ഗുഗ്ഗുലുനാട്ടിലെ അധോലോകപയ്യന്‍–അധ്യായം-രണ്ട്.
മുനീം കപ്പോത്ത്.
നികൃഷ്ട ജന്മമെന്ന് പേറെടുത്ത നാണിത്തള്ള തന്നെ വിധിയെഴുതിയ അധോലോകപയ്യന്‍ ജനിച്ച ആ രാത്രിക്ക് സാധാരണയില്‍ കവിഞ്ഞ നീളമുണ്ടായിരുന്നു. കനത്ത ഇരുട്ടില്‍ വീശിയടിച്ച ശീതക്കാറ്റില്‍ രാമനാശാന്റെ കുടില്‍ പലവട്ടം ഞെരിഞ്ഞമര്‍ന്നു. കുറുനരികളുടെ ഓരിയിടലിന് ഒരു നിമിഷം പോലും ഇടവേളയുണ്ടായിരുന്നില്ല. തള്ളയെ കൊന്ന് പുറത്തുവന്ന പയ്യന് മറ്റ് കുഞ്ഞുങ്ങളേക്കാള്‍ തൂക്കം കുറവായിരുന്നു. ഈ കുഞ്ഞ് ജീവിക്കുമോ എന്നുപോലും നാണിത്തള്ള സംശയിച്ചു.
അക്കമ്മയുടെ ശവദാഹം നടത്താന്‍ പോലും സാധിക്കാത്ത വിധത്തില്‍ മഴ പെയ്തുകൊണ്ടേയിരുന്നു. മഴയോടൊപ്പം കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചിലും ചേര്‍ന്നപ്പോള്‍ വലുതെന്തോ വീണ്ടും സംംഭവിക്കാനുണ്ടോ എന്ന് രാമനാശാന് സംശയിച്ചു. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ അല്‍പ്പനേരം മഴ മാറിനിന്നപ്പോഴാണ് അക്കമ്മയുടെ മൃതദേഹം കുഴിച്ചിടാന്‍ കഴിഞ്ഞത്.
അക്കമ്മയുടെ സഹോദരി മുത്തമ്മ അധികം വൈകാതെ രാമനാശാന്റെ രണ്ടാംഭാര്യയായി. ആ ബന്ധത്തിലും മുന്നു കുട്ടികള്‍ പിറന്നു. മുന്ന എന്നാണ് ഞാഞ്ഞൂല് പയ്യനെന്ന് നാട്ടുകാര്‍ വിളിച്ച കുട്ടിക്ക് രാമനാശാന് പേര് വിളിച്ചത്.
കൂടല്‍മണ്ണ മന വകയുള്ള കൂടല്‍മണ്ണ ഹൈസ്ക്കൂള് മാത്രമേ അന്ന് ഗുഗ്ഗുലുനാട്ടില് ഉണ്ടായിരുന്നുള്ളൂ. എല്ലാവരേയും പോലെ ആശാനും മുന്നയെ ആ സ്ക്കൂളിലാണ് ചേര്‍ത്തത്. മറ്റ് കുട്ടികളുടെ അത്ര ശാരീരിക വളര്‍ച്ച ഉണ്ടായിരുന്നില്ലെങ്കിലും ഒന്നാംക്ലാസ് മുതല്‍ തന്നെ ഞാഞ്ഞൂല് സ്ക്കൂളിലെ ശല്യക്കാരനായി മാറി.
അനുസരണശീലം തീരെയില്ലാതെ തലതെറിച്ച പയ്യനായി തന്നെയാണ് സ്ക്കൂള് കാലത്ത് മുന്നയുടെ പോക്ക്. രാമനാശാന് പലതവണ മകന്റെ താന്തോന്നിത്തരങ്ങളുടെ പേരില്‍ സ്ക്കൂളില്‍ കയറിയിറങ്ങേണ്ടി വന്നു. ഒരു ഘട്ടത്തില്‍ മുന്നയുടെ പഠനം തന്നെ നിര്‍ത്തിയാലോ എന്ന അവസ്ഥയിലെത്തിയെങ്കിലും കുഞ്ഞമ്പുമാഷിന്റെ ഇടപെടല്‍ കാരണം പഠനം തുടര്‍ന്നു.
