പി.ടി.-യെന്ന പ്രകാശ ഗോപുരം —————————- സി.കെ. സായൂജ് (കണ്ണൂര്‍)

കേരള രാഷ്ട്രീയത്തില്‍ സ്വന്തമായ നിലപാടുകള്‍ കൊണ്ടും, സവിശേഷമായ വ്യക്തിത്വം കൊണ്ടും പുതിയ രാഷ്ട്രീയ സംസ്‌കാരം രൂപപ്പെടുത്തിയ രാഷ്ട്രീയ നേതാവായിരുന്നു ‘പി.ടി.’ എന്ന രണ്ടക്ഷരത്താല്‍ രാജ്യമൊട്ടാകെ അറിയപ്പെട്ടിരുന്ന ‘പി.ടി. തോമസ്’. ഞങ്ങളുടെ തലമുറിയുടെ വഴി കാട്ടിയായിരുന്ന
പ്രിയ നേതാവ് വിടപറഞ്ഞിട്ട് നാലു വര്‍ഷമാകുന്നു. അദ്ദേഹത്തിന്റെ വിയോഗം കാലമിത്രയായിട്ടും മലയാളികള്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ സാധിക്കാത്ത ഒന്നാണ്. എന്തെന്നാല്‍ പി.ടി. അത്രയേറെ ജനമനസ്സില്‍ ചിര പ്രതിഷ്ഠ നേടിയ ഒരു നേതാവായിരുന്നു.

രാഷ്ട്രീരംഗത്തുള്ളവര്‍ മാത്രമല്ല, സാംസ്‌ക്കാരിക – പരിസ്ഥിതി -സാമൂഹ്യ രംഗത്തുള്ളവരും പി.ടി.യുടെ നിലപാടുകളും സുചിന്തിതങ്ങളായ അഭിപ്രായങ്ങളും ഏറെ ആദരവോടെ ശ്രദ്ധിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു….

1970-കളില്‍ കേരള വിദ്യാര്‍ത്ഥി യൂണിയന്റെ ഇന്ദ്രനീല പതാക കൈയ്യിലേന്തി, കെ.എസ്.യു.-ന്റെ യൂണിറ്റ് വൈസ് പ്രസിഡന്റ് ചുമതല മുതല്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് വരെ പടിപടിയായി വളര്‍ന്നു വന്ന രാഷ്ട്രീയ നേതാവായുരുന്നു പി.ടി. 1982-ല്‍ കെ.എസ് യു സംസ്ഥാന പ്രസിഡന്റ് ആയി. ഈ കാലഘട്ടം ആ വിദ്യാര്‍ത്ഥി സംഘടന ശക്തമായ പോരാട്ടം നയിച്ച കാലഘട്ടം കൂടിയായിരുന്നു; പി.ടി. എന്ന വിദ്യാര്‍ത്ഥി നേതാവ് തികച്ചും പുരോഗമന വാദിയായ പോരാളിയായിരുന്നു. അതുകൊണ്ടുതന്നെ ഈ കാലഘട്ടത്തില്‍ വെറും രാഷ്ട്രീയ പോരാളി സംഘടന എന്നതിനു പുറമെ അതി നെ ഒരു പുരോഗമന സ്വഭാവമുള്ള സമര സംഘടന എന്ന നിലയില്‍ കൂടിയാക്കി മാറ്റി.

കേരള വിദ്യാര്‍ത്ഥി യൂണിയന്‍ നവോത്ഥാന കേരളീയ സമൂഹത്തിനു നല്‍കിയ ഒരു മുദ്രാവാക്യമായിരുന്നു ഇത്:
‘ഞങ്ങളിലില്ല ഹൈന്ദവ രക്തം,
ഞങ്ങളിലില്ല ക്രൈസ്തവ രക്തം,
ഞങ്ങളിലില്ല ഇസ്ലാം രക്തം
ഞങ്ങളിലുള്ളതു മാനവരക്തം’ എന്ന മുദ്രാവാക്യം; ഇതു തികച്ചും ഉള്‍ക്കൊള്ളുകയും അത് വ്യക്തി ജീവിതത്തിലും, പൊതു ജീവിതത്തിലും പകര്‍ത്തിയ ഒരു ഉദാത്ത മാതൃകയായിരുന്നു പി.ടി.

കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് പദം ഒഴിഞ്ഞത്തിനു ശേഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും, യുവനിരയില്‍ കത്തിജ്വലിച്ചു നില്‍ക്കുകയും ചെയ്ത
ശക്തനായ പോരാളിയായിയിരുന്നു അദ്ദേഹം.
അക്കാലത്ത് വിദ്യാര്‍ത്ഥി, യുവജന സംഘനാ രംഗത്തുള്ള പ്രധാന നേതാക്കള്‍ ലോക്‌സഭയിലേക്കും, നിയമ സഭയിലേക്കും മത്സരിക്കുന്ന കാലഘട്ടമായിരുന്നു എങ്കിലും അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം 1990-ലെ ഇടുക്കി ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ ആവശ്യപ്പെടുകയും, അദ്ദേഹം പാര്‍ട്ടി തീരുമാനങ്ങളെ ശിരസ്സാ വഹിച്ചു കൊണ്ട് പാര്‍ട്ടി ഏല്‍പ്പിച്ച നിയോഗം ഏറ്റെടുത്തു മത്സരിക്കുകയും, ഇടുക്കി ജില്ലാ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കുകയും ചെയ്തു.

അങ്ങനെയിരിക്കെയാണ് 1991-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍, കേരളാ കോണ്‍ഗ്രസിന്റെ കുത്തക സീറ്റായിരുന്ന തൊടുപുഴയില്‍ ആ പാര്‍ട്ടിക്കെതിരെ മത്സരിക്കുവാന്‍, കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കി. തൊടുപുഴ ഒരിക്കലും കോണ്‍ഗ്രസിന് വിജയിക്കുവാന്‍ കഴിയുന്ന സീറ്റ് ആയിരുന്നില്ല, കാരണം തൊടുപുഴയുടെ നേതൃസങ്കല്‍പ്പം എന്നും പി.ജെ . ജോസഫിനെയും, കേരള കോണ്‍ഗ്രസിനെയും കേന്ദ്രീകരിച്ചു കൊണ്ടുള്ളതായിരുന്നു. 1991- ല്‍ ശക്തമായ രാഷ്ട്രീയ പോരാട്ടത്തില്‍ കേരള കോണ്‍ഗ്രസ് (ജോസഫ് ) ഇടതു പക്ഷ സ്ഥാനാര്‍ഥി പി.സി. ജോസഫിനെ പരാജയപ്പെടുത്തി, പി.ടി., കേരള രാഷ്ട്രീയത്തില്‍ പുതിയ അധ്യായം രചിക്കുകയും ചെയ്തു. 1996-ല്‍ പി. ജെ ജോസഫിനോടുള്ള നേരിട്ടുള്ള മത്സരത്തില്‍ പി.ടി. ക്ക് പരാജയമേല്‍ക്കേണ്ടി വന്നു. 2001-ലെ നിയമസഭ തെരെഞ്ഞെടുപ്പില്‍ തൊടുപുഴയില്‍ നിന്നു പി.ടി. വീണ്ടും മത്സരിക്കുകയും, കേരള രാഷ്ട്രീയത്തിലെ അതികായനായ പി.ജെ . ജോസഫിനെ പരാജയപ്പെടുത്തി തൊടുപുഴയുടെ MLA ആയത് , 1996-ലെ ആ പരാജയത്തിനുള്ള മധുര പ്രതികാരം കൂടിയായിരുന്നു.

2006-ല്‍ കോണ്‍ഗ്രസ്സും (യുഡിഫ് ) പ്രതിപക്ഷത്ത് ഇരിക്കുന്ന സമയത്തു 2007-ല്‍ ഇടുക്കി ഡിസിസി പ്രസിഡന്റ് പദം ഏറ്റെടുത്തു. ഇത് ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് സംഘടനാപരമായി ഒരു പുത്തന്‍ ഉണര്‍വു പകരാന്‍ കാരണമായി.
2009-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നഷ്ടപെട്ടുപോയ ഇടുക്കി ലേക്‌സഭാ സീറ്റ് തിരിച്ചു പിടിക്കുവാന്‍ കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചത് പി. ടി.-യെ തന്നെയായിരുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും, സിറ്റിംഗ് എംപിയും ആയിരുന്ന ഫ്രാന്‍സിസ് ജോര്‍ജിനെ 74000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി പി.ടി.
ഇടുക്കിയുടെ എം.പി.യായി തെരെഞ്ഞെടുക്കപ്പെടുക്കുകയും ചെയ്തു.

