നവകേരള സദസ്: പയ്യന്നൂരില്‍ ഗാന്ധി സ്മൃതി മ്യൂസിയം ഫെസ്റ്റ് തുടങ്ങി
പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലംതല നവകേരള സദസ് നവംബര്‍ 20-ന് പയ്യന്നൂര്‍ പൊലീസ് മൈതാനിയില്‍ നടക്കും. പരിപാടിയുടെ ഭാഗമായി പയ്യന്നൂര്‍ ഗാന്ധിസ്മൃതി മ്യൂസിയത്തില്‍ 20 വരെ നീണ്ടു നില്‍ക്കുന്ന ഗാന്ധി സ്മൃതി മ്യൂസിയം ഫെസ്റ്റ് തുടങ്ങി.
കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ കെ.വി.ലളിത അധ്യക്ഷത വഹിച്ചു.
പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല, നഗരസഭാ സെക്രട്ടറി എം.കെ.ഗിരീഷ്, എ.വി.രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.
എല്ലാ ദിവസങ്ങളിലും വൈകിട്ട് വിവിധ കലാപരിപാടികള്‍ അരങ്ങേറും.
പയ്യന്നൂര്‍ സബ് ട്രഷറി ഓഫീസില്‍ ഇന്ന് വൈകിട്ട് 3.30ന് ട്രഷറി ജീവനക്കാരും പെന്‍ഷന്‍കാരും പങ്കെടുക്കുന്ന പെന്‍ഷനേഴ്സ് മീറ്റ് നടക്കും.
രാത്രി 10ന് മണ്ഡല പരിധിയിലെ പ്രവാസികളുടെ അഭിപ്രായങ്ങള്‍ എംഎല്‍എയുമായി പങ്കുവെക്കുന്നതിനായി പ്രവാസികളുടെ ഓണ്‍ലൈന്‍ സംഗമം സംഘടിപ്പിക്കും.
ഷേണായി സ്‌ക്വയറില്‍ 15 ന് വൈകിട്ട് 5 മണിക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍തല മത്സര വിജയികളായവരെ പങ്കെടുപ്പിച്ച് മെഗാ ക്വിസ് മത്സരം.
ഗാന്ധി പാര്‍ക്കില്‍ 17-ന് വൈകിട്ട് 4-ന് സൗഹൃദ കമ്പവലി മത്സരം, വൈകിട്ട് 6-ന് ഷേണായി സ്‌ക്വയറില്‍ 333 പേരുടെ യോഗപ്രദര്‍ശനം. ഗാന്ധിപാര്‍ക്കില്‍ 18ന് വൈകിട്ട് 6ന് തീമാറ്റിക് ഡാന്‍സ് മത്സരം.
പരിപാടിയുടെ പ്രചരണാര്‍ഥം 16-ന് വൈകിട്ട് 4-ന് പയ്യന്നൂര്‍ നഗരസഭാ ഓഫീസ് പരിസരം കേന്ദ്രീകരിച്ച് വിളംബര ഘോഷയാത്ര നടക്കും.
18 മുതല്‍ പൊലീസ് മൈതാനിക്ക് സമീപം കുടുംബശ്രീ സിഡിഎസിന്റെ ഫുഡ് കോര്‍ട്ടും വ്യവസായ വകുപ്പിന്റെ വ്യവസായ പ്രദര്‍ശന വില്‍പ്പനമേളയും ഒരുക്കും.