തളിപ്പറമ്പിന്റെ മാജിക്മാന് ആദരവ്-റഷീദ് ആന്റ് സണ്‍സ് ഷോ ക്ലിക്ഡ്-

തളിപ്പറമ്പ്: മാജിക് രംഗത്ത് നാല്‍പ്പത് വര്‍ഷം പൂര്‍ത്തീകരിച്ച മജീഷ്യന്‍ കെ.അബ്ദുള്‍റഷീദിനെ മ തളിപ്പറമ്പ് സര്‍സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ്.യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു.

പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബു ഉപഹാരം നല്‍കി. മാജിക്ക് വേദിയില്‍ നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന അബ്ദുള്‍റഷീദ് മജീഷ്യന്‍മാരായ നാല് മക്കളോടൊപ്പം റഷീദ് ആന്റ് സണ്‍സ് ഷോ എന്ന പേരില്‍ ഇന്നലെ അവതരിപ്പിച്ച മാജിക്ക് ഷോ പുതുവല്‍സരതലേന്നാള്‍ ഹൃദ്യമായ അനുഭവമായി.

കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി മാജിക്ക് രംഗത്ത് പ്രവര്‍ത്തിക്കുന്ന അബ്ദുല്‍റഷീദ് തളിപ്പറമ്പ് സര്‍ സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന നാഷണല്‍ സര്‍വീസ് സ്‌കീം സപ്തദിന സ്‌പെഷ്യല്‍ ക്യാമ്പ് വേദിയിലാണ് ഒന്നര വര്‍ഷത്തെ കോവിഡ് ഇടവേളക്ക് ശേഷം അരങ്ങേറ്റം പുനരാരംഭിച്ചത്.

മൂന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ മാജിക് വേദിയിലെത്തി, ഇപ്പോള്‍ എം.ബി.എ വിദ്യാര്‍ത്ഥിയായ റയീസ് റഷീദ്, ബി.ടെക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ റിസ്വാന്‍ റഷീദ്, ഒന്‍പതാംക്ലാസുകാരന്‍ റാമിസ് റഷീദ്, രണ്ടാംക്ലാസ് വിദ്യാര്‍ത്ഥി റാദി റഷീദ് എന്നിവരോടൊപ്പമാണ് ഇവരുടെ ഗുരുനാഥന്‍ കൂടിയായ പിതാവ് അബ്ദുള്‍റഷീദും അരങ്ങിലെത്തിയത്.

കണ്ണൂര്‍ ജില്ലയില്‍ മാജിക്ക് എന്ന കലയെ ജനകീയമാക്കുന്നതില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച അബ്ദുള്‍റഷീദിന്റെയും മക്കളുടെയും കോവിഡിന് ശേഷമുള്ള അരങ്ങേറ്റം ആസ്വദിക്കാനായി നിരവധിയാളുകള്‍ എത്തിച്ചേര്‍ന്നിരുന്നു.

ഇല്യൂഷന്‍ ഉള്‍പ്പെടെ നിരവധി മാജിക്കുകളാണ് റഷീദ് ആന്റ് സണ്‍സ് ഷോയില്‍ അവതരിപ്പിക്കപ്പെട്ടത്.