ക്രെയിന്‍ തകര്‍ന്ന് മരിച്ച മുസ്തഫയുടെ കബറടക്കം ഇന്ന് ഉച്ചക്ക് ശേഷം.

തളിപ്പറമ്പ്: മണല്‍ കടത്ത് സംഘത്തിന്റെ മിനിലോറി മറിഞ്ഞു, ഉയര്‍ത്താനെത്തിയ ക്രെയില്‍ അപകടത്തില്‍പെട്ട് ഓപ്പറേറ്റര്‍ മരിച്ചു.

കണ്ണപുരം ചുണ്ടവയല്‍ ലക്ഷംവീട് കോളനിക്ക് സമീപത്തെ എം.ടി.ഹൗസില്‍ മാറ്റാങ്കീല്‍ താഴെപുരയില്‍ മുസ്തഫ(38) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് മണല്‍കടത്ത് സംഘത്തിന്റെ കെ.എല്‍-12 ഡി 9006 മിനിലോറി മാണുക്കര മുതുകുട എല്‍.പി.സ്‌ക്കൂളിന് സമീപം മറിഞ്ഞത്.

ഇരുചെവിയറിയാതെ വാഹനം പൊക്കിമാറ്റാനായി മണല്‍കടത്ത് സംഘം കുപ്പം, വളപട്ടണം എന്നിവിടങ്ങളിലെ ഖലാസിമാരെ വിളിച്ചുവെങ്കിലും പുലര്‍ന്നതിന് ശേഷം മാത്രമേ വരാനാവൂ എന്ന് ഇവര്‍ പറഞ്ഞതിനാല്‍ കണ്ണപുരത്തെ ക്രെയിന്‍ ഓപ്പറേറ്റര്‍ മുസ്തഫയെ വിളിച്ചുവരുത്തുകയായിരുന്നു.

വാഹനം ഉയര്‍ത്താനുള്ള ശ്രമത്തിനിടയില്‍ വൈദ്യുതി തൂണിലിടിച്ച് ക്രെയിന്‍ മറിഞ്ഞ് അകത്ത് കുടുങ്ങിയ മുസ്തഫ ഞെരിഞ്ഞ് മരണപ്പെടുകയായിരുന്നു.

തളിപ്പറമ്പില്‍ നിന്നും അഗ്നിശമനനിലയം സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് മുസ്തഫയെ ക്രെയിനിന്റെ കാബിനില്‍ നിന്ന് പുറത്തെടുത്തത്.

ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍മാരായ കെ.വി.സഹദേവന്‍, ടി.വി.പ്രകാശന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ടി.വി.രജീഷ്‌കുമാര്‍, കെ.വി.രാജീവന്‍, എ.എഫ്.ഷിജോ, വി.ആര്‍.നന്ദഗോപാല്‍, കെ.ബിജു, ടി.വി.നികേഷ്, വി.ജയന്‍, സി.വി.രവീന്ദ്രന്‍ എന്നിവരും അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

പരേതനായ അബ്ദുള്ള-ആസീമ ദമ്പതികളുടെ മകനാണ്.

ഭാര്യ: മാഫിദ.

മകള്‍: ഫാത്തിമ മെഹ്‌റ.

സഹോദരങ്ങള്‍: അഷറഫ്, സിദ്ദിക്ക്.

മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം കണ്ണപുരം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും.