കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് 2019 മുതല്‍ മാത്രം റഗുലറൈസേഷന്‍-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ജീവനക്കാരുടെ ആഗിരണപ്രക്രിയ പൂര്‍ത്തീകരണം തുടങ്ങിയപ്പോള്‍ നേഴ്‌സിംഗ് ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ യാതൊരു ആനുകൂല്യവുമില്ല, 2019 മുതല്‍ മാത്രം റഗുലറൈസേഷന്‍.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാരെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ആഗിരണം ചെയ്തുകൊണ്ട് ഡിസംബര്‍ 31 ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവിലാണ് ഈ തീരുമാനം.

1993 ല്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്ന കാലത്ത് ജോലിക്ക് കയറിവര്‍ക്ക് പോലും യാതൊരുവിധ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാവില്ല.

റഗുലര്‍ പ്രമോഷനോ പൊതുസ്ഥലംമാറ്റമോ ഇവര്‍ക്ക് ഉണ്ടാവില്ല.

സ്റ്റാന്റ് എലോണ്‍ തസ്തികകളിലുള്ള സ്ഥാനക്കയറ്റം മാത്രമേ ഇവര്‍ക്ക് ലഭിക്കൂ.

മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിലെ കോമണ്‍പൂളിലേക്ക് ഇവരെ നിയമിക്കില്ല. മറ്റ് മെഡിക്കല്‍ കോളേജുകളിലേക്കോ അന്തര്‍-ജില്ലാ-വകുപ്പ് സ്ഥലംമാറ്റത്തിനോ അര്‍ഹത ലഭിക്കില്ല.

പങ്കാളിത്ത പെന്‍ഷന്‍ മാത്രമേ ലഭിക്കുകയുള്ളൂ, ഇവര്‍ക്ക് 60 വയസുവരെ സര്‍വീസില്‍ തുടരാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.

2019 മാര്‍ച്ച് 2 മുതലായിരിക്കുംഇവരുടെ സര്‍വീസ് കണക്കാക്കുക.

ഈ ഉത്തരവ് പുറത്തുവന്നതോടെ യാതൊരുവിധ വിരമിക്കല്‍ ആനുകൂല്യവും ലഭിക്കാതെയായിരിക്കും 35 വര്‍ഷം വരെ സര്‍വീസുള്ള പലരുടെയും വിരമിക്കല്‍.

പുതിയ ഉത്തരവ് ജീവനക്കാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

48 പേരുടെ റഗുലറൈസേഷനാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.

ബാക്കിയുള്ളവരുടേത് അടുത്ത ദിവസങ്ങളില്‍ പുറത്തിറങ്ങുമെന്നാണ് വിവരം.