വി.ആര്‍.പട്ടുവത്തിന്റെ സൂര്യന്‍ എന്റെ നക്ഷത്രം ഇന്ന് പ്രകാശനം ചെയ്യും-

തളിപ്പറമ്പ്: നാടക രചയിതാവും, ബാലസാഹിത്യകാരനുമായ വി.ആര്‍.പട്ടുവം(വി.രാഘവന്‍) രചിച്ച സൂര്യന്‍ എന്റെ നക്ഷത്രം എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് (നവംമ്പര്‍ 14 ന്) വൈകുന്നേരം 3.30 ന് നടക്കും.

പട്ടുവം മംഗലശേരി നവോദയ ക്ലബ്ബിന് സമീപം നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പുസ്തക പ്രകാശനം നിര്‍വ്വഹിക്കും.

പുരോഗമന കലാസാഹിത്യ സംഘം കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ടി.പി .വേണുഗോപാലന്‍ പുസ്തകം ഏറ്റുവാങ്ങും.

എം.വിജിന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. പു.ക.സ തളിപ്പറമ്പ് മേഖല കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കേരള സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റിയുട്ടാണ് പുസ്തകം പ്രസിദ്ധികരിച്ചത്.

സൂര്യന്‍ എന്റെ നക്ഷത്രം ( ബാലസാഹിത്യം ) ഉള്‍പ്പെടെ ഒമ്പത് പുസ്തകങ്ങള്‍ വി.ആര്‍.പട്ടുവം രചിച്ചിട്ടുണ്ട്. പക്ഷെ വൈകി പോയി (ലഘുനാടകം), ബലിമൃഗം (നാടകം), ഗുരുദക്ഷിണ(നാടകം), അവള്‍ അടിമയല്ല (നാടകം), കനകസിംഹാസനം ( നടക സമാഹാരം), പാമ്പും മനുഷ്യനും (ബാലസാഹിത്യം), ഉണ്ണിക്കുട്ടനും പഞ്ചായത്ത് പ്രസിഡണ്ടും (ബാലസാഹിത്യ ), ഉണ്ണിക്കുട്ടനോട് ആന പറഞ്ഞത് അഥവാ ഒരാനയുടെ കഥ (ബാലസാഹിത്യം) എന്നീ പുസ്തകങ്ങളാണ് വി.ആര്‍.പട്ടുവത്തിന്റയായി പ്രസിദ്ധീകരിക്കപ്പെട്ടത്.

നവസാക്ഷരര്‍ക്കു വേണ്ടി എഴുതിയ പക്ഷെ വൈകി പോയി, ബലിമൃഗം എന്നി കൃതികള്‍ക്ക് കേന്ദ്ര സാംസ്‌ക്കാരിക വകുപ്പിന്റെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

പട്ടുവം ഗവ: ഹരിജന്‍ വെല്‍ഫെയര്‍ എല്‍ .പി .സ്‌കുളില്‍ നിന്നും വിരമിച്ച പ്രഥമ അദ്ധ്യാപകനാണ്.

പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, പുരോഗമന കലാസാഹിത്യ സംഘം തളിപ്പറമ്പ് മേഖല സെക്രട്ടരി, പ്രസിഡണ്ട്, കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നനിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

എം.പി.ശ്രീദേവിയാണ് ഭാര്യ. ഐ.ടി.അറ്റ് സ്‌കുള്‍ കാസര്‍ക്കോട് ജില്ലാ കോഓര്‍ഡിനേറ്റര്‍ എം.പി.രാജേഷ്, പെരിങ്ങോം ചൂരല്‍ ഗവ: എല്‍.പി.സ്‌കുള്‍ അദ്ധ്യാപിക ഗ്രീഷ്മ, പരേതനായ ഗിരീഷ് എന്നിവര്‍ മക്കളാണ്.