ശമ്പളമില്ല, പിച്ചതെണ്ടല്‍ സമരവുമായി എന്‍.ജി.ഒ അസോസിയേഷന്‍-

പരിയാരം: ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ പിച്ചതെണ്ടല്‍സമരം നടത്തി.

എന്‍.ജി.ഒ അസോസിയേഷന്‍ മെഡിക്കല്‍ കോളേജ് ബ്രാഞ്ചിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനവും സമരവും നടത്തിയത്.

കോവിഡ് മഹാമാരിയും അതോടനുബന്ധിച്ചുണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ പ്രയാസങ്ങളും പ്രതിസന്ധിയും തരണംചെയ്ത് ജോലിയിലേര്‍പ്പെട്ട് വരുന്ന പരിയാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് മാസവേതനം

പോലും നല്‍കാതെ പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചതെന്ന് എന്‍ ജി ഒ അസോസിയേഷന്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ബ്രാഞ്ച് പ്രസിഡന്റ് പി.ഐ.ശ്രീധരനും സെക്രട്ടറി യു.കെ.മനോഹരനും പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസംഗത അവസാനിപ്പിക്കണമെന്നും, സര്‍ക്കാറിന്റെ നിഴലായിപ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധയോഗത്തില്‍ ബ്രാഞ്ച് സെക്രട്ടറി യു.കെ. മനോഹരന്‍ അധ്യക്ഷതവഹിച്ചു.

പ്രസിഡന്റ് പി.ഐ.ശ്രീധരന്‍, എം.കെ.സജിത് കുമാര്‍ , ടി.വി ഷാജി, കെ.വി.ദിലീപ് കുമാര്‍, ഉഷാ ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

റോബിന്‍, സുരേഷ് ബാബു, കെ.ശാലിനി, വിജയമ്മ, പ്രേമാനന്ദന്‍ ,രംഗനാഥന്‍, പി.വി.ടി.പ്രദീപന്‍, ടി.പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.