പകുതി വിലയ്ക്ക് സ്കൂട്ടര്‍ തട്ടിപ്പ്-സീഡ് പ്രൊമോട്ടര്‍ കെ.പി.ജയചന്ദ്രന്റെ അക്കൗണ്ട് പരിശോധിക്കണം-ഡി.വൈ.എഫ് ഐ
പരിയാരം: പകുതി വിലയ്ക്ക് സ്കൂട്ടര്‍ വാഗ്ദാനം ചെയ്ത് കടന്നപ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി പേരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയ സീഡ് സൊസൈറ്റി പ്രൊമോട്ടറും, കോണ്‍ഗ്രസിന്റെ മാടായി ബ്ലോക്ക് സെക്രട്ടറിയുമായ കടന്നപ്പള്ളി തുമ്പോട്ടയിലെ കെ.പി.ജയചന്ദ്രന്റെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കണമെന്ന് ഡി.വൈ.എഫ് ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇത് സംബന്ധിച്ച് കടന്നപ്പള്ളി സൗത്ത് മേഖലാ കമ്മിറ്റി പരിയാരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
കടന്നപ്പള്ളിയിലും സമീപ പ്രദേശങ്ങളിലും കോണ്‍ഗ്രസ് നേതാവ് കൂടിയായ കെ.പി.ജയചന്ദ്രനാണ് സീഡ് സൊസൈറ്റിയുടെ പ്രമോട്ടര്‍ എന്ന പേരില്‍ ഈ കൊള്ളയ്ക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്.
ആദ്യഘട്ടങ്ങളില്‍ പഠനോപകരണങ്ങളും, ഭക്ഷ്യകിറ്റും ജൈവവളവും, ലാപ്ടോപ്പുകളും മറ്റും കുറഞ്ഞ വിലയ്ക്ക് നാമമാത്രമായ ആളുകള്‍ക്ക് നല്കി ജനവിശ്വാസമാര്‍ജ്ജിച്ച ഇവര്‍ പിന്നീട് പകുതി വിലയ്ക്ക് സ്കൂട്ടര്‍ എന്ന വന്‍ കൊള്ളയിലേക്ക് കടക്കുകയായിരുന്നു.
ഇരുചക്ര വാഹനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണം പണയപ്പെടുത്തിയും ബേങ്ക് ലോണ്‍ എടുത്തും നിരവധി സാധാരണക്കാരായ സ്ത്രീകളാണ് 50,000 രൂപ മുതല്‍ 60,000 രൂപ വരെ നല്കി സ്കൂട്ടറിനായി കാത്തിരുന്നത്.
പണം നല്‍കിയിട്ട് 8 മാസം കഴിഞ്ഞിട്ടും സ്കൂട്ടര്‍ കിട്ടാതായതോടെ അപേക്ഷകര്‍ പരിഭ്രാന്തരായി. തട്ടിപ്പ് പുറത്ത് വന്നതോടെ എന്ത് ചെയ്യുമെന്ന ആശങ്കയിലാണിവര്‍.
കോണ്‍ഗ്രസ്സ് നേതാവ് ജയചന്ദ്രനാകട്ടെ കൃത്യമായ മറുപടി പറയാതെ ഇരവാദം ഉന്നയിച്ച് പണമടച്ച് കാത്തിരിക്കുന്ന പാവപ്പെട്ട സ്ത്രീകളെ വീണ്ടും കബളിപ്പിക്കുകയാണ് ചെയ്തത്.
കെ.പി.ജയചന്ദ്രന് ഓരോ അപേക്ഷകരില്‍ നിന്നും അയ്യായിരം രൂപ മുതല്‍ പത്തായിരം രൂപ വരെയാണ് കമ്മീഷന് കൈപ്പറ്റി എന്നാണ് മനസ്സിലാക്കുന്നത്.
കെ.പി.ജയചന്ദ്രന് ഉള്‍പ്പടെയുള്ളവരെ നിയമത്തിന് മൂന്നില്‍ കൊണ്ടുവരണമെന്നും, തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും, കെ.പി. ജയചന്ദ്രന് ഉള്‍പ്പെടെയുള്ള കണ്ണൂര്‍ ജില്ലയിലെ പ്രമോട്ടര്‍മാരുടേയും ഇടനിലക്കാരുടേയും ബേങ്ക് ഇടപാട് ഉള്‍പ്പെടെ പരിശോധിച്ച് പണം നഷ്ടപ്പെട്ടവര്‍ക്ക് പണം തിരികെ ലഭിക്കുന്നതിനുള്ള ഇടപെടലുകള്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കടന്നപ്പള്ളി സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചിരുന്നു.
തുടര്‍ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കെ.പി.ജയചന്ദ്രന്റെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പരിയാരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
വാര്‍ത്താസമ്മേളനത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കളായ പി.ലിബിന്, പി.കെ.പ്രജീഷ്, എസ്.കെ.വിനീത്, പി.വി.സനോജ്, വി.എ.രഞ്ജിത്ത്, കെ.വി.നവനീത, വിഷ്ണു കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.