തളിപ്പറമ്പ് ജുമാഅത്ത് ട്രസ്റ്റ് പുതിയ മുത്തവല്ലി തിങ്കളാഴ്ച്ച ചുമതലയേല്‍ക്കും.

തളിപ്പറമ്പ്: തളിപ്പറമ്പ് ജുമാഅത്ത് കമ്മറ്റി മുത്തവല്ലിയായി കെ.ഷംസൂദ്ദീന്‍ പാലക്കുന്ന് തിങ്കളാഴ്ച്ച ചുമതലയേല്‍ക്കും.

തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മറ്റി പിരിച്ചുവിടാന്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ച സാഹചര്യത്തില്‍ വഖഫ് ബോര്‍ഡിന്റെ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന ഷംസുദ്ദീനാണ് ചുമതല നല്‍കിയിരിക്കുന്നത്.

ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് നാളെ ലഭിക്കുമെന്നാണ് വിവരം.

അതേ സമയം നാളെ തന്നെ ഇത് സംബന്ധിച്ച് ഹൈക്കോടതിയുടെ സുപ്രധാനമായ വിധിയുണ്ടാവും.

ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മറ്റിക്ക് താല്‍ക്കാലിക മുത്തവല്ലിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് വഖഫ് സ്വത്ത് സംരക്ഷണസമിതി ചെയര്‍മാന്‍ സി.അബ്ദുല്‍കരീം വഖഫ് ബോര്‍ഡിന് നല്‍കിയ അപേക്ഷയില്‍ ഹിയറംഗ് നടത്തിയിട്ടും തീരുമാനം ഉണ്ടാകാത്തതിനാല്‍ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

നവംബര്‍ 19 നകം ഇക്കാര്യത്തില്‍ തീരുമാനമെടുകകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടുവെങ്കിലും വഖഫ് ബോര്‍ഡ് ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല.

ഇതേ തുടര്‍ന്നാണ് അബ്ദുല്‍കരീം കോടതിയലക്ഷ്യ ഹരജി നല്‍കിയത്. ഈ ഹരജിയില്‍ നാളെ വിധി പറയാനിരിക്കെയാണ് ഇന്നലെ അടിയന്തിരമായി ചേര്‍ന്ന വഖഫ് ബോര്‍ഡ് സിറ്റിംഗില്‍ ട്രസ്റ്റ് കമ്മറ്റി പിരിച്ചുവിട്ട് താല്‍ക്കാലിക മുത്തവല്ലിയെ നിയമിക്കാന്‍ തീരുമാനിച്ചത്.

സി.പി.എം സഹയാത്രികനായ ഷംസുദ്ദീന്‍ പാലക്കുന്നിനെ മുത്തലല്ലിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും നാളെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

നാളെ രേഖാമൂലം ഉത്തരവ് ലഭിച്ചാല്‍ തിങ്കളാഴ്ച്ച രാവിലെ ചുമതലയേല്‍ക്കുമെന്ന് ഷംസുദ്ദീന്‍  പറഞ്ഞു.

പുതിയ മുത്തവല്ലിയുടെ നേതൃത്വത്തിലായിരിക്കും ഹൈക്കോടതി തീരുമാനിക്കുന്ന കാലാവധിക്കകം പുതിയ തെരഞ്ഞെടുപ്പ് നടക്കുക.

കഴിഞ്ഞ 21 വര്‍ഷമായി മുസ്ലിംലീഗ് നേതൃത്വത്തിലുള്ളവരാണ് തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് ഭരണം നിയന്ത്രിക്കുന്നത്.

ഏക്കര്‍ കണക്കിന് ഭൂമിയും നിരവധി വസ്തുവകകളുമുള്ള ട്രസ്റ്റ് കമ്മറ്റി പ്രവര്‍ത്തനം കാര്യക്ഷമാക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി പ്രക്ഷോഭരംഗത്തുള്ള വഖഫ് സ്വത്ത് സംരക്ഷണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇന്നലെ വഖഫ് ബോര്‍ഡില്‍ നിന്നുണ്ടായ ഉത്തരവ്.