കെ.കെ.കെ.നായര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് പെരുഞ്ചെല്ലൂരില്‍ സംഗീതാര്‍ച്ചന.

തളിപ്പറമ്പ്: നാടന്‍കലാ ഗവേഷകനും എഴുത്തുകാനരനുമായ കെ.കെ.കെ. നായരുടെ സ്മരണയില്‍ പെരുഞ്ചെല്ലൂരില്‍ സംഗീതാഞ്ജലി.
കളരിയും തെയ്യവും കഥകളിയും പൂരക്കളിയുമെല്ലാം കണ്ടും കേട്ടും തൊട്ടും അറിഞ്ഞ കെ.കുഞ്ഞിക്കണ്ണന് നായരുടെ മൂന്നാം ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ ടി.വി.വിമലയും കുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ ലോക പ്രശസ്ത യുവ സംഗീതജ്ഞന് ഹരീഷ് ശിവരാമകൃഷ്ണന്റെ കച്ചേരിയാണ് പെരുഞ്ചെലൂര് സംഗീത സഭയില്‍ അരങ്ങേറിയത്.
ഗുരു ടി. എന്‍. ശേഷഗോപാലന് പഠിപ്പിച്ച ഷഹാന രാഗത്തിലെ മുത്തയ്യ ഭാഗവതര്‍ ചിട്ടപ്പെടുത്തിയ മാനമു കാവലെനു തള്ളി മഹിഷാസുരമര്‍ദ്ധിനി എന്ന കൃതിയോടെ കച്ചേരി തുടങ്ങി.
പക്കമേളത്തില്‍ കേരളത്തിലെ മുതിര്‍ന്ന പ്രശസ്ത കലാകാരന്മാര് ഇടപ്പള്ളി അജിത് കുമാര്‍ (വയലിന്), രാജേഷ് നാഥ് (മൃദംഗം), ബെല്ലിക്കോത് പി രാജീവ് (മോര്‍സിങ്) എന്നിവര്‍ മികച്ച കഴിവുകള്‍ കാഴ്ച വെച്ച് സ്രോതാക്കളെ ആനന്ദത്തില്‍ ആറാടിച്ചു.
പ്രശസ്തമായ ഖമാസ് രാഗത്തില്‍ മൈസൂര്‍ വാസുദേവച്ചാര് ചിട്ടപ്പെടുത്തിയ ബ്രോച്ചേവാരേവരുര എന്ന തെലുഗ് കൃതി, ബാഗേശ്രീ രാഗത്തിലെ എം ഡി. രാമനാഥന്റെ സാഗര ശയന വിബോ, ത്യാഗരാജ സ്വാമിയുടെ ബലഹംസ രാഗത്തിലെ ദണ്ഡമു പെട്ടെനുരാ, ത്യാഗരാജ സ്വാമിയുടെ ഉദയരവിചന്ദ്രിക രാഗത്തിലെ എന്തനേര്ച്ചിന, മധ്യമാവതി രാഗത്തിലെ ശരവണ ഭവഗുഹനെ, രംഗപ്പുര വിഹാര വൃന്ദവണ സാരംഗ രാഗത്തില്‍, കാപ്പി രാഗത്തില്‍ ജഗദോദ്ധാരണ, സിന്ധുഭൈരവി രാഗത്തിലെ അപ്പനെ വാ, കാപ്പി രാഗത്തിലെ ചിന്നം ചെറുകിളിയെ രാഗമാലികയായി അവതരിച്ചപ്പോള്‍ മൂന്നരമണിക്കൂര്‍ നീണ്ട കച്ചേരി അക്ഷരാര്‍ത്ഥത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന ആസ്വാദകര്‍ക്ക് ഓണം സദ്യയായി മാറി.
കെ.കെ.കെ.നായരുടെ മക്കളായ ഡോ.മഞ്ജുള അശ്വിന്, ഡോ.നിരഞ്ജന് പ്രസാദ് എന്നിവര്‍ സംസാരിച്ചു.
നാടക-സിനിമ നടന് സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയായിരുന്നു.
കെ.വിനോദ്ചന്ദ്രന്‍, പി.സജിത്ത് കുമാര്‍, കെ.വി.പത്മനാഭന്, അഡ്വ.ടി.വി.ഹരീന്ദ്രന്‍ എന്നിവര്‍ കലാകാരന്മാരെ ആദരിച്ചു.
