കേസരി നായനാര്‍ പുരസ്‌കാര സമര്‍പ്പണം ഡിസം: 26 ന് സ്പീക്കര്‍ എം.ബി.രാജേഷ് നിര്‍വ്വഹിക്കും

കേസരി നായനാര്‍ പുരസ്‌കാര സമര്‍പ്പണം ഡിസം: 26 ന് സ്പീക്കര്‍ എം.ബി.രാജേഷ് നിര്‍വ്വഹിക്കും

പരിയാരം: ആറാമത് കേസരി നായനാര്‍ പുരസ്‌കാരം ഡിസം: 26 ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് മാതമംഗലത്ത് വെച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വിതരണം ചെയ്യും.

കേരള നിയമസഭ സ്പീക്കര്‍ എം.ബി രാജേഷ് പുരസ്‌കാര സമര്‍പ്പണം നടത്തും. നിരൂപകനും നാടകകൃത്തും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഇ.പി.രാജഗോപാലനാണ് ഇത്തവണ പുരസ്‌കാരം.

മലയാളത്തിലെ ആദ്യ ചെറുകഥാകാരനും പത്രപ്രവര്‍ത്തകനും മദിരാശി നിയമസഭാംഗവുമായിരുന്ന വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ സ്മരണയില്‍ കലാസാ സ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലമാണ് 2014 മുതല്‍ കേസരി നായനാര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

കഥ, മാധ്യമം, നോവല്‍, കവിത, പ്രഭാഷണ കല എന്നീ മേഖലകളിലാണ് മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കിയത്.ഇ.സന്തോഷ് കുമാര്‍, എം.ജി.രാധാകൃഷ്ണന്‍, ടി.ഡി രാമകൃഷ്ണന്‍, കെ.സച്ചിദാനന്ദന്‍, സുനില്‍.പി. ഇളയിടം എന്നിവരാണ് ഇതിനു മുന്‍പ് പുരസ്‌കാരത്തിന് അര്‍ഹരായത്.

25000 രൂപയും പ്രശസ്തിപത്രവും കെ.കെ.ആര്‍.വെങ്ങര രൂപകല്‍പ്പന ചെയ്ത ശില്പവും അടങ്ങിയതാണ് പുരസ്‌കാരം.

പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ ജൂറി അംഗം കരിവെള്ളൂര്‍ മുരളി പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തും.

സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. ചടങ്ങിനോടനുബന്ധിച്ച് രതീഷ് പല്ലവിയുടെ ഹൃദയരാഗം പരിപാടിയും വെള്ളോറ ടാഗോര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നൃത്ത സംഗീത ചിത്ര സമന്വയ പരിപടിയായ ചണ്ഡാലഭിക്ഷുകിയും ഉണ്ടായിരിക്കുന്നതാണ്.

പത്രസമ്മേളനത്തില്‍ ടി. ആര്‍. രാമചന്ദ്രന്‍, എരമം കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരന്‍ മാസ്റ്റര്‍, കെ.വി. സുനുകുമാര്‍, ടി. എം. ജയകൃഷ്ണന്‍ മാസ്റ്റര്‍, സി. കെ സുരേഷ് എന്നിവര്‍ പങ്കെടുത്തു.