പഠനകാലത്ത് തന്നെ കൂടെ പഠിച്ചിരുന്ന പെണ്‍കുട്ടികളോടായിരുന്നു മുന്നക്ക് കൂടുതല്‍ അടുപ്പം. അടുപ്പമെന്ന് പറഞ്ഞാല്‍ ഏത് സമയത്തും പെണ്‍കുട്ടികളെ ചുറ്റിപ്പറ്റിയായിരുന്നു അവന്റെ എന്ത് പ്രവര്‍ത്തികളും. ക്ലാസിലെ ഞാഞ്ഞൂല് പയ്യനായതിനാല്‍ അധികമാരും വലിയ പരിഗണന കൊടുക്കാത്തതിനാല്‍ തികഞ്ഞ അപകര്ഷതാബോധത്തിലാണ് മുന്നയുടെ സ്ക്കൂള്‍കാലം മുന്നോട്ടുപോയത്.
സ്ക്കൂളിന്റെ ചുമരുകളില്‍ കമ്യൂണിസ്റ്റ് പച്ച ഉപയോഗിച്ച് തനിക്ക് വിരോധമുള്ള അധ്യാപികമാരെക്കുറിച്ചും വിദ്യാര്‍ത്ഥിനികളെക്കുറിച്ചും രാത്രികളിലെത്തി അഭാസവാക്കുകള് എഴുതിയിടുക എന്നത് മുന്നയുടെ ഒരു ശീലമായിരുന്നു.
ഇതിനുപിന്നില്‍ തനിക്ക് വിരോധമുള്ള മറ്റേതെങ്കിലും വിദ്യാര്‍ത്ഥിയാണെന്ന് പ്രചാരണം അഴിച്ചുവിടുകയും ചെയ്യും.
പഠനത്തില്‍ ഏറെ പിറകിലായിരുന്നുവെങ്കിലും ചാക്കീരിപ്പാസിന്റെ ബലത്തില്‍ എട്ടാം ക്ലാസിലെത്തിയപ്പോഴാണ് മുന്ന തന്റെ ലൈനൊന്ന് മാറ്റിയത്.
പെണ്‍കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റാനും അവരോട് പ്രേമാഭ്യര്‍ത്ഥന നടത്തലുമായിരുന്നു എട്ടാംക്ലാസിലെ മുഖ്യ വിനോദം. ശരീരപ്രകൃതം കാരണം ഇതിനകം മുന്നയുടെ പേര് സ്ക്കൂളില്‍ വെറും ഞാഞ്ഞൂല് എന്നായി മാറിയിരുന്നു.
പഠനത്തിലും പഠനേതരമായ വിഷയങ്ങളിലും ഒരു കാര്യത്തിലും മികവ് കാണിക്കാനാവാത്ത മുന്നയെ മറ്റുള്ളവരുടെ അവഗണന മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.
പി.എസ്.എഫ് എന്ന വിദ്യാര്‍ത്ഥി സംഘടനയില്‍ ചേരാന്‍ മുന്ന തീരുമാനമെടുത്തത് ഈ ഘട്ടത്തിലാണ്. സ്ക്കൂളിലേക്ക് പോകുന്നവഴിയില്‍ കണ്ണേട്ടന്റെ ചായക്കടക്ക് മുകളിലെ ചുവന്ന പെയിന്റെടിച്ച പാര്‍ട്ടി ഓഫീസിലേക്ക് ഒരു ദിവസം രാവിലെ അവന് കയറിച്ചെന്നു.
എനിക്ക് പാര്‍ട്ടിയില്‍ ചേരണമെന്ന് മുഖവുരയൊന്നും കൂടാതെ അവിടെ ആദ്യം കണ്ടയാളോട് അവന് പറഞ്ഞു. ശരീരപ്രകൃതം കൊണ്ട് ഞാഞ്ഞൂലായിരുന്ന പയ്യന്റെ ആവേശം കണ്ട് നേതാവ് ചാത്തുക്കുട്ടിക്ക് ഇഷ്ടം തോന്നി.
പ്രോഗ്രസീവ് സ്റ്റുഡന്റ് ഫെഡറേഷന് എന്ന വിദ്യാര്‍ത്ഥി സംഘടനയിലേക്ക് പയ്യന് എത്തിപ്പെട്ടത് അങ്ങിനെയാണ്.
പി.എസ്.എഫിന്റെ സെക്രട്ടെറിയായ പ്രസന്നകുമാറിനോട് പയ്യന് പറഞ്ഞത് എനിക്ക് സ്ക്കൂളിലെ മോണിറ്ററാവണം
അതിനുവേണ്ടി എന്തും ചെയ്യാം എന്നായിരുന്നു.
ഞാഞ്ഞൂല് പയ്യന്റെ അധോലോക പയ്യനിലേക്കുള്ള കൂടുമാറ്റത്തിന്റെ തുടക്കമായിരുന്നു അത്.