ട്രൈബ്യൂണല്‍ പറഞ്ഞത് 32 മാസത്തെ ശമ്പളം-കിട്ടിയത് വെറും 11 മാസത്തേത്–

പരിയാരം: അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ പറഞ്ഞത് 32 മാസത്തെ ശമ്പളം കൊടുക്കാന്‍, സര്‍ക്കാര്‍ കൊടുത്തത് 11 മാസത്തേത് മാത്രം.

അധ്യാപകര്‍ വീണ്ടും  ട്രൈബ്യൂണലിനെ  സമീപിച്ചു. പരിയാരത്തെ സഹകരണ മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും 2019 ല്‍ ഏറ്റെടുത്തുവെങ്കിലും പബ്ലിക്ക് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല.

നിരന്തരമായ നിവേദനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഫലമില്ലാതെ വന്നതിനെ തുടര്‍ന്നാണ് അധ്യാപകര്‍  ട്രൈബ്യൂണലിനെ സമീപിച്ചത്.

ഇടക്കാല വിധിയില്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ദിവസ വേതനം നല്‍കാനും കുടിശികയായ 32 മാസത്തെ വേതനം അനുവദിക്കാനും ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഒപ്പിടുന്ന ദിവസത്തെ ശമ്പളം മാത്രമേ നല്‍കാനാവൂ എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.

ഇതോടെ ശനി, ഞായര്‍ മറ്റ് ഒഴിവു ദിവസങ്ങള്‍, കോവിഡ് കാലത്തെ അവധി എന്നിവ കഴിച്ച് 11 മാസത്തെ കുടിശിക മാത്രമാണ് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ലഭിച്ചത്.

ഇതിനെതിരെ വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചിരിക്കയാണ് അധ്യാപകര്‍.