ക്യാമ്പ് ഓഫീസ് പൊളിച്ചുനീക്കി-പരിയാരം പോലീസ് സ്‌റ്റേഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പരിയാരം: പരിയാരം ടി.ബി.സാനിട്ടോറിയത്തിന്റെ തുടക്കത്തില്‍ നിര്‍മ്മിച്ച ആദ്യത്തെ ക്യാമ്പ് ഓഫീസ് കെട്ടിടം പൊളിച്ചുനീക്കി.

1948 ല്‍ നിര്‍മ്മിച്ച ഈ കെട്ടിടത്തിലാണ് സാനിട്ടോറിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്നത്.

ഈ മാസം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ മുന്നോടിയായിട്ടാണ് ഇതിന് മുന്നില്‍ ഉണ്ടായിരുന്ന ക്യാമ്പ് ഓഫീസ് പൊളിച്ചത്.

 മുഖ്യമന്ത്രി പിണറായി വിജയനാണ് പോലീസ് സ്‌റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്.

1948 ല്‍ അന്നത്തെ മദ്രാസ് പ്രസിഡന്‍സി ഗവര്‍ണറുടെ പത്‌നിയായിരുന്ന ലേഡി നൈ തറക്കല്ലിട്ട ടി.ബി.സാനിട്ടോറിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നവര്‍ക്ക് താമസിക്കാനായി ആദ്യം പണിത കെട്ടിടമാണിത്.

ടി.ബി.സാനിട്ടോറിയം രൂപകല്‍പ്പന ചെയ്ത എഞ്ചിനീയര്‍ പാലക്കാട് അപ്പാടു വീട്ടില്‍ നാരായണമേനോന്‍ ഇവിടെ താമസിച്ചാണ് ഇതിന്റെ പ്രാഥമിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

മൂന്ന് വര്‍ഷത്തോളം ഉപയോഗിച്ച ക്യാമ്പ് ഓഫീസ് പിന്നീട് സാനിട്ടോറിയം ക്വാര്‍ട്ടേഴ്‌സായി മാറി. 1993 വരെ ഈ ക്വാര്‍ട്ടേഴ്‌സ് ഉപയോഗിച്ചിരുന്നു.

2018 ല്‍ പോലീസ് സ്‌റ്റേഷന്‍ നിര്‍മ്മാണം തുടങ്ങിയതോടെ കരാറുകാരന്റെ ക്യാമ്പ് ഓഫീസായും തൊഴിലാളികളുടെ താമസസ്ഥലമായും ഈ കെട്ടിടം ഉപയോഗിച്ചിരുന്നു.