യാഥാസ്ഥിക ജനസമൂഹത്തെ വളരുന്ന നവയുഗ കാലഘട്ടത്തിന് അനുസൃതമായി ജനാധിപത്യത്തിന്റെ, പുരോഗമന ചിന്താധാരയിലേക്ക് നയിച്ച ജനനേതാവ് ആയി ആണ് പി.ടി. പ്രവര്‍ത്തിച്ചത്. ഇടുക്കിയുടെ പാര്‍ലിമെന്റ് അംഗം എന്നതിന് ഉപരി കേരളത്തിന്റെ പൊതു വിഷയങ്ങളിലും, ദേശീയ തലത്തിലെ വിഷയങ്ങളിലും, ആഗോള രാഷ്ട്രീയ വിഷയങ്ങളില്‍ അടക്കം വീക്ഷണമുള്ള ജനപ്രതിനിധിയായിരുന്നു അദ്ദേഹം.

2012- 2013 കാലട്ടത്തില്‍ ഇന്ത്യയിലെ യു.പി.എ സര്‍ക്കാര്‍ പശ്ചിമഘട്ട സംരക്ഷണത്തിനു വേണ്ടി കൊണ്ടുവന്ന ‘മാധവ് ഗാഡ്ഗില്‍’ കമ്മീഷന്‍ സമര്‍പ്പിച്ച പശ്ചിമഘട്ട വികസന റിപ്പോര്‍ട്ട് പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യണമെന്ന നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പരിസ്ഥിതി സംരക്ഷണത്തിന് വിരുദ്ധമായ സ്വാകാര്യ മൂലധന ശക്തികളും, ‘ഹൈറേഞ്ച് സംരക്ഷണ സമിതി’ എന്ന പേരില്‍ നിക്ഷിപ്ത താല്പര്യക്കാര്‍ക്കായി തട്ടിക്കൂട്ടിയ സംഘടനയും, ഇവരുടെ വാക്കുകളില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ചില പുരോഹിതരും ചേര്‍ന്ന് പി.ടി.ക്ക് എതിരെ ശക്തമായ വ്യാജ പ്രചാരണം അഴിച്ചു വിട്ടു; ജനപ്രീയനായ പി.ടി.ക്കെതിരെ ജനവിരുദ്ധ മനോഭാവം വളര്‍ത്താനായി സജീവമായ പൊതുരംഗത്തുള്ള ഒരാളുടെ ശവഘോഷ യാത്ര വരെ നടത്തുകയും ചെയ്തു; ഇങ്ങനെ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യുകയും, ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അദ്ദേഹത്തെ കുരിശിലേറ്റുകയും ചെയ്തു. ഈ പ്രതിസന്ധി ഘട്ടത്തിലും അദ്ദേഹം പശ്ചിമഘട്ടത്തിന്റെയും അവിടെയുള്ള പാവപ്പെട്ട കര്‍ഷകരുടെയും നന്മക്കായുള്ള തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നു. ഇതു ഏറെക്കുറെ രാഷ്ട്രീയമായ ഒറ്റപ്പെടലിലേക്ക് നയിച്ചിട്ടും പി.ടി. സുചിന്തിതമായ സ്വന്തം ബോദ്ധ്യങ്ങളില്‍ തന്നെ ഉറച്ചു നിന്നു.

