ബി.ഡി.എസ് വിദ്യാര്‍ത്ഥിയുടെ ബൈക്ക് മോഷ്ടിച്ചു-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ മോഷണം പെരുകുന്നു.

പരിയാരം: ബി.ഡി.എസ് വിദ്യാര്‍ത്ഥിയുടെ മോട്ടോര്‍ബൈക്ക് മോഷ്ടിച്ചതായി പരാതി.

പരിയാരത്തെ കണ്ണൂര്‍ ഗവ.ദന്തല്‍ കോളേജിലെ അവസാനവര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിയായ തൃശൂര്‍ കോടന്നൂര്‍ അയ്യപ്പത്തില്‍ വീട്ടില്‍ അഭിനവ് സുനില്‍കുമാറിന്റെ കെ.എല്‍. 08 എ.ആര്‍-7637 പള്‍സര്‍ 220 മോട്ടോര്‍ ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്.

18 ന് വൈകുന്നേരം 3 നും നാലരക്കും ഇടയിലാണ് മോഷണം നടന്നത്. ദന്തല്‍ കോളേജിന്റെ പിറകില്‍ പാര്‍ക്ക് ചെയ്ത ബൈക്ക് ഒരാള്‍ ഓടിച്ചുപോകുന്നതിന്റെ സി.സി ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്.

പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

മെഡിക്കല്‍ കോളേജ് കാമ്പസില്‍ ചെറുതും വലുതുമായ നിരവധി മോഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്തുന്നില്ലെന്ന് പരാതിയുണ്ട്.

കാമ്പസിനകത്ത് സി.സി.ടി.വി കവറേജ് ഇല്ലാത്തത് മോഷ്ടാക്കള്‍ക്ക് ഗുണകരമായിരിക്കയാണ്.