മയിലാടുംകുന്നിലെ ഓമനയായ രണ്ടുപെണ്‍കുട്ടികള്‍

ഏപ്രില്‍-28 പ്രധാനപ്പെട്ട ചില സിനിമകള്‍ റിലീസ് ചെയ്ത വര്‍ഷമാണ്. 1972 ല്‍ റിലീസായ മയിലാടുംകുന്ന്, ഓമന, 1978 ല്‍ റിലീസ് ചെയ്ത രണ്ടു പെണ്‍കുട്ടികള്‍ എന്നീ സിനിമകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

മയിലാടുംകുന്ന്(സംവിധാനം-എസ്.ബാബു) 1972 ഏപ്രില്‍-28.(52 വര്‍ഷം).

കെ.എസ്.സേതുമാധവന്റെ സഹോദരന്‍ കെ.എസ്.ആര്‍.മൂര്‍ത്തി ചിത്രകലാകേന്ദ്രത്തിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമ. മുട്ടത്തുവര്‍ക്കിയുടെ പ്രശസ്തമായ നോവലാണ് മയിലാടുംകുന്ന്. തിരക്കഥയും സംഭാണവും എഴുതിയത് കെ.ടി.മുഹമ്മദ്. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സാണ് വിതരണക്കാര്‍. ക്യാമറ-മസ്താന്‍,
എഡിറ്റര്‍-ടി.ആര്‍.ശ്രീനിവാസലു. കല-അഴകപ്പന്‍, പരസ്യം-എസ്.എ.നായര്‍. പ്രേംനസീര്‍, അടൂര്‍ഭാസി, ജയഭാരതി, കെ.പി.ഉമ്മര്‍,ശങ്കരാടി, മുതുകുളം, പറവൂര്‍ ഭരതന്‍, ശ്രീലത, സുജാത, അടൂര്‍ ഭവാനി, ടി.ആര്‍.ഓമന, ഖദീജ എന്നിവരാണ് മുഖ്യവേഷത്തില്‍.

വയലാര്‍ രാമവര്‍മ്മ എഴുതിയ ഗാനങ്ങള്‍ക്ക് കാലാതിവര്‍ത്തിയായ സംഗീതം പകര്‍ന്നത് ദേവരാജന്‍.
പാട്ടുകള്‍-മണിച്ചിക്കാറ്റേ(പി.സുശീല, മാധുരി), ഈശോ മറിയം ഔസേപ്പേ(പി.സുശീല), പാപ്പി അപ്പച്ചാ(സി.ഒ.ആന്റോ, ലത രാജു), സന്ധ്യമയങ്ങും നേരം(യേശുദാസ്), താലിക്കുരുത്തോല(പി.ലീല). ഹൃദയസ്പര്‍ശിയായ ഒരു പ്രണയകഥയെന്ന നിലയില്‍ ഈ സിനിമ വലിയ സാമ്പത്തിക വിജയം നേടിയിരുന്നു.

ഓമന(സംവിധാനം-ജെ.ഡി.തോട്ടാന്‍)1972 ഏപ്രില്‍-28(52 വര്‍ഷം).

പാറപ്പുറത്തിന്റെ പ്രശസ്തമായ നോലവാണ് ഓമന. പട്ടാള പശ്ചാത്തലത്തിലുള്ള നോവലിന് തിരക്കഥയും സംഭാഷണവും എഴുതിയത് പാറപ്പുറത്ത് തന്നെയാണ്. തോട്ടാന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ജെ.ഡി.തോട്ടാന്‍ തന്നെയാണ് നിര്‍മ്മിച്ചത്. ജോളി ഫിലിംസായിരുന്നു വിതരണക്കാര്‍. ക്യാമറ-പി.ദത്ത്, എഡിറ്റര്‍-വി.പി.കൃഷ്ണന്‍. പരസ്യം-എസ്.എ.നായര്‍. പ്രേംനസീര്‍, അടൂര്‍ഭാസി, ഷീല, രവിചന്ദ്രന്‍, റാണിചന്ദ്ര, ബഹദൂര്‍, ശങ്കരാടി, ആലുംമൂടന്‍, കൗസല്യ, അമ്പലപ്പുഴ രാജമ്മ എന്നിവരാണ് താരങ്ങള്‍.
വയലാറും ദേവരാജനും തന്നെയാണ് ഗാനശില്‍പ്പികള്‍. പാട്ടുകള്‍-ജമന്തിപ്പൂക്കള്‍(യേശുദാസ്), മാലാഖേ മാലാഖേ(യേശുദാസ്), പള്ളിമണികളും(മാധുരി), ശിലായുഗത്തില്‍(യേശുദാസ്), സ്വര്‍ഗ്ഗം സ്വര്‍ഗ്ഗം(മാധുരി).

രണ്ടു പെണ്‍കുട്ടികള്‍(സംവിധാനം-മോഹന്‍)1978 ഏപ്രില്‍-28(46 വര്‍ഷം).

