കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രിസണേഴ്സ് വാര്‍ഡ്-കളക്ടറുടെ യോഗം നാളെ
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും റിമാന്‍ഡ് തടവുകാരന് രക്ഷപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി പ്രിസണേഴ്സ് വാര്‍ഡ് ആരംഭിക്കാനുള്ള നീക്കം തുടങ്ങി.
രണ്ടു വര്‍ഷം മുമ്പുതന്നെ ജയില്‍വകുപ്പ് ഇതിനുള്ള നടപടിക്രമങ്ങല് പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും ഫണ്ട് ലഭ്യമാവാത്തതിനെ തുടര്‍ന്നാണ് അത് നീണ്ടുപോയത്.
ഇപ്പോള്‍ ജനറല്‍ വാര്‍ഡില്‍ തന്നെ ജയില്‍ ഉദ്യോഗസ്ഥരുടെ കാവലിലാണ് തടവുകാര്‍ക്ക് ഇവിടെ കിടത്തിചികില്‍സ നല്‍കിവരുന്നത്.
സുരക്ഷാനിയന്ത്രണങ്ങള്‍ കര്‍ശനമല്ലാത്തതിനാല്‍ നേരത്തെയും ഇവിടെ നിന്ന് തടവുകാര്‍ രക്ഷപ്പെട്ടിരുന്നു.
തളിപ്പറമ്പില്‍ പുതിയ ജില്ലാ ജയില്‍ കൂടി ആരംഭിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജില്‍ കര്‍ശന സുരക്ഷയോടെയുള്ള പ്രിസണേഴ്സ് വാര്‍ഡ് ആവശ്യമാണെന്ന് ജയില്‍ ഡി.ജി.പി തന്നെ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് കണ്ണൂരില്‍ നിന്ന് തടവുകാരെ കിടത്തിച്ചികില്‍സക്ക് കൊണ്ടുപോയിരുന്നത്.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ഏഴാം നിലയില്‍ 15 തടവുകാര്‍ക്ക് ഒന്നിച്ച് ചികില്‍സ നല്‍കാനുള്ള സംവിധാനമാണ് ഒരുങ്ങുന്നതെന്ന് ഇതിന്റെ നോഡല്‍ ഓഫീസറായ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ.കെ.ബൈജു പറഞ്ഞു.
ഇത് സംബന്ധിച്ച് കളക്ടറുടെ ചേമ്പറില്‍ നാളെ ഒരു യോഗം ചേരുന്നുണ്ട്.
തടവുകാരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കൂടുതല്‍ തടവുകാര്‍ക്കുള്ള സൗകര്യം ഒരുക്കണമെന്നും വനിത തടവുകാര്‍ക്കുള്ള പ്രത്യേക സൗകര്യം ഒരുക്കണമെന്നും ജയില്‍വകുപ്പ് പുതിയ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്.
അതുകൂടി പരിഗണിച്ചശേഷമായിരിക്കും അന്തിമ തീരുമാനം.
