പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍- ഉദ്ഘാടനം ഡിസംബര്‍ മധ്യത്തോടെ-

പരിയാരം: പരിയാരം പോലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു.

ഡിസംബര്‍ മധ്യത്തോടെ ഉദ്ഘാടനം നടത്തണമെന്ന നിര്‍ദ്ദേശം ഉന്നതങ്ങളില്‍ ലഭിച്ചതിനാല്‍ തകൃതിയായ പണികളാണ് നടന്നുവരുന്നത്.

നിലവില്‍ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചുവരുന്ന കെട്ടിടത്തിന്റെപിറകിലായി ദേശീയപാതക്ക് അഭിമുഖമായിട്ടാണ് പുതിയ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്.

2009 ല്‍ ആരംഭിച്ച പരിയാരം പോലീസ് സ്‌റ്റേഷന്റെ നിലവിലുള്ള കെട്ടിടം ചോര്‍ന്നൊലിക്കുന്നതായതിനാലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.

കേരളത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളോടുകൂടിയ പോലീസ് സ്‌റ്റേഷനാണ് പരിയാരത്ത് നിര്‍മ്മിച്ചിരിക്കുന്നത്.

രണ്ട് നിലകളിലായി 8500 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ച ഈ കെട്ടിടത്തില്‍ രണ്ട് ആധുനിക സുരക്ഷയുള്ള ലോക്കപ്പ്മുറികളാണുള്ളത്.

ഒരു കോടി എണ്‍പത്തിയൊന്‍പത് ലക്ഷം രൂപയാണ് നിര്‍മ്മാണച്ചെലവ്.

നേരത്തെ നിര്‍ദ്ദേശിക്കപ്പെട്ട പ്ലാന്‍ ഒഴിവാക്കി പുതിയ പ്ലാന്‍ രൂപപ്പെടുത്തേണ്ടി വന്നതിനാലാണ് നിര്‍മ്മാണം വൈകിയത്.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ലോക്കപ്പുകളാണ് ഇവിടെയുള്ളത്.

പോലീസുകാര്‍ക്കുള്ള റസ്റ്റ് റൂമുകളും ചോദ്യംചെയ്യലിനായി പ്രത്യേക മുറികളും ഒരുക്കിയിട്ടുണ്ട്.

എടക്കാടിനും നീലേശ്വരത്തിനുമിടയില്‍ ദേശീയപാതയിലുള്ള ഏക പോലീസ് സ്‌റ്റേഷനെന്ന നിലയില്‍ പരിയാരം പോലീസ് സ്‌റ്റേഷന് ഉയര്‍ന്ന പരിഗണനയാണ് ആഭ്യന്തരവകുപ്പ് നല്‍കിയിട്ടുള്ളത്.

അതുകൊണ്ടുതന്നെയാണ് സംസ്ഥാനത്തെ ഏറ്റവും ആധുനിക സൗകര്യമുള്ള പോലീസ് സ്‌റ്റേഷന്‍ തന്നെ ഇവിടെ അനുവദിച്ചത്.

ദേശീയപാതയുടെ ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ അതിന് ശേഷം മാത്രമേ പുതിയ പോലീസ് സ്‌റ്റേഷന് ചുറ്റുമതില്‍ നിര്‍മ്മിക്കുകയുള്ളൂവെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.