കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി അയ്യപ്പ സംഗമവും ഗുരുസ്വാമി വന്ദനവും ഡിസംബര്‍ 30 ന്

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി അയ്യപ്പ സംഗമവും ഗുരുസ്വാമി വന്ദനവും ഡിസംബര്‍ 30 ന് തളിപ്പറമ്പില്‍.

മലബാര്‍ ദേവസ്വം ബോര്‍ഡും പുണ്യം പൂങ്കാവനവും കൈകോര്‍ത്ത് നടത്തിവരുന്ന പദ്ധതികളായ അയ്യപ്പസംഗമം, പൂജ പുഷ്‌പോദ്യാനം, നക്ഷത്രവനം, ഔഷധസസ്യതോട്ടം, മരം നട്ടുപിടിപ്പിക്കല്‍

തുടങ്ങിയവയുടെ ഭാഗമായി കണ്ണൂര്‍ജില്ല അയ്യപ്പസംഗമം ഡിസംബര്‍ 30 ന് വ്യാഴാഴ്ച പത്തു മണിക്ക് ശ്രീ. പി.നീലകണ്ഠയ്യര്‍ സ്മാരക മന്ദിരത്തില്‍ രാജമാന്യ രാജശ്രീ തൃക്കേട്ട തിരുനാള്‍ രാജരാജവര്‍മ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നതാണ്.

മാലിന്യ, പ്ലാസ്റ്റിക്ക് മുക്ത ശബരിമല എന്ന മഹത്ത് കര്‍മ്മമുയര്‍ത്തിപ്പിടിച്ച് പി.വിജയന്‍ ഐ പി എസ് (ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്) തുടങ്ങി വെച്ച പുണ്യം പൂങ്കാവനം പദ്ധതി ദക്ഷിണേന്ത്യ മുഴുവന്‍ ഏറ്റെടുത്ത് നടത്തിവരികയാണ്.

മലബാര്‍ ദേവസ്വം ബോര്‍ഡ് യോഗ തീരുമാനപ്രകാരം ഈ പദ്ധതി മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും നടപ്പിലാക്കി തുടങ്ങി.

പ്രസ്തുത പദ്ധതിയുടെ ഭാഗമായി ശബരിമല തീര്‍ത്ഥാടകര്‍ക്ക് മുദ്രമാല അണിയുന്നതു മുതല്‍ ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തുന്നതുവരെ പാലിക്കേണ്ട ആചാരാനുഷ്ഠാനങ്ങള്‍

ഗുരുസ്വാമിമാരാല്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാനായി ജില്ലയിലെ ഗുരുസ്വാമിമാരേയും, പൂജാസാധന വില്പനക്കാരെയും ഒന്നിച്ചിരുത്തിയുള്ള ഒരു പഠനശിബിരം എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശം.

ഒപ്പം തന്നെ പെരിയസ്വാമിമാരെ ആദരിക്കാനും ഈ സന്ദര്‍ഭം ഉപയോഗിക്കുന്നതാണ്.

മാലിന്യമുക്ത ഭാരതം പ്ലാസ്റ്റിക്ക് രഹിത ഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ചു കൊണ്ടുപോകുന്ന പരിപാടിയുടെ ഉദ്ഘാടനത്തില്‍ പുണ്യം പൂങ്കാവനം ജില്ല കോഓര്‍ഡിനേറ്റര്‍ കെ.സി. മണികണ്ഠന്‍ നായര്‍ അധ്യക്ഷത വഹിക്കും.

കണ്ണൂര്‍ റൂറല്‍ പോലീസ് ചീഫ് ഡോ.നവനീത്ശര്‍മ്മ മുഖ്യാതിഥിയായി പങ്കെടുക്കും.

മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ എ.കുഞ്ഞമ്പു വിശിഷ്ടാതിഥിയായിരിക്കും.

സതീശന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. പുണ്യം പൂങ്കാവനം കണ്‍വീനര്‍ വിജയ് നീലകണ്ഠന്‍, കണ്ണൂര്‍ ജില്ല കണ്‍വീനര്‍ പി.വി.സതീഷ് കുമാര്‍, പുണ്യം പൂങ്കാവനം കാസര്‍ഗോഡ് ജില്ല കോ-ഓര്‍ഡിനേറ്റര്‍ രമേശന്‍ കരുവാച്ചേരി,

ടി.ടി.കെ.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരി, മലബാര്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ടി.മുരളീധരന്‍, തളിപ്പറമ്പ് ടെംപിള്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ടി.പി.രാജന്‍ എന്നിവര്‍ പ്രസംഗിക്കും.