ജനാധിപത്യത്തിന്റെ പരിമിതികള്‍ നിലപാടുകള്‍ എടുക്കുന്നതില്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുന്ന സമയത്ത് പോലും, നേതാവ് എന്നാല്‍ ആള്‍ക്കൂട്ടത്താല്‍ നയിക്കപ്പെടേണ്ടതല്ലെന്നും; മറിച്ച് ജനസമൂഹത്തെ നേരായ വഴിക്ക് നയിക്കുന്ന ആളാണ് യഥാര്‍ത്ഥ നേതാവ് എന്നുമുള്ള ബോദ്ധ്യത്തില്‍ നിന്ന് വ്യതിചലിച്ചില്ല. കപട കര്‍ഷക സ്‌നേഹം കാട്ടി, സമൂഹത്തില്‍ ഭീതി പരത്തി കള്ളപ്രചരണങ്ങളിലൂടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി നിലപാട് പണയം വെച്ച സിപിഐ (എം)-ന്റെയും, ഇടതുപക്ഷ മുന്നണിയുടെയും, കാപട്യത്തെ, ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി ഇടതുപക്ഷം ഉണ്ടാക്കിയ അവിശുദ്ധമായ രാഷ്ട്രീയ കൂട്ടുകെട്ടിനെ തുറന്നുകാട്ടിയ രാഷ്ട്രീയ ആര്‍ജവത്തിന്റെ പേരാണ് പി.ടി. തോമസ്. വ്യക്തിപരമായ ലാഭ-നഷ്ടം നോക്കാതെ നിലപാട് എടുത്തതിന്റെ പേരില്‍ വ്യക്തിപരമായ നഷ്ടങ്ങളും, വേദനകളും, ഒറ്റപ്പെടലുകളും ഉണ്ടായപ്പോഴും, സത്യത്തിനു വേണ്ടി നിലകൊണ്ട ധീരനായ രാഷ്ട്രീയ നേതാവായിരുന്നു പി.ടി.

പി.ടി. എന്നും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അടിയുറച്ച പിന്‍തുടര്‍ച്ചക്കാരന്‍ തന്നെയായിരുന്നു. മതേതരത്വം, ജനാധിപത്യം, പാവങ്ങളുടെ പക്ഷം ചേര്‍ന്നുള്ള നിലപാടുകള്‍ എന്നിവയില്‍ എക്കാലവും മുറുകെ പിടിച്ചു. ഖദര്‍ വസ്ത്രത്തിന്റെ വെണ്മയും, പവിത്രതയും, ജീവിതത്തില്‍ ഉടനീളം കാത്തു സൂക്ഷിച്ച ഒരു രാഷ്ട്രീയ നേതാവ്. രാഷ്ട്രീയ ആദര്‍ശങ്ങള്‍ ആരുടെ മുന്‍പിലും അടിയറവെക്കാത്ത നിര്‍ഭയനായ പോരാളി.

കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വങ്ങളായ ജനാധിപത്യത്തെയും, മതേതര ദര്‍ശനങ്ങളെയും, ബഹുസ്വരത, സാഹോദര്യം, എന്നീ മൂല്യങ്ങളെ പൊതു ജീവിതത്തില്‍ പകര്‍ത്തുകയും, പൊതു ജനസമൂഹത്തിനു പകര്‍ന്നുനല്‍കുകയും ചെയ്ത ദാര്‍ശനികനായ കര്‍മ്മധീരന്‍. വോട്ടിനു വേണ്ടി നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത ആദര്‍ശ ധീരന്‍. വര്‍ഗീയ ഫാസിസത്തിന്റെ കരാളഹസ്തങ്ങള്‍ ജനാധിപത്യത്തെയും, മതേതര ചിന്തകളെയും പിടിമുറുക്കുന്ന ഈ കാലഘട്ടത്തില്‍ പി.ടി.-യുടെ ഓര്‍മ്മകളും ആ ജീവിത പന്ഥാനും പുതിയ തലമുറക്ക് കരുത്തേകും.

തന്റെ പ്രസംഗശൈലി കൊണ്ടും , കാഴ്ചപാടുകള്‍ കൊണ്ടും, വിഷയാവതരണത്തിലെ മികവ് കൊണ്ടും രാഷ്ട്രീയ ഇതിഹാസം രചിച്ച ഇതിഹാസ പുരുഷന്‍.

