് 38 വര്‍ഷം
ഭരതന്റെ സഹായിയായി സിനിമാരംഗത്ത് വന്ന പോള്‍ബാബു 1985 ലാണ് സ്വതന്ത്ര സംവിധായകനായത്.
എസ്.എന്‍.സ്വാമിയുടെ രചനയില്‍ പോള്‍ബാബു സംവിധാനം ചെയ്ത കൂടുംതേടി എന്ന സിനിമ പുതുമയുള്ള പ്രമേയമെന്ന നിലയില്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു.
പുതിയ സംവിധായകനെന്ന നിലയില്‍ പ്രേക്ഷകര്‍ പോള്‍ബാബുവില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുകയും ചെയ്തു.
പക്ഷെ, പിന്നീട് 1988 ലാണ് മൃത്യുഞ്ജയം എന്ന പേരില്‍ പോള്‍ബാബു മറ്റൊരു സിനിമ ചെയ്തത്.
1991 ല്‍ ആവണിക്കുന്നിലെ കിന്നരിപ്പൂക്കള്‍ എന്ന സിനിമയോടെ അദ്ദേഹം ചലച്ചിത്രരംഗത്തുനിന്ന് പിന്‍വാങ്ങുകയും ചെയ്തു.
കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് സിനിമ നിര്‍മ്മിച്ചത്.
മോഹന്‍ലാല്‍, എം.ജി.സോമന്‍, നാദിയാ മൊയ്തു, റഹ്‌മാന്‍, ജഗതി ശ്രീകുമാര്‍, തിലകന്‍, ബഹദൂര്‍, ശങ്കരാടി, മാള അരവിന്ദന്‍, രാധിക ശരത്കുമാര്‍, പ്രതാപചന്ദ്രന്‍, രൂപ, ശ്രീനാഥ്, മാസ്റ്റര്‍ സുരേഷ് തുടങ്ങി വലിയൊരു താരനിരതന്നെ സിനിമയിലുണ്ടായിരുന്നു.
വ്യത്യസ്തമായ ഒരു പ്രേമകഥ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചു എന്നതായിരുന്നു ഈ സിനിമ പ്രേക്ഷകരുടെ പ്രിയം നേടാന്‍ കാരണമായത്.
തമിഴിലെ പ്രശസ്ത ക്യാമറാമാന്‍ പി.സി.ശ്രീറാമാണ് കാമറ കൈകാര്യം ചെയ്തത്.
ടി.ആര്‍.ശേഖര്‍ ചിത്രസംയോജനവും റോയ് പി. തോമസ് കലാസംവിധാനവും നിര്‍വ്വഹിച്ചു.
കിത്തോയാണ് പോസ്റ്റര്‍ ഡിസൈനിംഗ് ചെയ്തത്.
1985 ജൂലായ് 19 ന് സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സാണ് സിനിമ പ്രദര്‍ശനത്തിനെത്തിച്ചത്.
ഗാനങ്ങള്‍(രചന-എം.ഡി.രാജേന്ദ്രന്‍, സംഗീതം-ജെറി അമല്‍ദേവ്).
1-സംഗമം ഈ പൂങ്കാവനം-കൃഷ്ണചന്ദ്രന്‍, വാണിജയറാം.
2-വാചാലം നിന്‍മൗനവും എന്‍ മൗനവും-യേശുദാസ്.
