ദേശീയപാത-പിലാത്തറ ഭാഗത്ത് കോണ്‍ക്രീറ്റ് ബൗണ്ടറിവാള്‍ തകര്‍ച്ചയില്‍-പ്രശ്നം ഗുരുതരം
പിലാത്തറ: ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഉയര്‍ത്തിയ കോണ്‍ക്രീറ്റ് ബൗണ്ടറി വാള് അപകടത്തില്‍.

ഇന്നലെയും ഇന്നുമായി പെയ്തുകൊണ്ടിരിക്കുന്ന കനത്തമഴയില്‍ ബൗണ്ടറി വാളിന്റെ അടിഭാഗത്ത് വിള്ളല്‍ വീണ് പൊട്ടിയ നിലയിലാണ്.
കിലോമീറ്ററുകള്‍ നീളത്തില്‍ പല ഭാഗത്തായി കോണ്‍ക്രീറ്റ് വാളിന്റെ അടിഭാഗത്തെ സ്ളാബ് പൊട്ടി അകത്തേക്ക് തള്ളിയ നിലയിലാണ്.
മഴയില്‍ മണ്ണും വെള്ളവും കുത്തിയൊലിച്ചതോടെയാണ് വാള് താഴ്ന്നുതുടങ്ങിയത്.
സര്‍വീസ് റോഡിന് സമീപത്തായി കോട്ടപോലെ ഉയര്‍ന്നു നില്ക്കുന്ന ഈ ബൗണ്ടറി വാള്സ്ളാബ് നേരത്തെയും ഇളകി റോഡില്‍ വീണിരുന്നു.
അന്ന് ഭാഗ്യം കൊണ്ട് മാത്രമാണ് ഒരു ഓട്ടോഡ്രൈവര്‍ രക്ഷപ്പെട്ടത്.
വിള്ളലുകള്‍ വീണ ഭാഗത്ത് ഇപ്പോള്‍ റോഡ് ബ്ലോക്ക് ചെയ്ത് കോണ്‍ക്രീറ്റ് ചെയ്ത് അടച്ചുകൊണ്ടിരിക്കയാണെങ്കിലും ആ ഭാഗവും താഴ്ന്നുകൊണ്ടിരിക്കയാണ്.
അതുകൊണ്ടുതന്നെ ഇത് എത്രമാത്രം സുരക്ഷിതമാവും എന്നത് കണ്ടറിയേണ്ട കാര്യമാണ്.
ദേശീയപാത നവീകരണം പുരോഗമിച്ചതോടെ ഓവുചാലുകള്‍ പൂര്‍ണമായി ഇല്ലാതായത് കാരണം റോഡിടിയിലൂടെ വെള്ളം ഒഴുകാന്‍ ഇടയാക്കിയതാണ് ബൗണ്ടറിവാളിന് ഇളക്കം തട്ടാന്‍ കാരണമെന്നാണ് സൂചന.
വീതികുറഞ്ഞ റോഡില്‍ ഒരു സ്ഥലത്തും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങളില്ല.
കാലവര്‍ഷത്തിന് മുമ്പ് മഴക്കാലപൂര്‍വ്വ ശുചീകരണം നടത്താന്‍ നിര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും ദേശീയപാതയോരത്ത് ഒരുവിധത്തിലുള്ള പ്രവൃത്തികളും നടന്നിട്ടില്ല.
റോഡരികില്‍ ഓവുചാലുകള്‍ നിര്‍മ്മിച്ച് വെള്ളം തിരിച്ചുവിട്ടില്ലെങ്കില്‍ ദേശീയപാത വഴി ഗതാഗതം മുടങ്ങുന്ന സ്ഥിതിയാണ് വരാന്‍പോകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡ് നിര്‍മ്മാണത്തിന് മുമ്പ് ഉണ്ടായിരുന്ന പല കലുങ്കുകളും പൊളിച്ചുമാറ്റിത് കാരണം വെള്ളം എങ്ങോട്ടും പോകാനാവാതെ റോഡില്‍ കെട്ടിനില്‍ക്കുന്ന അവസ്ഥയാണ്.
ഈ വെള്ളം ബൗണ്ടറിവാളിന് സമീപത്തുകൂടെ അകത്തേക്ക് ഒഴുകിയതാണ് വിള്ളലിന് കാരണമായതെന്നാണ് വിവരം.
പരിയാരം അകല്യംതോടിന്റെ വീതി കുറച്ച് സ്ളാബ് വാര്‍ത്ത് വഴി തിരിച്ചുവിട്ടതും റോഡില്‍ വെള്ളം പൊങ്ങാന്‍ ഇടയാക്കി.
തോട്ടിലേക്ക് പരമ്പരാഗതമായി ഒഴുകിപോയിക്കൊണ്ടിരുന്ന വെള്ളം മുഴുവനും റോഡില്‍ കെട്ടിനിന്നത് ബൗണ്ടറിവാളിനടിയിലേക്ക് താഴ്ന്നതും വിള്ളലിന് ഇടയാക്കി.
എന്നാല്‍ ബൗണ്ടറിവാളിന് ഒരുവിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലെന്നും സാധാരണ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മാത്രമാണെന്നും അത് വേഗത്തില്‍ പരിഹരിക്കുമെന്നും മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിഅധികൃതര്‍ പറഞ്ഞു.
