തളിപ്പറമ്പ് ചെറുകുന്ന് റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക്-യാത്രക്കാര്‍ വലഞ്ഞു.

തളിപ്പറമ്പ്: ഗതാഗതത്തിന് ധര്‍മ്മശാലയില്‍ അടിപ്പാത സൗകര്യം ഇല്ലാത്തതിനാല്‍ പ്രതിഷേധിച്ച് തളിപ്പറമ്പ്-  ചെറുകുന്ന് തറ റൂട്ടില്‍ സ്വകാര്യബസ് ജീവനക്കാര്‍ പണിമുടക്കി.

ചുറ്റി വളഞ്ഞ് സര്‍വീസ് നടത്തുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ആരോപിച്ചാണ് തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടില്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തി വച്ച് ബസ് ജീവനക്കാര്‍ പണിമുടക്കുന്നത്.

പണിമുടക്കിനെ തുടര്‍ന്ന് യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലായി .പണിമുടക്കിയ ബസ് ജീവനക്കാര്‍ ധര്‍മ്മശാലയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി.

ധര്‍മ്മശാലയില്‍ അടിപ്പാത അനുവദിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനാണ് സമരക്കാരുടെ തീരുമാനം.

തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടിലോടുന്ന 25 ബസുകള്‍ക്ക് ധര്‍മ്മശാലയില്‍ നിന്നും ചെറുകുന്ന് തറ വരെ പോകാന്‍ നിലവില്‍ അഞ്ച് കിലോമീറ്ററോളം കൂടുതല്‍ ഓടേണ്ട സാഹചര്യമാണ്.

അതിനാല്‍ ബസ് നിശ്ചയിച്ച സമയത്തിനുള്ളില്‍ ഓടിയെത്തുവാന്‍ പറ്റാത്തതും ഡീസല്‍ ചെലവ് തന്നെ ഏതാണ്ട് പത്ത് ലിറ്ററോളം കൂടിയതും ബസ് സര്‍വീസിനെ ബാധിച്ചിരിക്കയാണ്.

ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സൗകര്യം മാനിച്ച് ധര്‍മ്മശാലയില്‍ അടിപ്പാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് സ്വകാര്യ ബസ് ജീവനക്കാര്‍ ഇന്ന് ബസ് സര്‍വീസ് നിര്‍ത്തിവെച്ചുകൊണ്ട് പ്രതിഷേധിക്കുന്നതെന്ന് സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അറിയിച്ചു.

അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം സംഘടിപ്പിക്കുമെന്നും ബസ് ജീവനക്കാര്‍ അറിയിച്ചു.