പി. ടി. തോമസ് എന്ന രാഷ്ട്രീയ നേതാവ് ഉജ്ജലനായ വാഗ്മി മാത്രമല്ല, കോണ്‍ഗ്രസിന്റെ ശക്തനായ സംഘാടകന്‍ കൂടിയായിരുന്നു. കോണ്‍ഗ്രസ് -യൂത്ത് കോണ്‍ഗ്രസ്-കെ എസ് യു പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് യുവാക്കളെയും, അര്‍ഹതയുള്ളവരെയും, കൈപിടിച്ചു ഉയര്‍ത്തിയ നേതാവ്. ശൂന്യതയില്‍ നിന്നും ആള്‍ക്കൂട്ടത്തെയും, ആള്‍ക്കൂട്ടത്തില്‍ നിന്ന് സംഘടനയേയും, സൃഷ്ടിച്ച രാഷ്ട്രീയ സംഘടനാ പാടവത്തിന്റെ സര്‍വ്വകലാശാലയായിരുന്നു.

കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ചിന്തകള്‍, ഗാന്ധിയന്‍ മൂല്യങ്ങളും, നെഹ്റുവിന്‍ സോഷ്യലിസ്റ്റ് കാഴ്ചപാടുകളും, അവതരിപ്പിക്കുന്നതിനും, കോണ്‍ഗ്രസ് ദര്‍ശനങ്ങളെ, പരിസ്ഥിതി, കല, സാംസ്‌കാരിക വിഷയങ്ങള്‍, ഗ്രന്ഥ ശാലകള്‍ ഉള്‍പ്പെടെയുള്ളയുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസിന്റെ അടിസ്ഥാനപരമായ കാഴ്ചപ്പാടുകളെ പൊതു സമൂഹത്തില്‍ എത്തിക്കുവാനുള്ള രാഷ്ട്രീയ-സംസ്‌കരിക പ്ലാറ്റ് ഫോം ആണ് ‘മാനവ സംസ്‌കൃതി ‘ ഇത് പി.ടി. എന്ന മഹാമാനുഷിയുടെ സാമൂഹിക പ്രതിബദ്ധതയുടെ, രാഷ്ട്രീയ- സംസ്‌കാരികപരമായ ചിന്തകളുടെ ആവിഷ്‌ക്കാരമായിരുന്നു.

സാമൂഹിക പ്രതിബദ്ധതയ്ക്ക് വര്‍ത്തമാന കാലം നല്‍കുന്ന വാര്‍ത്ത പ്രാധാന്യത്തിനപ്പുറം സാമൂഹിക – പാരിസ്ഥിതിക, രാഷ്ട്രീയ വിഷയങ്ങളില്‍ അടക്കം അദേഹത്തിന്റെ ആത്മാര്‍ത്ഥതയുള്ള ഇടപെടല്‍ പൊതു സമൂഹം കണ്ടതാണ്.

പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനു വേണ്ടി, യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പൊതു സമൂഹത്തെ ബോധിപ്പിക്കുന്നകാര്യത്തില്‍ ആയാലും, ആലപ്പുഴയിലെ കരി മണല്‍ ഘനനത്തിനെതിരെ പോരാടുന്ന, ഇരകള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുകയും, ജനിച്ച മണ്ണില്‍ ജീവിക്കുവാന്‍ വേണ്ടി പോരാടുന്ന പാവപ്പെട്ട ജനവിഭാഗങ്ങളുടെ വേദനയില്‍ പങ്കുചേരുകയും, അവരുടെ ആവശ്യങ്ങള്‍, ജീവിക്കുവാനുള്ള അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ശക്തമായ നിലപാട് സ്വീകരിച്ചു. നടി ആക്രമിക്കപെട്ടപ്പോള്‍, സിനിമ ലോകം അതിനെതിരെ മൗനംപാലിച്ചപ്പോള്‍ പോലും, അക്രമത്തിനു ഇരയായ പെണ്‍കുട്ടിക്ക് വേണ്ടി ശക്തമായ ശബ്ദമുയര്‍ത്തുകയും, പെണ്‍ കുട്ടിക്ക് നീതിയും, നിയമ സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനു വേണ്ടി നിലകൊണ്ട മനുഷ്യ സ്നേഹി. സമൂഹത്തില്‍ അവശത അനുഭവിക്കുന്ന കര്‍ഷകര്‍, തൊഴിലാളികള്‍, ദളിതര്‍, ഭിന്നശേഷിക്കാര്‍, ആലംബഹീനര്‍, ദുരിതമനുഭവിക്കുന്ന മറ്റു ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവരുടെ വാക്കുകള്‍ക്കു,ചെവികൊടുക്കുന്ന, അവരുടെ വേദനകള്‍ക്ക് പരിഹാരം കാണുവാന്‍ ശ്രമിച്ച കരുണയുടെ, മനുഷ്യത്വത്തിന്റെ മുഖമായിരുന്നു അദ്ദേഹത്തിന്റേത്.
രാഷ്ട്രീയ രംഗത്ത്, പ്രത്യേകിച്ചു സിപിഐഎംന്റെ രാഷ്ട്രീയ കൊലപാതകങ്ങളെ, അഴിമതി, വര്‍ഗീയത, കള്ളക്കടത്ത്, സാംസ്‌കാരിക രംഗത്തെ ഫാസിസ്റ്റു രാഷ്ട്രീയത്തിന്റെ കടന്നുകയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വസ്തുകള്‍ നിരത്തി പൊതു സമൂഹത്തിനു മുന്‍പില്‍ സിപിഐഎം ന്റെ രാഷ്ട്രീയ അധാര്‍മികതയെ തുറന്നു കാട്ടിയ നേതാവ്. സിപിഐ (എം) ഇക്കാലമത്രയും കെട്ടിപ്പൊക്കിയ ഭൂപരിഷ്‌ക്കരണ നിയമത്തില്‍ ഉള്‍പ്പെടെ അവരുടെ എട്ടുകാലി മമ്മുഞ്ഞുമാരുടെ അവകാശ വാദങ്ങള്‍ ഉള്‍പ്പെടെയുള്ള അസത്യത്തിന്റെ ഭാണ്ഡക്കെട്ടുകളെ തകര്‍ത്തെറിഞ്ഞ ധീരനായ രാഷ്ട്രീയ പോരാളി.

