തേവിടിശ്ശി പ്രിയയായി-നടന്‍ മധുവിന്റെ ആദ്യത്തെ സംവിധാന സംരംഭം-പ്രിയ @53.

 

എഴുത്തുകാരനും നോവലിസ്റ്റുമായ സി.രാധാകൃഷ്ണന്റെ ചലച്ചിത്രമാക്കപ്പെട്ട ആദ്യത്തെ നോവലാണ് തേവിടിശ്ശി. നടന്‍ മധു ആദ്യമായി സംവിധാനം ഈ ചിത്രത്തില്‍ പ്രധാന വില്ലനായി അഭിനയിച്ചതും മധു തന്നെ. പ്രിയ എന്ന പേരില്‍ നിര്‍മ്മിക്കപ്പെട്ട ഈ സിനിമ 1970 നവംബര്‍-27 നാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സി.രാധാകൃഷ്ണന്റെത് തന്നെയായിരുന്നു. എന്‍.ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത തുലാവര്‍ഷം(1976), ടി.കെ.പ്രസാദ് സംവിധാനം ചെയ്ത പാല്‍ക്കടല്‍(1976), പി.ജി.വിശ്വംഭരന്‍ സംവിധാനം ചെയ്ത പിന്‍നിലാവ്(1983), കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത അവിടത്തെപോലെ ഇവിടെയും (1985), സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത ഭാഗ്യവാന്‍(1994) എന്നീ സിനിമകളുടെ കഥകളും സി.രാധാകൃഷ്ണന്റേതാണ്. സ്വന്തം നോവലായ അഗ്നി 1978 ലും ഒറ്റയടിപ്പാതകള്‍ 1993 ലും അദ്ദേഹം സംവിധാനം ചെയ്തു. 1979 ല്‍ ജയന്‍ നായകനായി അഭിനയിച്ച പുഷ്യരാഗം എന്ന ആക്ഷന്‍ സിനിമയും സംവിധാനം ചെയ്തു.
ജമ്മു ഫിലിംസിന്റെ ബാനറില്‍ എന്‍.പി.അബു നിര്‍മ്മിച്ച സിനിമയില്‍ മധുവിനെ കൂടാതെ അടൂര്‍ഭാസി. ജയഭാരതി, ബഹദൂര്‍, ശങ്കരാടി, ടി.കെ.ബാലചന്ദ്രന്‍, പറവൂര്‍ ഭരതന്‍, വീരന്‍, രാമു കാര്യാട്ട്, ചന്ദ്രാജി, കെ.പി.അബ്ബാസ്, ലില്ലി ചക്രവര്‍ത്തി, പ്രേമ റാവു, ഫിലോമിന, കോട്ടയം ശാനന്ത, സുകുമാരി. മീന, ലത രാജു എന്നിവരാണ് മുഖ്യവേഷത്തില്‍ അഭിനയിച്ചത്.
യു.രാജഗോപാല്‍ ക്യാമറയും ഋഷികേഷ് മുഖര്‍ജി എഡിറ്റിംഗും നിര്‍വ്വഹിച്ചു. രാജശ്രീ പിക്‌ച്ചേഴ്‌സാണ് വിതരണക്കാര്‍. കലാ സംവിധാനം-എസ്.കൊന്നനാട്ട് എസ്.എ.നായര്‍ പരസ്യം. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് എം.എസ്.ബാബുരാജ്.

ഗാനങ്ങള്‍-
1-ആടാനുമറിയാം-എസ്.ജാനകി.
2-കണ്ണീരാലൊരു-എസ്.ജാനകി.
3-കണ്ണിനു കണ്ണായ-ലത രാജു.
4-കണ്ണൊന്നു തുറക്കൂ-പി.ലീല, എസ്.ജാനകി.
5-സാഗര ദേവത-മഹേന്ദ്ര കപൂര്‍.
6-വിണ്ണിലെ കാവില്‍-എസ്.ജാനകി.

