പരിയാരത്ത് സി.എച്ച്.സെന്ററിന്റെ നോമ്പുതുറ കൗണ്ടര്‍ തുറന്നു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ ഈ വര്‍ഷവും തളിപ്പറമ്പ് സി.എച്ച്.സെന്റര്‍ നോമ്പുതുറ കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി.

നോമ്പ് അവസാനിക്കുന്നതുവരെ നോമ്പ് മുറിക്കുന്നതിനുള്ള ബത്തക്ക ജ്യൂസ്, വെള്ളം, ഈത്തപ്പഴം, പത്തല്‍, നെയ്‌ച്ചോര്‍, കറി എന്നീവയടങ്ങിയ വിഭവങ്ങളാണ് നോമ്പ്തുറ കൗണ്ടറിലൂടെ എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതല്‍ വിതരണം ചെയ്യുന്നത്.

വനിതാ വിംഗിന്റെ നേതൃത്വത്തില്‍ സി.എച്ച് സെന്ററിന്റെ പരിധിയില്‍ വരുന്ന ഓരോ ഏരിയകളിലെയും വീടുകളില്‍ നിന്ന് ഓരോ ദിവസവും 500 ലധികം ഭക്ഷണ പൊതിശേഖരിച്ചാണ് വളണ്ടിയര്‍മാര്‍ കൗണ്ടറുകളിലെത്തിച്ച് നോമ്പ് മുറിക്കാനുള്ള കിറ്റിനോടൊപ്പം വിതരണം ചെയ്യുന്നത്.

പ്രസിഡന്റ് അഡ്വ:എസ് മുഹമ്മദിന്റെയും ജന.സെക്രട്ടറി അഡ്വ.അബ്ദുല്‍ കരീം ചേലേരിയുടെയും ട്രഷറര്‍ കെ.ടി. സഹദുള്ളയുടെയും നേതൃത്വത്തില്‍ ആഴ്ചകള്‍ക്കു മുമ്പേ ഇതിനുള്ള ആസൂത്രണവും മേല്‍നോട്ടവും കമ്മിറ്റി നടത്തിയിരുന്നു.

പി.സാജിത ടീച്ചറടക്കമുള്ള വനിതാ വിംഗാണ് കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും ഭക്ഷണമേറ്റടുത്ത് എത്തിക്കുന്നത്.

പരിയാരം മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ക്കും, അവരുടെ കൂട്ടിരുപ്പുകാര്‍ക്കും ഈ കൗണ്ടര്‍ വലിയ ആശ്വാസമാണ്.

നോമ്പ് തുറ കൗണ്ടര്‍ ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ ഉദ്ഘാടനം ചെയ്തു.

പരിയാരം മഹല്ല് ഖത്തീബ് അബ്ദുസലാം ഹുദവി പവലിയന്‍ സന്ദര്‍ശിച്ചു. പവര്‍ത്തനത്തിന് പി.വി.അബ്ദുള്‍ ശുക്കൂര്‍, നജ്മുദ്ദീന്‍ പിലാത്തറ, ജംഷാദ് പരിയാരം, എം.അബ്ദുള്ള, എന്നിവരോടൊപ്പം സീനത്ത് കുപ്പം, ഫായിസ് കുപ്പം, ബഷീര്‍ കോരന്‍പീടിക, ഉനൈസ് പരിയാരം. പി.പി.ഷക്കീര്‍, മുഫീദ് ഓണപ്പറമ്പ്, മുര്‍ഷിദ് വായാട്, റബാഹ് തിരുവട്ടൂര്‍ തുടങ്ങിയ വളണ്ടിയര്‍മാരും പ്രവര്‍ത്തകരും നേതൃത്വം നല്‍കി.