സുരേഷ് ഗോപി വീണ്ടും അഭിനയം തുടങ്ങും; ബി.ജെ.പി നേതൃത്വം അനുമതി നല്‍കി.

തൃശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. സിനിമയില്‍ അഭിനയിക്കാന്‍ സുരേഷ് ഗോപിക്ക് ബിജെപി ഉന്നത നേതൃത്വം തത്വത്തില്‍ അനുമതി നല്‍കി. ഔദ്യോഗിക അനുമതി ഉടന്‍ നല്‍കും. ആദ്യ ഷെഡ്യൂളില്‍ 8 ദിവസമാണ് അദ്ദേഹത്തിനു അനുവദിച്ചിരിക്കുന്നത്. കഥാപാത്രമാകാന്‍ അദ്ദേഹം വീണ്ടും താടി വളര്‍ത്തി തുടങ്ങി.

ഏറ്റെടുത്തിട്ടുള്ള പല പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടു പേകാനുള്ള വരുമാനത്തിനായി അഭിനയം ഒഴിവാക്കാന്‍ സാധിക്കില്ലെന്ന നിലാപാടായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ മാസങ്ങള്‍ കാത്തിരുന്നിട്ടും ഇക്കാര്യത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം അനുകൂല തീരുമാനം എടുത്തിരുന്നില്ല.

ഒറ്റക്കൊമ്പന്‍ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തിനു ആവശ്യമായ വിധത്തില്‍ അദ്ദേഹം താടി വളര്‍ത്തിയിരുന്നു. അനുമതി അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ കഴിഞ്ഞ മാസം സുരേഷ് ഗോപി താടി ഉപേക്ഷിക്കുകയും ചെയ്തു.

ഷൂട്ടിങ് ഈ മാസം 29 മുതലാണ് ആരംഭിക്കുന്നത്. തിരുവനന്തപുരത്താണ് ചിത്രീകരണം. ജനുവരി 5 വരെയാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ ജയിലുമായി ബന്ധപ്പെട്ടാണ് ആദ്യ ഘട്ടത്തിലെ ഷൂട്ടിങ്. അദ്ദേഹത്തിന്റെ ഭാഗങ്ങള്‍ പരമാവധി ചിത്രീകരിക്കും.