കരുതലുമില്ല, കൈത്താങ്ങുമില്ല-പാവങ്ങള്‍ക്ക് ഇവിടെ കാട്ടുനീതി

തളിപ്പറമ്പ്: നിരാലംബരായ കുടുംബത്തിന്റെ ഭൂമി തട്ടിയെടുക്കാനും മരങ്ങള്‍ മുറിച്ചുകടത്താനും ഭൂമാഫിയക്ക് പോലീസും റവന്യൂ അധികൃതരും കൂട്ടുനില്‍ക്കുന്നതായി പരാതി.

തളിപ്പറമ്പ് നഗരസഭയിലെ രണ്ടാം വാര്‍ഡ് വൈരാംകോട്ടത്ത് താമസിക്കുന്ന കാവിലെ വളപ്പില്‍ പാഞ്ചാലി എന്ന വയോധികക്കാണ് അധികൃതരില്‍ നിന്നും കടുത്ത മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നത്.

2022 ലാണ് പടപ്പക്കുന്നിലെ 85 സെന്റ് വരുന്ന ഇവരുടെ ഭൂമിയില്‍ നിന്നും ലക്ഷങ്ങള്‍ വിലയുള്ള മരങ്ങള്‍ മുറിച്ചുകടത്തിയത്.

ഭൂമി ലഭിച്ചതുമുതല്‍ ഈ വര്‍ഷം വരെ തുടര്‍ച്ചയായി ഭൂനികുതി അടച്ചുവരുന്ന വിധവയായ പാഞ്ചാലിക്ക് മാനസിക വെല്ലുവിളി നേരിടുന്ന 55 കാരനായ വിജയന്‍ എന്ന മകന്‍ മാത്രമാണുള്ളത്.

തൊഴിലുറപ്പിന് പോയി ലഭിക്കുന്ന വരുമാനം കൊണ്ടാണ് എ.എ.വൈ കുടുംബമായ ഇവര്‍ ജീവിച്ചുവരുന്നത്.

പി.എം.എ.വൈ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീട്ടിലാണ് താമസം.

തൊഴിലുറപ്പില്‍ ഏര്‍പ്പെട്ടിരിക്കെയാണ് മരം മുറിക്കുന്ന വിവരമറിഞ്ഞ് പാഞ്ചാലിയും കൂടെ ജോലിചെയ്യുന്നവരും സ്ഥലത്തെത്തിയത്.

കണ്ട് പരിചയം പോലുമില്ലാത്ത ചിലരാണ് മരങ്ങള്‍ മുറിച്ചതെന്ന് പാഞ്ചാലി പറയുന്നു.

പരാതിയുടെ പിറകെ പോയതോടെ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിക്കാനും ഇവര്‍ക്ക് കഴിഞ്ഞില്ല.

ഈ ഭൂമിയിലുള്ള കശുമാവില്‍ നിന്നുള്ള വരുമാനമായിരുന്നു ഇവരുടെ പ്രധാന ജീവിതോപാധി.

കശുമാവുകള്‍ ഉള്‍പ്പെടെയുള്ള മരങ്ങള്‍ക്കൊപ്പം ലക്ഷങ്ങള്‍ വിലമതിക്കുന്ന മറ്റു മരങ്ങളും പൂര്‍ണമായി മുറിച്ചുമാറ്റുകയായിരുന്നു.

2022 ഡിസംബര്‍ ഒന്നിന് തളിപ്പറമ്പ് പോലീസില്‍ രേഖാമൂലം മരം മുറിച്ചു കടത്തിയവരുടെ ഫോട്ടോസഹിതം പരാതി നല്‍കിയിട്ടും നടപടികളുണ്ടായില്ലെന്ന് പാഞ്ചാലി പറയുന്നു.

പോലീസ് നിര്‍ദ്ദേശപ്രകാരം താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസിലും പരാതി നല്‍കിയിട്ടും നീതി ലഭിച്ചില്ലെന്നും, പിന്നീട് മുഖ്യമന്ത്രിയുടെകരുതലും കൈത്താങ്ങും പരിപാടിയില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തിന് വന്ന പോലീസ് തങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.

പരാതിയെപ്പറ്റി അന്വേഷിച്ചു ചെന്നാല്‍ താലൂക്ക്-വില്ലേജ്-പോലീസ് അധികാരികള്‍ തങ്ങളെ ചീത്തവിളിച്ച് ഓടിക്കുകയാണെന്നും ഇവര്‍ പറയുന്നു.

സഹോദരി കാവിലെ വളപ്പില്‍ കാര്‍ത്യായനിയാണ് പാഞ്ചാലിയേയും മകനേയും സംരക്ഷിച്ചുവരുന്നത്.

തികച്ചും ന്യായമായ ഇവരുടെ ആവശ്യം പരിഗണിച്ച് പ്രശ്‌നത്തില്‍ ഇടപെടാന്‍ പ്രദേശത്തെ രാഷ്ട്രീയകക്ഷികളും തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.

തങ്ങളുടെ ന്യായമായ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി ഇനി ആരെ സമീപിക്കണമെന്നറിയാത്ത ദുരിതാവസ്ഥയിലാണ് ഈ കുടുംബം.