ചെങ്കല്ല് ഖനനത്തിന് ഫുള്‍സ്റ്റോപ്പ്– ഇനി നാടിന്റെ അടിത്തറയിളക്കണ്ട–അടിയന്തിരയോഗത്തില്‍ തീരുമാനം-
തളിപ്പറമ്പ്: ഇന്ന്മുതല്‍ കൊളത്തൂര്‍, മാവിലംപാറ പ്രദേശത്തെ അനധികൃത ചെങ്കല്‍ഖനനം നിരോധിക്കാന്‍ തീരുമാനം.
തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി വിളിച്ചുചേര്‍ത്ത അടിയന്തിര യോഗത്തിലാണ് തീരുമാനം.
ഇവിടെയുള്ള യന്ത്രസാമഗ്രികള്‍ ഇന്ന് തന്നെ നീക്കം ചെയ്യാന്‍ ചെങ്കല്‍ പണ ഉടമകളോട് യോഗം ആവശ്യപ്പെട്ടു.
ഈ ഭാഗത്ത് ജോലിയിലേര്‍പ്പെട്ടിരിക്കുന്ന അതിഥിതൊഴിലാളികളെ ഉടന്‍ തിരിച്ചയക്കണമെന്നും പണ ഉടമകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി നാട്ടുകാരുടെ തീരാശാപമായി മാറിയ മാവിലംപാറ പ്രദേശത്തെ ഖനനം നിരോധിക്കാനെടുത്ത തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്.
ടി.ടി.കെ.ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആയിരക്കണത്തിന് ഏക്കര്‍ഭൂമിയിലാണ് അനധികൃതമായി നൂറുകണക്കിനാളുകള്‍ കയ്യേറി ചെങ്കല്‍ വെട്ടിയെടുത്തിരുന്നത്.
ഇതിനെതിരെ ബാലേശുഗരി ആക്ഷന്‍ കമ്മറ്റിയും നിരവധി പരിസ്ഥിതി സംഘടനകളും നാട്ടുകാരും വര്‍ഷങ്ങളായി സമരരംഗത്താണ്.
ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജാ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതരും ജനങ്ങള്‍ക്കൊപ്പം ചെങ്കല്‍ഖനനത്തിനെതിരെ ശക്തമായ നിലപാടെടുത്തിരുന്നു.
പ്രദേശത്തിന്റെ പരിസ്ഥിതിയെ രക്ഷമായി ബാധിച്ച ഈ പ്രശ്‌നത്തില്‍ കര്‍ശനമായ നിലപാടെടുക്കാന്‍ തന്നെയായിരുന്നു റവന്യൂ അധികൃതരുടെ തീരുമാനം.
ഇന്ന് രാവിലെ തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലാണ് ആര്‍.ഡി.ഒ.ഇ.പി.മേഴ്‌സിയുടെ അധ്യക്ഷതയില്‍ യോഗം ആരംഭിച്ചത്.
തളിപ്പറമ്പ് താലൂക്കില്‍ പെടുന്ന ചുഴലി വില്ലേജിലെ 30, 38 സര്‍വേ നമ്പറുകളിലെ ഭൂമികളിലാണ് അനധികൃത ചെങ്കല്‍പണകള്‍ പ്രവര്‍ത്തിക്കുന്നത്.
ആക്ഷന്‍ കമ്മറ്റി നിവേദനം നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ പരിശോധനക്ക് എത്തിയിരുന്നു.
കഴിഞ്ഞ ദിവസം ആര്‍.ഡി.ഒ നടപടികള്‍ ശക്തിപ്പെടുത്തിക്കൊണ്ട് 10 ചെങ്കല്‍ലോറികളും രണ്ട് ജെ.സി.ബികളും പിടിച്ചെടുത്തിരുന്നു.
ജിയോളജിസ്റ്റ് കെ.ആര്‍.ജഗജീശന്‍, തളിപ്പറമ്പ് ഭുരേഖാ തഹസില്‍ദാര്‍ ഇ.എം.റെജി, ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍,
ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനന്‍, ഇരിക്കൂര്‍ എസ്.ഐ.എം.കെ.കൃഷ്ണന്‍, തളിപ്പറമ്പ് എസ്.ഐ.കെ.കെ.ഗംഗാധരന്‍,
ചപ്പാരപ്പടവ് പഞ്ചായത്ത് സെക്രട്ടറി എ.വി.പ്രകാശന്‍, ചെങ്ങളായി പഞ്ചായത്ത് സെക്രട്ടറി കെ.രാജേഷ്,
ചുഴലി വില്ലേജ് ഓഫീസര്‍ കെ.അബ്ദുള്‍റഷീദ്, ചെങ്കല്‍ ഒാണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.മണികണ്ഠന്‍, കെ.പി.അബ്ദുള്‍അസീസ്, പി.വി.കുഞ്ഞിരാമന്‍,
ആക്ഷന്‍ കമ്മറ്റി ഭാരവാഹികളായ പി.രവീന്ദ്രന്‍, പി.മോഹനന്‍, എ.എന്‍.വിനോദ്, മനോജ് ഫ്രാന്‍സീസ്, മാത്യുമലയില്‍, വി.മുകുന്ദന്‍, ജോസ് മുടവനാട്ട് എന്നിവരുള്‍പ്പെടെ 30 പേര്‍ യോഗത്തില്‍ പങ്കെടുത്തു.
മഴ തീര്‍ന്നതിന് ശേഷം വിപുലമായ മറ്റൊരു യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതി അവലോകനം ചെയ്യുമെന്നും ആര്‍.ഡി.ഒ ഇ.പി. മേഴ്‌സി അറിയിച്ചു.
കൊളത്തൂര്‍, മാവിലംപാറ പ്രദേശങ്ങളുടെ പൂര്‍ണതോതിലുള്ള സര്‍വേ ജോലികള്‍ പൂര്‍ത്തീകരിച്ചുതരണമെന്ന് ചെങ്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
യോഗത്തിന്റെ തീരുമാനങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.