കള്ളവോട്ട്‌കേസ്-നിര്‍ണ്ണായക വഴിത്തിരിവില്‍-കൊട്ടുകാപ്പള്ളി തുങ്ങിയിട്ടേയുള്ളൂ.

തളിപ്പറമ്പ്: പ്രമാദമായ ഏരുവേശി കള്ളവോട്ട് കേസ് 10-ാം വര്‍ഷത്തിലേക്ക് കടക്കവെ കള്ളവോട്ട് ചെയ്ത 19 പേരെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം.

നവംബര്‍ 6 ന് കേസ് പരിഗണിച്ചപ്പോഴാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി ഈ ഉത്തരവിട്ടത്. കേസ് ഡിസംബര്‍ നാലിന് കോടതി വീണ്ടും പരിഗണിക്കും.

വീണ്ടുമൊരു ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തുവന്നുകൊണ്ടിരിക്കെ 67 കാരനായ കോണ്‍ഗ്രസ് ഏരുവേശി മണ്ഡലം മുന്‍ പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളി തുടങ്ങിവെച്ച കള്ളവോട്ടിനെതിരായ നിയമയുദ്ധം ഇന്ത്യയിലെ നിയമചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമായി മാറുകയാണ്.

കേസില്‍ അഞ്ച് ഉദ്യോഗസ്ഥരെ പോലീസ് കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍നടപടികളുടെ ഭാഗമായിട്ടാണ് വോട്ട് ചെയ്ത 19 പേരെ കോടതി മുമ്പാകെ ഹാജരാക്കാന്‍ കുടിയാന്‍മല പോലീസിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ കള്ളവോട്ടാണ് നിയമയുദ്ധത്തിന് വഴിതെളിച്ചത്. വളരെ സൂക്ഷ്മതയോടെ ഒരു തലത്തിലുള്ള പ്രലോഭനങ്ങള്‍ക്കും ഭീഷണിക്കും വഴങ്ങാതെ നിയമത്തില്‍ വിശ്വാസമര്‍പ്പിച്ചായിരുന്നു ജോസഫ് കൊട്ടുകാപ്പള്ളിയുടെ പോരാട്ടം.

വഴിമുടക്കാന്‍ പലതരത്തിലുള്ള തടസങ്ങളുണ്ടായെങ്കിലും അവയെല്ലാം സധൈര്യം അതിജീവിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു.

2014 ല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ.സുധാകരനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി.കെ.ശ്രീമതിയും ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പിലാണ് കള്ളവോട്ട് നടന്നത്.

അന്ന് മണ്ഡലം പ്രസിഡന്റായിരുന്ന ജോസഫ് കൊട്ടുകാപ്പള്ളിക്ക് കള്ളവോട്ടിനെ എതിര്‍ത്തതിന് മര്‍ദ്ദനമേല്‍ക്കേണ്ടി വരികയും ചെയ്തിരുന്നു.

2014 ഏപ്രില്‍ 13 നാണ് ഇദ്ദേഹം തളിപ്പറമ്പ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. 2024 ഏപ്രിലില്‍ കേസ് ആരംഭിച്ചിട്ട് 10 വര്‍ഷമാവാന്‍ പോകുകയാണ്.

തളിപ്പറമ്പിലെ അഭിഭാഷകന്‍ വി.എ.സതീഷാണ് ഇദ്ദേഹത്തിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്.

കേസിന് ഇതുവരെയായി രണ്ടേമുക്കാല്‍ ലക്ഷം രൂപയോളം ചെലവഴിച്ചിട്ടുണ്ട്.

പ്രതികള്‍ ശിക്ഷിക്കപ്പെടും വരെ നിയമയുദ്ധം തുടരുമെന്നും, ജനാധിപത്യപ്രക്രിയയിലെ പുഴുക്കുത്തായി മാറിയ കള്ളവോട്ടിനെതിരെ രാഷ്ട്രീയകക്ഷികള്‍ വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ ഉതകുന്നതരത്തിലുള്ള തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ സ്വയം അനുസരിക്കാന്‍ അവരെ ബാധ്യസ്ഥരാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ജോസഫ് കൊട്ടുകാപ്പള്ളി പറഞ്ഞു.