പഴയ പുസ്തകങ്ങളുടെ എത്രയും പ്രിയപ്പെട്ട ബാലേട്ടന്-
തളിപ്പറമ്പ്: കണ്ണൂര്‍-കോഴിക്കോട്-കാസര്‍ഗോഡ് ജില്ലകളിലെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളിലും സുപരിചിതനാണ് അഴീക്കോട് കപ്പക്കടവിലെ പാട്ടത്തില്‍ വളപ്പില്‍ പി.വി.ബാലകൃഷ്ണന് എന്ന 71 കാരന്.
ഇവിടങ്ങളിലെ സര്‍വീസ് ബുക്കുകള്‍ ഉള്‍പ്പെടെ പഴയ റിക്കാര്‍ഡ് ബുക്കുകളെല്ലാം പുതുപുത്തനാക്കി സംരക്ഷിച്ചുനിര്‍ത്തുന്നത് ബാലകൃഷ്ണനാണ്.
ബുക്ക് ബൈന്റിംഗ് രംഗത്ത് നിരവധി അത്യാധുനിക സംവിധാനങ്ങള്‍ കടന്നുവന്നുവെങ്കിലും വെറും നൂലും പശയും ഒരു സൂചിയുമുണ്ടെങ്കില് സുഖമായി തൊഴിലെടുത്ത് ജീവിക്കാമെന്ന് തെളിയിക്കുകയാണ് ബാലകൃഷ്ണന്.
എട്ടാംക്ലാസില്‍ പഠിക്കുന്ന കാലത്ത് ബുക്ക്ബൈറ്റിംഗിനോട് തുടങ്ങിയ കൗതുകമാണ് ഈ തൊഴിലിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറയുന്നു.
വിദ്യാര്‍ത്ഥിയായിരിക്കെ അഴീക്കോട് മൂന്നുനിരത്തിലെ കാക്കേന്‍ ഗോവിന്ദന്റെ ബുക്ക് ബൈന്റിംഗ് ഷോപ്പില്‍ നിന്നായിരുന്നു തുടക്കം.
ശനി, ഞായര്‍ ദിവസങ്ങളില്‍ തുടങ്ങിയ പരിശീലനം പിന്നീട് പഠനം നിര്‍ത്തി ഒരു തൊഴിലായി സ്വീകരിച്ച ബാലകൃഷ്ണന് കുറച്ചുകാലം ഗോവിന്ദന്റെ ഷോപ്പില്‍ തുടര്‍ന്ന ശേഷം അഴീക്കോട് പൂതപ്പാറയിലെ വി.കെ.അബൂബക്കര്‍ സണ്‍സ് എന്ന സ്ഥാപനത്തിലേക്ക് മാറി.
പത്ത് വര്‍ഷം ഇവിടെ ജോലിനോക്കിയ ശേഷമാണ് സ്വന്തമായി ബൈന്റിംഗ് ആരംഭിച്ചത്.
മുറിച്ച് ക്രമീകരിച്ചാല്‍ ഉള്ളടക്കം ഇല്ലാതാവുന്നതിന്റെ പ്രശ്നങ്ങള്‍ കാരണമാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ബാലകൃഷ്ണന്റെ സേവനം തന്നെ ഉപയോഗിക്കുന്നത്.
എത്ര പഴക്കം ചെന്ന പുസ്തകങ്ങളും മെഷീന് ഉപയോഗിക്കാതെ കൈകൊണ്ട് മാത്രം ബൈന്റ് ചെയ്ത് പുതുപുത്തനാക്കി മാറ്റുന്ന ഇദ്ദേഹത്തിന്റെ കരവിരുത് അല്‍ഭുതകരമാണ്.
ഉള്ളടക്കത്തിന് ഒരു വിധത്തിലും കേടുപാട് വരുത്താത്ത വിധത്തിലാണ് ബാലകൃഷ്ണന് തന്റെ ജോലി നിര്‍വ്വഹിക്കുന്നത്.
ഒരു വലിയ ബുക്ക് ബൈന്റ് ചെയ്ത് പുതുക്കാന്‍ 150 രൂപയാണ് ചാര്‍ജ്.
24 മണിക്കൂര്‍ തുടര്‍ച്ചയായി ചെയ്താലും തീരാത്ത വിധം ജോലി ഈ രംഗത്തുണ്ടെന്ന് പറയുന്ന ബാലകൃഷ്ണന് ആരോഗ്യം അനുവദിക്കുന്ന കാലത്തോളം ഈ തൊഴിലെടുത്ത് ജീവിക്കണമെന്ന തീരുമാനത്തിലാണ്.