ജനിച്ച മണ്ണിനെയും, പ്രകൃതിയേയും, ഭൂമിയേയും, ജീവനുതുല്യം സ്‌നേഹിച്ച പരിസ്ഥിതി രാഷ്ട്രീയത്തിന്റെ അനിവാര്യതയെ പുതിയ കാലഘട്ടത്തിനു ബോധ്യപ്പെടുത്തിയ സാമൂഹിക ചിന്തകന്‍.
മരണത്തെപ്പോലും സമരോത്സവമാക്കിയ, രാഷ്ട്രീയ ജീവിതത്തിലും, വ്യക്തി ജീവിതത്തിലും വിപ്ലവം സൃഷ്ടിച്ചു കൊണ്ട് കാലയവനികയിലേക്ക് മറഞ്ഞ
കര്‍മ്മയോഗിയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കു മുന്‍പില്‍ പ്രണാമം.

എക്കാലത്തെയും പ്രണയവും , മനുഷ്യ ജീവിതത്തോടുള്ള അടങ്ങാത്ത ആഗ്രഹവുമായി വയലാര്‍ രചിച്ച
ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും തീരം
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്ന ഈ മനോഹര ഗാനത്തെ ഹൃദയത്തോട് ചേര്‍ത്ത്പിടിച്ചു കൊണ്ട് പ്രിയങ്കരനായ പി.ടി.ലോകത്തോട് വിടവാങ്ങി.
പക്ഷേ അദ്ദേഹം ഒരുപാട് സന്ദേശങ്ങളും, ഓര്‍മ്മകളും, ബാക്കിയാക്കിയാക്കിയാണ് വിടപറഞ്ഞത്. സത്യത്തിന്റെ, ആദര്‍ശത്തിന്റെ പ്രകാശ ഗോപുര വാതില്‍ തുറന്ന, നിലപാടുകള്‍കൊണ്ടും, ഉയര്‍ന്ന ചിന്തകള്‍കൊണ്ടും, മാനവ സമൂഹത്തിന്റെ ഹൃദയത്തില്‍ പ്രകാശ കിരണങ്ങള്‍ വാരി വിതറിയ പി.ടി. എന്ന ഇതിഹാസ പുരുഷന്‍ സൂര്യതേജസ്സായി കേരളത്തിന്റെ ജനമനസ്സില്‍ ജീവിക്കും.

ഒരിക്കല്‍ക്കൂടി പി.ടി.യുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ പ്രണാമം അര്‍പ്പിക്കുന്നു.

സി.കെ. സായൂജ്
യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ്
തളിപ്പറമ്പ