സര്‍ക്കാര്‍ അറിയാതെ പാവങ്ങളെ ചുരണ്ടി മാറ്റി മെഡിക്കല്‍ കോളേജ്.

പരിയാരം: സര്‍ക്കാര്‍ നിര്‍ദ്ദേശം ഏകപക്ഷീയമായി ലംഘിച്ച് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അധികൃതര്‍ ബി.പി.എല്‍ റേഷന്‍കാര്‍ഡിന് ചികില്‍സാ സൗജന്യംനിഷേധിക്കുന്നതായി പരാതി.

ബി.പി.എല്‍(പിങ്ക് കാര്‍ഡ്), എ.എ.വൈ(മഞ്ഞ കാര്‍ഡ്)എന്നീ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും ചികില്‍സ പൂര്‍ണമായി സൗജന്യമാണ്.

ഇത് സര്‍ക്കാര്‍ ഉത്തരവാണെങ്കിലും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമേ മുന്‍ഗണന എന്ന നിലയില്‍ ചികില്‍സാ സൗജന്യം നല്‍കുന്നുള്ളൂ.

ഇവിടെ പ്രദര്‍ശിപ്പിച്ച അറിയിപ്പ് ബോര്‍ഡില്‍ നിന്ന് ബി.പി.എല്‍ ചുരണ്ടിമാറ്റിയിരിക്കയാണ്.

ആശുപത്രി വികസനസമിതി അനാവശ്യമായി നിയമിച്ച ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി വികസനസമിതിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പാവപ്പെട്ട രോഗികളെ പിഴിയുക എന്ന ലക്ഷ്യത്തോടെയാണ് ബി.പി.എല്‍ കാര്‍ഡുടമകളെ ചുരണ്ടിമാറ്റി ചികില്‍സാ സൗജന്യം നിഷേധിക്കുന്നതെന്ന് ജനകീയാരോഗ്യവേദി കണ്‍വീനര്‍ എസ്.ശിവസുബ്രഹ്മണ്യന്‍ പറഞ്ഞു.

ബി.പി.എല്‍ രോഗികളുടെ ചികില്‍സാ സൗജന്യം അടിയന്തിരമായി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയതായും അദ്ദേഹം അറിയിച്ചു.

സര്‍ക്കാര്‍ അനുമതിയില്ലാതെ ചികില്‍സാ സൗജന്യം നിഷേധിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമുയരുന്നുണ്ട്.

ആശുപത്രി വികസനസമിതിയുടെ വരുമാനം കൂട്ടാനാണ് ബി.പി.എല്ലുകാരെ ഒഴിവാക്കേണ്ടി വന്നതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ നിലപാട്.

സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കാന്‍ മെഡിക്കല്‍ കോളേജിന് മാത്രമായി അധികാരമുണ്ടോ എന്ന ചോദ്യത്തിനാവട്ടെ ഉത്തരവുമില്ല.