സ്ത്രീ സുരക്ഷ കാര്യത്തില്‍ സര്‍ക്കാര്‍പൂര്‍ണ്ണ പരാജയം: കെ എസ് എസ് പി എ വനിത സംഗമം

തളിപ്പറമ്പ്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ തുടരുമ്പോഴും ആക്രമണകാരികള്‍ക്കെതിരെ സര്‍ക്കാര്‍ നിഷ്‌ക്രിയമെന്നും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമെന്നും കെ എസ് എസ് പി എ (കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) വനിത സംഗമം ആരോപിച്ചു.

ഗുണ്ട വിളയാട്ടം തടയാനാകാത്ത ആഭ്യന്തര വകുപ്പില്‍ നിന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി കിട്ടാന്‍ പോകുന്നില്ലെന്നും സംഗമം അഭിപ്രായപ്പെട്ടു.

പോലീസ് സ്‌റ്റേഷനുകളിലുള്‍പ്പടെ മിക്ക മേഖലകളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവകാശ നിഷേധം നടക്കുമ്പോഴും സര്‍ക്കാരും ആഭ്യന്തരം കെയ്യാളുന്ന മുഖ്യമന്ത്രിയും നോക്കി നില്‍ക്കുകയാണെന്നും സംഗമം കുറ്റപ്പെടുത്തി.

മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി എ വനിത ഫോറം പ്രസിഡന്റ് ഒ വി ശോഭന അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ ഡെയിസ്സമ്മ, വനിതാ ഫോറം ജില്ലാ പ്രസിഡന്റ് പി.ലളിത, സെക്രട്ടറി വി.ലളിത, കെ എസ് എസ് പി എ ജില്ലാ പ്രസിഡന്റ് കെ രാമകൃഷ്ണന്‍, ബ്ലോക്ക് പ്രസിഡന്റ് പി സുഖദേവന്‍, സെക്രട്ടറി യു നാരായണന്‍, കുഞ്ഞമ്മ തോമസ്, മേരിക്കുട്ടി ജോണ്‍, എം പി കൃഷ്ണദാസ്, ടി കൃഷ്ണകുമാരി എന്നിവര്‍ പ്രസംഗിച്ചു.