പരാതി നല്‍കിയിട്ടും നിയര്‍ബിയുടെ നിയമവിരുദ്ധ കച്ചവടം തടയാതെ നഗരസഭ.
തളിപ്പറമ്പ്: ഫുഡ്സേഫ്റ്റി നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന നിയര്‍ബി സ്ട്രീറ്റ് ഫുഡ് നൈറ്റും തളിപ്പറമ്പ് നഗരസഭയും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടെന്ന് വ്യക്തമാകുന്നു.
ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകനും എന്‍.സി.പി ജില്ലാ ജന.സെക്രട്ടെറിയുമായ അനില്‍ പുതിയ വീട്ടില്‍ രേഖാമൂലം പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ നഗരസഭ തയ്യാറായിട്ടില്ല.
കഴിഞ്ഞ ഏപ്രില്‍ 3 നാണ് അനില്‍ പരാതി നല്‍കിയതെങ്കിലും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ട്രീറ്റ് ഫുഡ് നൈറ്റിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഇത് സംബന്ധിച്ച് നഗരസഭാ സെക്രട്ടെറിയോടും ആരോഗ്യവിഭാഗത്തോടും അന്വേഷിച്ചുവെങ്കിലും വ്യക്തമായ മറുപടി പറയാതെ ഇവര്‍ ഉരുണ്ടുകളിക്കുകയാണ്.
പെട്ടിക്കടക്കാരെപോലും നിയമംപറഞ്ഞ് ഭയപ്പെടുത്തുന്ന തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ നിയര്‍ബി സ്ട്രീറ്റ് ഫുഡിന് മുന്നില്‍ മുട്ടുമടക്കുന്നത് വിവാദമായിട്ടുണ്ട്.
കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി ദേശീയപാതയോരത്ത് പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനത്തിന് നിയമപരമായ യാതൊരു അംഗീകാരവും ലഭിച്ചിട്ടില്ല.
പൊടി പാറുന്ന തുറന്ന സ്ഥലത്ത് ഭക്ഷ്യവസ്തുക്കളുണ്ടാക്കി വില്‍പ്പന നടത്തുന്നത് കൂടാതെ ശുചിമുറി സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല.
സാധാരണയില്‍ കവിഞ്ഞ വിലയാണ് ഇവിടെ ഈടാക്കുന്നത്. ഉദ്യോഗസ്ഥരെയും ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരേയും വിവിധ തുറകളിലുള്ള ഉന്നതരേയും ക്ഷണിച്ച് ഇഫ്താര്‍സംഗമം നടത്തിയ ഇവര്‍ക്ക് നഗരസഭാ അധികൃതരുടെ ഒത്താശയും ഈ നിയമലംഘനത്തിന് ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
പെട്ടിക്കടകളില്‍ പോലും കയറിയിറങ്ങുന്ന ക്ലീന്‍സിറ്റി മാനേജര്‍മാരാരും ഈ നഗ്‌നമായ നിയമലംഘനം കണ്ടിട്ടും നടപടികള്‍ സ്വീകരിക്കുന്നില്ല.