ശ്രുതി മധുരം ഈ നേട്ടം; കഠിനപ്രയത്‌നത്തിന്റെ പ്രതീകമായി കെ.വി.ശ്രുതി ഇനി ഡെപ്യൂട്ടി കളക്ടര്‍

കണ്ണൂര്‍: മലയോര മനസ്സില്‍ നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിന പ്രയത്‌നത്തിന്റെയും പ്രതീകമാണ് കെ വി ശ്രുതി എന്ന പുതിയ ഡെപ്യൂട്ടി കലക്ടര്‍.

ഉലയിലെന്നപോലെ ആഗ്രഹങ്ങളെ മനസ്സിലിട്ട് ഊതിക്കാച്ചി കഠിനപ്രയത്‌നം ചെയ്താല്‍ ഉറപ്പായും വിജയം നേടുമെന്ന് അവര്‍ കാണിച്ചു തരുന്നു.

ജില്ലാ ലാന്റ് റവന്യൂ വിഭാഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ആയി ചുമതലയേറ്റ കെ വി ശ്രുതിയുടെ വിജയം മധുരതരമാകുന്നതും അതുകൊണ്ട് തന്നെയാണ്.

ചെറുപുഴയിലെ പ്രാപ്പൊയില്‍ എന്ന മലയോര ഗ്രാമത്തില്‍ നിന്നുമാണ് ശ്രുതി ജില്ലാ ഭരണ സംവിധാനത്തിലെ സുപ്രധാന സ്ഥാനത്തേക്ക് നടന്നു കയറിയത്.

ഡെപ്യൂട്ടി കലക്ടറായി വ്യാഴാഴ്ചയാണ് ചുമതലയേറ്റത്.
പ്രാപ്പൊയില്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു വരെ പഠനം പൂര്‍ത്തിയാക്കിയ ശ്രുതി സ്വയം പരിശീലനത്തിലൂടെയാണ് ഡെപ്യൂട്ടി കലക്ടര്‍ കസേരയിലെത്തുന്നത്.

പ്രത്യേക പരിശീലനങ്ങള്‍ ഒന്നുമില്ലായിരുന്നു. പ്ലസ്ടുവിന് ശേഷം ചെന്നൈ ഐഐടിയില്‍ ഇന്റഗ്രേറ്റഡ് എംഎ പൂര്‍ത്തിയാക്കി. നെറ്റും ജെ ആര്‍ എഫും ലഭിച്ച്, ലിംഗ്വിസ്റ്റിക്‌സില്‍ പിഎച്ച്ഡി ചെയ്യാനിരിക്കെയാണ് ഡെപ്യൂട്ടി കലക്ടര്‍ പരീക്ഷയിലേക്ക് തിരിയുന്നത്.

ഡോക്ടറാവാനായിരുന്നു ആഗ്രഹം. എന്നാല്‍ ഒരു ക്രാഷ് കോഴ്‌സിന് ചേര്‍ന്നപ്പോള്‍ അവിടുത്തെ പഠന രീതികള്‍ തനിക്ക് വഴങ്ങില്ലെന്ന തിരിച്ചറിവുണ്ടായി.

അഥവാ ഡോക്ടറായാലും ഇവിടേക്ക് തന്നെ വരുമായിരുന്നു; കാരണം എല്ലാ മോഹങ്ങളും എത്തി നില്‍ക്കുന്നത് സിവില്‍ സര്‍വീസ് എന്ന വലിയ ലക്ഷ്യത്തിലേക്കാണെന്ന് ശ്രുതി പറയുന്നു.

മലയോര മേഖലയില്‍ താരതമ്യേന പരിശീലന കേന്ദ്രങ്ങളും പഠന സൗകര്യങ്ങളും കുറവായതിനാല്‍ സ്വപ്രയത്‌നം തന്നെയായിരുന്നു ആശ്രയം.

രാവിലെ അഞ്ച് മണി മുതല്‍ രാത്രി പത്ത് മണി വരെ നീളുന്ന ചിട്ടയായ പഠനം ആ വെല്ലുവിളികളെ അതിജീവിക്കാന്‍ തുണയായി.

മൂന്ന് ഘട്ടങ്ങളിലായി നടന്ന ഡെപ്യൂട്ടി കലക്ടര്‍ പരീക്ഷയില്‍ ശ്രുതി കൈവരിച്ച വിജയം നാടിനു തന്നെ അഭിമാനമായി മാറി.

മലയോര മേഖലയില്‍ നിന്നും കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് കടന്നു വരുന്നുണ്ട്. തന്റെനേട്ടം മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നതില്‍ ഈ 26 കാരിക്ക് ഏറെ അഭിമാനമുണ്ട്.

ലക്ഷ്യബോധവും ആത്മസമര്‍പ്പണവും മാത്രമാണ് വിജയത്തിലേക്കുള്ള വഴിയെന്നും ആ വഴിയിലെ കല്ലും മുള്ളും നീക്കി മുന്നോട്ട് നടന്നാല്‍ മാത്രം മതിയെന്നും ശ്രുതി പറയും.

ഡെപ്യൂട്ടി കലക്ടറായി വ്യാഴാഴ്ചയാണ് ചുമതലയേറ്റത്. ജോലി സംബന്ധമായ പരിശീലനം പൂര്‍ത്തിയാക്കി ഉത്തരവാദിത്തങ്ങളെ ഭംഗിയായി നിറവേറ്റാനാവുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് ശ്രുതി പറഞ്ഞു.