പ്രിയ-കഥാസംഗ്രഹം-

ബോംബെയിലെ എക്‌സലന്റ് അഡ്വര്‍ടൈസേഴ്‌സ് എന്ന സ്ഥാപനത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഗോപന്‍ പെട്ടെന്ന് അപ്രത്യക്ഷനായി. ഗോപന്റെ ഭാര്യ ദേവി നാട്ടിലായിരുന്നു. ഭര്‍ത്താവിന്റെ വിവരങ്ങള്‍ ഒന്നും അറിയാന്‍ കഴിയാത്തതില്‍ വിഷമിച്ച ദേവിയുടെ സഹോദരന്‍ ബാബു തന്റെ കൂട്ടുകാരനായ ഭാസിയെ ഗോപന്റെ വിവരങ്ങള്‍ തിരക്കുവാന്‍ ബോംബെയ്ക്ക് അയച്ചു. ഗോപന്‍ ഭാസിയുടെയും സുഹൃത്തായിരുന്നു. ദേവിയുടെ അച്ഛന്റെ എതിര്‍പ്പിനു അയവു വരുത്തി പ്രേമബദ്ധരായിരുന്ന ഗോപനെയും ദേവിയെയും ഭാര്യാഭര്‍ത്താക്കന്മാരാക്കുവാന്‍ പ്രധാന കാരണക്കാരന്‍ ഭാസിയായിരുന്നു. തന്റെ സുഹൃത്തിനെ കണ്ടു പിടിച്ചേ അടങ്ങൂ എന്ന തീരുമാനത്തില്‍ ഭാസി പടിപടിയായി അന്വേഷണം ആരംഭിച്ചു. ഗോപന്റെ ടൈപ്പിസ്റ്റായിരുന്ന തുളസി എന്ന പെണ്‍കുട്ടിയുമായി അയാള്‍ക്ക് അടുപ്പമായിരുന്നു എന്നും ആ ബന്ധത്തില്‍ കലാകാരനായ മുക്കര്‍ജി എന്നൊരാള്‍ക്ക് ഗോപനോട് വിരോധമുള്ളതായും അറിഞ്ഞ് ഭാസി മുക്കര്‍ജിയെ തേടിപ്പിടിച്ചു. പക്ഷേ അയാള്‍ ഭാസിയെ അപഹസിച്ച് ആട്ടിയോടിച്ചു. അന്വേഷിച്ചതില്‍ ഒക്ടോബര്‍ 28 നു കറുത്തു മെലിഞ്ഞ് പൊക്കം കുറഞ്ഞ ഒരാളുമായി ഗോപന്‍ പുറത്തു പോയതായി അറിഞ്ഞു. ദേവിയില്‍ നിന്നും അതു ജയശങ്കര്‍ ആണെന്ന് മനസ്സിലാക്കി ഭാസി അയാളെ തേടിപ്പിടിച്ചു. ജയശങ്കറും ഗോപനും കൂടി അമിതമായി മദ്യപിച്ചു വേശ്യത്തെരുവില്‍ പോയതായും ഒരു മലയാളിപ്പെണ്ണിനെത്തേടി ഗോപന്‍ അവിടെ ഒരു വീട്ടില്‍ കടന്നുവെന്നും അയാള്‍ പറഞ്ഞു. ഭാസി ആ വേശ്യാലയത്തില്‍ പോയി. അവിടെ പ്രിയ എന്നൊരുവളെ കണ്ടു മുട്ടി. സംശയം തോന്നി അവളെ താന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് ക്ഷണിച്ചു. ഇതിനിടയില്‍ മുക്കര്‍ജിയുടേ സഹായത്താല്‍ പ്രിയ പഴയ തുളസി ആണെന്നും ഭാസിക്കു മനസ്സിലായി. ഹോട്ടലിലെത്തിയ പ്രിയ പ്രതീക്ഷിച്ചതു പോലെ ഒരു കാമുകനെയല്ല അവിടെ കണ്ടത്. ഗോപന്റെ ചിത്രം അവിടെ കണ്ട് അമ്പരന്ന പ്രിയയില്‍ നിന്നും അവളുടെ കഥ ഭാസി ചോര്‍ത്തിയെടുത്തു. കണ്ണീരോടെ പ്രിയ ആ കഥ പറഞ്ഞു. ശാന്തസുന്ദരമായ ഒരു കേരളഗ്രാമത്തില്‍ നിന്നും വീടു പുലര്‍ത്തുവാന്‍ ബോംബെയിലെത്തിയ തുളസി ഗോപന്റെ ആഫീസിലെ ടൈപ്പിസ്റ്റായി ജോലി ചെയ്തു വന്നു. ഗോപന്റെ മോഹവലയില്‍ കുടുങ്ങിയ തുളസി ഗര്‍ഭിണിയായി. പ്രസവം കഴിയുന്നതു വരെ സംരക്ഷിക്കുവാനെന്ന വ്യാജേന തുളസിയെ ഗോപന്‍ ഒരു വീട്ടില്‍ കൊണ്ടാക്കി കടന്നു കളഞ്ഞു. പണക്കാരുടെ വിഹാരരംഗമായ ഒരു രഹസ്യസങ്കേതമായിരുന്നു തുളസി ചെന്നു പെട്ട സ്ഥലം. അവളുടെ സംരക്ഷണത്തിനു ചെലവായ ഒരു വലിയ തുകക്ക് കടക്കാരിയായ തുളസി അവര്‍ നിര്‍ദ്ദേശിച്ച മാര്‍ഗ്ഗം സ്വീകരിക്കുവാന്‍ നിര്‍ബന്ധിതയായി. കാലം അവളെ വേശ്യത്തെരുവിലെത്തിച്ചു. പേര് പ്രിയയെന്നും മാറ്റി. ഒരു ദിവസം ഒക്ടോബര്‍ 28 നു മദ്യപിച്ച് തികച്ചും അബോധാവസ്ഥയില്‍ ഗോപന്‍ അവളെ വീണ്ടും സമീപിച്ചു. പ്രതികാരദുര്‍ഗ്ഗയായി മാറിയ പ്രിയ പല്ലും നഖവും കൊണ്ട് ഗോപനെ എതിര്‍ത്തു. പ്രിയയുടെ അടിയേറ്റ് ഗോപന്‍ മരണമടഞ്ഞു. വേശ്യാലയ ഭാരവാഹികള്‍ ജഡം സംശയരഹിതമായ രീതിയില്‍ മറവു ചെയ്തു.അങ്ങനെ ഗോപന്‍ അപ്രത്യക്ഷനായി. പ്രിയയുടെ കഥ ഭാസിയുടെ മനസ്സിനെ നൊമ്പരപ്പെടുത്തി. അവളുടെ ഭാവി അയാളുടെ സഹകരണത്താല്‍ ഭദ്രമാക്കാമെന്നും അയാള്‍ വാഗ്ദാനം ചെയ്തു. പക്ഷേ പ്രിയ ജയിലഴികള്‍ ആണ് ഇഷ്ടപ്പെട്ടത്. നാട്ടില്‍ നിന്നും ദേവി തുളസിയെ വന്നു കണ്ട് അവളുടെ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നതോടു കൂടി സിനിമ അവസാനിച്ചു.