സ്വവര്‍ഗാനുരാഗികളുടെ ജീവിതം വിഷയമാക്കി ഭാരതീയഭാഷകളില്‍ രചിക്കപ്പെട്ട ആദ്യത്തെ നോവലായ രണ്ടു പെണ്‍കുട്ടികള്‍ ചലച്ചിത്രമാക്കിക്കൊണ്ടാണ് 1978 ല്‍ മോഹന്‍ എന്ന സംവിധായകന്റെ തുടക്കം. രണ്ടുപെണ്‍കുട്ടികള്‍ തമ്മിലുള്ള ഊഷ്മള സ്‌നേഹത്തിന്റെ വികാരവിക്ഷുബ്ധത ആവാഹിച്ച രചന. ഇഴപിരിയാനാഗ്രഹിക്കാത്ത മട്ടില്‍ പരസ്പരം പ്രണയിച്ച സതീര്‍ത്ഥ്യരുടെ ഹൃദയവികാരങ്ങള്‍ തരളിത ഭാഷയില്‍ കയ്യൊതുക്കത്തോടെയാണ് വി.ടി.നന്ദകുമാര്‍ പകര്‍ത്തിവെച്ചിരുന്നത്. മലയാളത്തിലെ ആദ്യത്തെ ലസ്ബിയന്‍ നോവലെന്ന് വിശേഷിപ്പിക്കാവുന്ന ഇത് ചലച്ചിത്രമാക്കുമ്പോള്‍ സെക്‌സിന് ഇഷ്ടം പോലെ അവസരമുണ്ടെങ്കിലും ഈ സിനിമ അത്തരത്തിലൊരു അവസരം സൃഷ്ടിക്കാതെ അതിമനോഹരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ വിജയം. നാടകകൃത്ത് സുരാസുവിനെക്കൊണ്ടാണ് മോഹന്‍ രണ്ടുപെണ്‍കുട്ടികള്‍ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. നോവലിന്റെ ആത്മാവ് ചോരാതെ ക്ലീന്‍ സിനിമയാക്കി മാറ്റുന്ന വിധത്തിലുള്ള തിരക്കഥ വേണമെന്നാണ് അന്ന്്് മോഹന്‍ ആവശ്യപ്പെട്ടിരുന്നതെന്ന് സുരാസു ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. അത് നൂറുശതമാനവും വിജയം നേടി. സിനിമയില്‍ അഭിനയിച്ച രണ്ടുപെണ്‍കുട്ടികളില്‍ ഒരാളായ അനുപമയെ മോഹന്‍ ജീവിതസഖിയാക്കുകയും ചെയ്തു.
ശ്രീ ഗണേഷ് കലാമന്ദിറിന്റെ ബാനറില്‍ എന്‍.സി.മേനോനും ഗോപികൃഷ്ണനും ചേര്‍ന്ന് നിര്‍മ്മിച്ച രണ്ടു പെണ്‍കുട്ടികള്‍ വിതരണം ചെയ്തത് എയ്ഞ്ചല്‍ ഫിലിംസ്. യു.രാജഗോപാല്‍ ക്യാമറയും ജി.വെങ്കിട്ടരാമന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു. സിേേലാണ്‍ നാരായണന്‍ കലയും എസ്.എ.നായര്‍ പരസ്യവും ഒരുക്കി. മധു, ജയന്‍, വിധുബാല, ജലജ, സുകുമാരന്‍, ഇന്നസെന്റ്, ശോഭ, ജനാര്‍ദ്ദനന്‍, സുരാസു, അനുപമ, പി.കെ.ഏബ്രഹാം, ശാന്താദേവി, സുകുമാരി,നലമ്പൂര്‍ ബാലന്‍, പാലാ തങ്കം, നിസാം എന്നിവരാണ് നടീനടന്‍മാര്‍. ബിച്ചുതിരുമല, റാന്‍ഡാര്‍ഗൈ എന്നിവര്‍ എഴുതിയ ഗാനങ്ങള്‍ക്ക് എം.എസ്.വിശ്വനാഥന്റെ സംഗീതം. പാട്ടുകള്‍-എന്തറിവൂ നീ-(ജയചന്ദ്രന്‍), ഞായറും തിങ്കളും(ജയചന്ദ്രന്‍), ശ്രുതിമണ്ഡലം(ജയചന്ദ്രന്‍) വെയര്‍ ദയര്‍ ഈസ്(ഉഷാ ഉതുപ്പ്).

ഈ മൂന്ന് സിനിമകളുടെയും പ്രത്യേകത മലയാളത്തിലെ പ്രമുഖമായ നോവലുകളാണ് ഈ സിനിമകള്‍ക്ക് ആധാരം എന്നതാണ്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം 2024 ല്‍ ഒരു നോവല്‍(ആടുജീവിതം) വീണ്ടും സിനിമയാക്കിയതും അത് വലിയ വിജയം നേടുന്നതും ശ്രദ്ധിക്കേണ്ടതാണ്.