അമിത്ഷായുടെ സന്ദര്‍ശനം-നാളെ വൈകുന്നേരം 5 മുതല്‍ 6 വരെ രാജരാജേശ്വരക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനമില്ല.

തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദര്‍ശനം പ്രമാണിച്ച് തളിപ്പറമ്പില്‍ അതികര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.

നാളെ വൈകുന്നേരം 5 മുതല്‍ അമിത്ഷാ ക്ഷേത്രദര്‍ശനം നടത്തി തിരിച്ചുപോകുന്നതുവരെ ക്ഷേത്രത്തില്‍ മറ്റാര്‍ക്കും പ്രവേശനമുണ്ടാവില്ല.

ഇത് സംബന്ധിച്ച അറിയിപ്പ് ക്ഷേത്ര നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്.

ക്ഷേത്രത്തിലേക്കുള്ള റോഡ് ഇടുങ്ങിതായതിനാല്‍ റോഡിലും മറ്റ് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും

മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആര്‍ക്കും തന്നെ ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടാവില്ലെന്നാണ് വിവരം.

ക്ഷേത്ര കവാടത്തിന് സമീപത്തെ മരങ്ങള്‍ പോലും സുരക്ഷയുടെ ഭാഗമായി മുറിച്ചുനീക്കിയിട്ടുണ്ട്.

ഒരു സ്വകാര്യ വ്യക്തിയുടെ മതില്‍ പൊളിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചുവെങ്കിലും പൊളിക്കുന്ന മതില്‍ പുനര്‍നിര്‍മ്മിച്ച് തരണമെന്ന ആവശ്യത്തെ തുടര്‍ന്ന് അത് പിന്‍വലിക്കുകയായിരുന്നു.

ഇസഡ് പ്ലസ് സുരക്ഷയുള്ള അമിത്ഷായുടെ ക്ഷേത്രസന്ദര്‍ശത്തിന് വിട്ടുവീഴ്ച്ചയില്ലാത്ത സുരക്ഷയാണ് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നാളെ അഞ്ചിനാണ് അദ്ദേഹം ക്ഷേത്രത്തിലെത്തുക.

പ്രധാന വഴിപാടായ പൊന്നിന്‍കുടം സമര്‍പ്പിച്ച് തൊഴുന്ന അമിത്ഷാ പട്ടം, താലി നെയ്യമൃത് വഴിപാടുകളും ക്ഷേത്രത്തില്‍ നടത്തും.