തട്ടുകടയില്‍ പാചകവാതകംചോര്‍ന്ന് തീപിടിച്ചു-

തളിപ്പറമ്പ്: തട്ടുകടയില്‍ പാചകവാതകം ചോര്‍ന്നു, അഗ്നിശമനസേനയുടെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി.

ടൂറിസ്റ്റ്‌കേന്ദ്രമായ വെള്ളിക്കീലില്‍ ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.

വെള്ളിക്കീലിലെ കണ്ണങ്കീല്‍ ഹൗസില്‍ മുഹമ്മദ്‌റാഫിയുടെ ഹോട്ട് ആന്റ് കൂള്‍ എന്ന തട്ടുകടയിലാണ് സംഭവം.

പാചകം ചെയ്തുകൊണ്ടിരിക്കെ തീ ആളിപ്പടര്‍ന്ന് സിലിണ്ടറിന്റെ പൈപ്പ് ഉരുകിയതോടെയാണ് പാചകവാതകം ചോര്‍ന്ന് തുടങ്ങിയത്.

ഇവിടെ മൂന്ന് സിലിണ്ടറുകള്‍ കൂടി ഉണ്ടായിരുന്നതിനാല്‍ അപകടസാധ്യതകൂടിയതിനാല്‍ തട്ടുകടയില്‍ ഉണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

തീ ആളിപ്പടര്‍ന്നതോടെ സ്ഥലത്തെത്തിയ തളിപ്പറമ്പ് അഗ്നിരക്ഷാസേനയിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ച് അപകടം ഒഴിവാക്കിയത്.

ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ മനോജ്, രഞ്ജിത്ത്, മഹേഷ്, കിരണ്‍, ഡ്രൈവര്‍ രജീഷ് എന്നിവരും രക്ഷാദൗത്യത്തില്‍ പങ്കാളികളായി.