വിരമിച്ച പ്രധാനാധ്യാപികയുടെ വക കടന്നപ്പള്ളി തെക്കേക്കര ഗവ.എല്‍.പി.സ്‌കൂളില്‍ ഓപ്പണ്‍ ഓഡിറ്റോറിയം-
കടന്നപ്പള്ളി: വിരമിക്കുന്ന പ്രധാനാധ്യാപിക സ്‌കൂളിന് ഒാപ്പണ്‍ ഓഡിറ്റോറിയം നിര്‍മ്മിച്ചു നല്‍കി.
ആറു വര്‍ഷത്തെ സേവനത്തിനു ശേഷം തെക്കേക്കര ഗവ.എല്‍.പി.സ്‌കൂളില്‍ നിന്നും വിരമിച്ച ഹെഡ്മിസ്ട്രസ് എം.സുല്‍ഫത്താണ് സ്‌കൂളിന് ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മ്മിച്ചു നല്‍കിയത്.
ഉദ്ഘാടനം കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ടി. സുലജയുടെ അധ്യക്ഷതയില്‍ കല്യാശ്ശേരി എം.എല്‍.എ എം.വിജിന്‍ നിര്‍വഹിച്ചു.
ഉദ്ഘാടന ചടങ്ങില്‍ ഗ്രാമ പഞ്ചായത്തംഗം പി വി. സുരേന്ദ്രന്‍, മാടായി ഉപജില്ലാ ഓഫീസര്‍ പ്രകാശ്ബാബു, ജില്ലാ പ്രൊജക്ട് ഓഫീസര്‍ രാജേഷ് കടന്നപ്പള്ളി, ഹെഡ്മിസ്ട്രസ് ടി.വി.സുനന്ദകുമാരി, പി.ടി.എ.വൈസ് പ്രസിഡന്റ് കെ.വി.മനോജ് എന്നിവര്‍ സംസാരിച്ചു.
എസ്.എം.സി ചെയര്‍മാന്‍ പി.കെ.സുരേഷ് സ്വാഗതവും എസ്.ആര്‍.ജി.കണ്‍വീനര്‍ കെ.കെ.നിത്യ നന്ദിയും പറഞ്ഞു.
കെ.എസ്.ടി.യു സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തില്‍ വിജയിച്ച മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ദേവനന്ദയ്ക്ക് എം എല്‍ എ ഉപഹാരം നല്‍കി.
കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്തിലെ തെക്കേക്കര ഗവ. എല്‍ പി സ്‌കൂള്‍ പരിമിതികളെ മറികടന്ന് മുന്നേറുകയാണ്.
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ അടച്ചു വെക്കാനുള്ള രേഖയല്ലെന്നും കൈവരിക്കാനുള്ള മികവിന്റെ ക്രമപ്പെടുത്തലാണെന്നും ഈ വിദ്യാലയം ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
അഞ്ചു വര്‍ഷത്തിനിടയില്‍ അതിശയിപ്പിക്കുന്ന മികവുകള്‍ ഈ വിദ്യാലയത്തിനുണ്ടായി. കുട്ടികള്‍ നൂറ് ശതമാനംകൂടി.
അഭിമാനിക്കാവുന്ന മികവുകള്‍അക്കാദമിക രംഗത്തുണ്ടായി. മികച്ച ശലഭ്യോദ്യാനം, ഹരിത വിദ്യാലയം, സര്‍ഗവിദ്യാലയം, ഒരു കുട്ടി ഒരു പരീക്ഷണം തുടങ്ങി എല്ലാ അര്‍ത്ഥത്തിലും പ്രകൃതി പാഠപുസ്തകം. ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍ പ്രധാനാധ്യാപിക എം സുള്‍ഫത്ത് ടീച്ചര്‍,
സഹ അധ്യാപികമാര്‍, സ്‌കൂള്‍ വികസന സമിതി എന്നിവയുടെ കഠിനപ്രയത്‌നമുണ്ട്. ഭൗതിക സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിദ്യാലയത്തില്‍ ഓപ്പണ്‍ ഓഡിറ്റേറിയം ഒരുങ്ങിയത്.
വെയിലും മഴയുമേല്‍ക്കാതെ അസംബ്ലി ചേരാനും സര്‍ഗ്ഗാത്മക ആവിഷ്‌കാരങ്ങള്‍ നടത്താനും ഒരു ഓപ്പണ്‍ ഓഡിറ്റോറിയം എന്നത് വിരമിച്ച ഹെഡ്മിസ്ട്രസ് സുല്‍ഫത്ത് ടീച്ചറുടെ ആഗ്രഹമായിരുന്നു. ആ കടമകൂടി നിറവേറ്റിയാണ് പൊതുപ്രവര്‍ത്തക കൂടിയായ ഇവര്‍ പടിയിറങ്ങിയത്.