ശുനകപ്രണയത്തിന്റെ 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കൃഷ്ണപൊതുവാള്‍

കരിമ്പം.കെ.പി.രാജീവന്‍.

തളിപ്പറമ്പ്: ശുനകപ്രണയത്തിന്റെ 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കൃഷ്ണപൊതുവാള്‍.

തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്തെ തെരുവ്നായകളുടെ അന്നദാതാവാണ് ഈ 70 കാരന്‍.

ശാരീരിക അവശതകള്‍ ഏറെയുണ്ടെങ്കിലും എട്ട് തെരുവ്നായകള്‍ക്കും അവരുടെ രണ്ട് കുഞ്ഞുനായകള്‍ക്കും കൂട്ടായി 24 മണിക്കൂറും ഇദ്ദേഹം തളിപ്പറമ്പ് ബസ്റ്റാന്റ് പരിസരത്തുണ്ട്.

മൃഗക്ഷേമപ്രവര്‍ത്തകനും പ്രമുഖ സി.പി.ഐ നേതാവുമായ വേലിക്കാത്ത് രാഘവന്റെ പ്രവര്‍ത്തനങ്ങളാണ് തന്നെ തെരുവ് നായ്ക്കളുമായി അടുപ്പിച്ചതെന്ന് ഇദ്ദേഹം പറയുന്നു.

തെരുവ്പട്ടികള്‍ക്കും പൂച്ചകള്‍ക്കും ഭക്ഷണം നല്‍കുന്ന വേലിക്കാത്ത് രാഘവനോട് അവ തിരിച്ചുകാണിക്കുന്ന അതിരില്ലാത്ത സ്നേഹമാണ് തന്നെ ആകര്‍ഷിച്ചതെന്നും മുന്‍ ഹോട്ടല്‍ തൊഴിലാളി കൂടിയായ പൊതുവാള്‍ പറയുന്നു.

2004 ല്‍ രാഘവന്റെ സഹായിയായി കൂടെക്കൂടിയ പൊതുവാള്‍ക്ക് പിന്നീട് ഇവയുടെ സ്നേഹച്ചരട് പൊട്ടിച്ച് പുറത്തുകടക്കാനായിട്ടില്ല.

കോവിഡ് ബാധിച്ച് അവശനിലയില്‍ മരണത്തോട് മല്ലടിച്ച ശേഷമാണ് തനിക്ക് നിരവധി ശാരീരികപ്രശ്നങ്ങളുണ്ടായതെന്ന് ഇദ്ദേഹം പറഞ്ഞു.

എങ്കിലും തന്റെ അരുമകള്‍ക്ക് ഭക്ഷണം നല്‍കാനും സംരക്ഷണമൊരുക്കാനും വേനലെന്നോ മഴയെന്നോ നോക്കാതെ പൊതുവാള്‍ ഇവിടെയുണ്ട്.

കുടുംബവുമായി ബന്ധമൊന്നുമില്ലാത്ത പയ്യന്നൂര്‍ സ്വദേശിയായ പൊതുവാല്‍ന്റ രാത്രി ഉറക്കവും തെരുവ്നായ്ക്കള്‍ക്കൊപ്പം തന്നെയാണ്.

നഗരത്തിലെ കടകളില്‍ നിന്ന് ശേഖരിക്കുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ വില്‍പ്പന നടത്തി ഉപജീവനം തേടുന്ന പൊതുവാള്‍ തന്റെ ഭക്ഷണത്തിനുള്ള ചെലവ് കഴിച്ചുള്ള പണം ചെലവഴിക്കുന്നതും തെരുവ്നായ്ക്കള്‍ക്ക് വേണ്ടിയാണ്.