താലൂക്ക് വികസനസമിതിയില്‍ നല്‍കുന്ന പരാതികളിലെ വിവേചനം ഒഴിവാക്കണം-കെ.എസ്.റിയാസ്

തളിപ്പറമ്പ്: താലൂക്ക് വികസന സമിതിയില്‍നല്‍കുന്ന പരാതിയിന്‍ മേലുള്ള വിവേചനം ഒഴിവാക്കണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം നടന്ന വികസനസമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തളിപ്പറമ്പ് നഗരത്തില്‍ വീണ്ടും അനധികൃത പാര്‍ക്കിംഗും അനധികൃത കച്ചവടവും സജീവമായിരിക്കുന്നത് വ്യാപാരികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

വാഹനങ്ങളിലും ഉന്തുവണ്ടികളിലും ഒരു മാനദണ്ഡവും പാലിക്കാതെ കാല്‍നട യാത്രക്കാര്‍ക്ക് പോലും ബുദ്ധിമുട്ടാകുന്ന രീതിയിലാണ് തളിപ്പറമ്പില്‍ അനധികൃത വ്യാപാരം പൊടിപൊടിക്കുന്നത്.

എന്നാല്‍ ഇത് സംബന്ധിച്ച പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് പകരം വ്യാപാരികള്‍ നല്‍കിയ പരാതിയെ ഒട്ടും തന്നെ പരിഗണിക്കാതെ ചില വിഭാഗത്തിന്റെ പരാതികള്‍ക്ക് മാത്രം പരിഹാരം കാണുന്നതിനാണ് താലൂക്ക് വികസന സമിതിയും വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരും തയ്യാറാവുന്നതെന്ന് റിയാസ് വിമര്‍ശിച്ചു.

കഴിഞ്ഞദിവസം ട്രാഫിക് റഗുലേറ്ററി മീറ്റിംഗ് നടന്നപ്പോള്‍ പോലും ഉത്തരവാദപ്പെട്ടവരെയോ പരാതിക്കാരായ കക്ഷികളെയോ വിളിക്കുകയോ അവരെ അറിയിക്കുകയോ ചെയ്യാതെ പ്രത്യേക വിഭാഗത്തിന്റെ മാത്രം പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനും നടപടിയെടുക്കുന്നതിനും അധികൃതര്‍ തയ്യാറായത് അംഗീകരിക്കാനാവില്ല.

ഓട്ടോറിക്ഷ-ഗുഡ്‌സ് വാഹനങ്ങള്‍, ടാക്‌സികള്‍ എന്നിവക്ക് വ്യാപാര സ്ഥാപനങ്ങളുടെയും കോംപ്ലക്‌സുകളിലെ മുമ്പിലും പാര്‍ക്കിംഗ് അനുവദിച്ചതും അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ സ്റ്റാന്‍ഡുകളില്‍ വെക്കുന്നതും വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നു.

ഇത് ക്രമീകരിക്കുന്നതിനും ശാസ്ത്രീയമായ രീതിയിലുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിനും വേണ്ടിയാണ് താലൂക്ക് വികസന സമിതിയിലും വിവിധ വകുപ്പുകള്‍ക്കും നഗരസഭക്കും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പരാതി നല്‍കിയത്.

വ്യാപാരികള്‍ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും നാടിനും ബുദ്ധിമുട്ടുന്ന രീതിയില്‍ ട്രാഫിക് സംവിധാനത്തില്‍ അടക്കം അപാകതകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

ഉദാഹരണത്തിന് മെയിന്‍ റോഡ് മാര്‍ക്കറ്റ് ലൈനില്‍ അനധികൃതമായി വന്ന ഓട്ടോറിക്ഷ സ്റ്റാന്‍ഡ് പോലും മാറ്റാന്‍ തയ്യാറാവുന്നില്ല.

കൂടാതെ വഴിയോര കച്ചവടക്കാര്‍ക്ക് കാര്‍ഡ് കൊടുത്തുകൊണ്ട് അവരെ പുനരാധിവസിപ്പിക്കേണ്ട അധികാരികള്‍ പിഡബ്ല്യുഡി റോഡുകളിലും വാഹനങ്ങള്‍ ഗതാഗതം ബുദ്ധിമുട്ടാവുന്ന രീതിയിലും വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിലും കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ പറ്റാത്ത രീതിയില്‍ ഒരു മാനദണ്ഡവും ഇല്ലാതെ പട്ടണത്തില്‍ സൗകര്യം ഏര്‍പ്പെടുത്തി കൊടുക്കുകയാണ്.

നിയമപ്രകാരം സ്ട്രീറ്റ് വെന്റേഴ്സ് കാര്‍ഡ് നല്‍കുമ്പോള്‍ അവര്‍ക്കുള്ള സൗകര്യം അധികാരികള്‍ തന്നെ നല്‍കേണ്ടതാണ് എന്നാല്‍ തളിപ്പറമ്പ് പട്ടണത്തില്‍ നിയമം കാറ്റില്‍പറത്തി കൊണ്ടാണ് സ്ട്രീറ്റ് വെന്റേഴ്‌സിന് അനുമതി നല്‍കിയിരിക്കുന്നത്.

വ്യാപാരികള്‍ കഴിഞ്ഞ കാലങ്ങളില്‍ താലൂക്ക് വികസന സമിതിയില്‍ നല്‍കിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൃത്യമായും കണിശമായും ദ്രുതഗതിയില്‍ ഇടപെടണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് താലൂക് വികസന സമിതിയില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.