ജഡായുപ്പാറ പക്ഷിശില്‍പ്പ സമുച്ചയം; പ്രവേശനം നിഷേധിക്കപ്പെട്ട അദ്ധ്യാപക സംഘത്തിന് 52,775 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്.
കണ്ണൂര്‍: കൊല്ലം ചടയമംഗലത്തെ വിനോദ സഞ്ചാര കേന്ദ്രമായ ജഡായുപ്പാറ പക്ഷിശില്‍പ്പ സമുച്ചയം സന്ദര്‍ശിച്ച അഞ്ചംഗ അദ്ധ്യാപക സംഘത്തിനാണ് 52,775 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവായത്.
അദ്ധ്യാപകരായ കെ.പത്മനാഭന്‍, വി.വി.നാരായണന്‍, വി.വി.രവി, കെ.വിനോദ് കുമാര്‍, കെ.മനോഹരന്‍ എന്നിവരടങ്ങിയ സംഘം 2023 സെപ്തമ്പര്‍ ഒന്നിനാണ് നെരുവമ്പ്രത്തുനിന്നും കാറില്‍ കൊല്ലം ജില്ലയിലെ പക്ഷിശില്‍പ്പവും ശില്‍പ്പത്തിനകത്തെ തീയറ്ററും മ്യൂസിയവും കാണാന്‍ പുറപ്പെട്ടത്.
ടിക്കറ്റെടുത്ത് ബേസ് സ്റ്റേഷനില്‍ നിന്നും റോപ്പ് വേ മാര്‍ഗ്ഗം ജഡായുപാറക്കു മുകളില്‍ ഏറെ പ്രതീക്ഷയോടെ എത്തിയ അദ്ധ്യാപക സംഘം ഉള്‍പ്പടെയുള്ള സന്ദര്‍ശകര്‍ക്ക് ‘അകത്ത് പ്രവേശനമില്ല’ എന്ന ബോര്‍ഡാണ് കാണേണ്ടി വന്നത്.
വഞ്ചനാപരമായ ഇത്തരം നടപടികള്‍ക്കെതിരെ അധികൃതരോടു പരാതിപ്പെട്ടപ്പോള്‍ അവഹേളിച്ചുവിട്ടു എന്നായിരുന്നു ഹരജിയിലെ പരാതി.
ഉഷാ ബ്രിക്കോ ലിമിറ്റഡ്, ജഡായുപ്പാറ ടൂറിസം പ്രൊജക്ട് എന്നീ സ്ഥാപന ഉടമകളാണ് പ്രതികള്‍. ജഡായുപ്പാറക്കു മുകളിലെത്തിച്ച്, സന്ദര്‍ശകര്‍ക്ക് അര്‍ഹമായ സേവനം നല്‍കാത്ത സ്ഥാപന ഉടമകളുടെ നിലപാട് ഗുരുതരമായ വീഴ്ച്ചയായി കണ്ടുകൊണ്ടാണ് 25,000 രൂപാവീതം രണ്ടു കക്ഷികളും, ടിക്കറ്റ് തുകയായ 2775 രൂപ രണ്ടു കക്ഷികള്‍ കൂട്ടായും ആകെ 52,775 രൂപ ഒരുമാസത്തിനകം നല്‍കാന്‍ ഉത്തരവിട്ടത്.
ഇതില്‍ മുടക്കം വരുത്തുന്നപക്ഷം മാസംതോറും പ്രസ്തുത തുകയുടെ 9% പലിശ കൂടി നല്‍കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തളിപ്പറമ്പ് ബാറിലെ പ്രമുഖ അഭിഭാഷകന്‍ ടി.വി.ഹരീന്ദ്രന്‍ ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായി.