നാല്‍പ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും ഒത്തുചേരുന്നു-

112 പേരില്‍ 75 പേര്‍ പരിപാടിക്കെത്തുമെന്ന് ഭാരവാഹികള്‍ പരിയാരം പ്രസ്‌ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു-

പരിയാരം: നാല്‍പ്പത്തിരണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും സതീര്‍ത്ഥ്യര്‍ ഒത്തുചേരുന്നു.

കൊട്ടില ഗവ.ഹൈസ്‌ക്കൂളിലെ 1979-80 ബാച്ച് എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളാണ് ഒരുമ-80 എന്ന പേരില്‍ രൂപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്‌നേഹസംഗമം-2022 സംഘടിപ്പിക്കുന്നത്.

112 പേരുണ്ടായിരുന്ന അന്നത്തെ എസ്.എസ്.എല്.സി ബാച്ചിലെ 92 പേരുമായി ബന്ധപ്പെടാന്‍ കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്.

ഇവരില്‍ 75 പേര്‍ സ്‌നേഹസംഗമത്തിന് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജനുവരി 9-ന് രാവിലെ 10-ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

ഒരുമ ചെയര്‍മാന്‍ കെ.രാജശേഖരന്‍ അധ്യക്ഷത വഹിക്കും.

ചടങ്ങില്‍ അധ്യാപകരായിരുന്ന എം.വി.ബാലകഷ്ണന്‍, എം.വി.ഗോവിന്ദന്‍, പി.പി.ഗോവിന്ദന്‍, പി.പി.നാരായണന്‍, വിഷ്ണു നമ്പൂതിരി എന്നിവരെ ആദരിക്കും.

ഏഴോം പഞ്ചായത്തംഗം കെ.നിര്‍മ്മല, പി.ടി.എ പ്രസിഡന്റ് പി.എം.ഉണ്ണികൃഷ്ണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രകാശന്‍, ഹെഡ്മിസ്ട്രസ് ടി.പി.രമണി എന്നിവര്‍ പ്രസംഗിക്കും.

ഓര്‍മ്മ പുതുക്കല്‍, അംഗങ്ങളുടെ കലാപരിപാടികള്‍ എന്നിവയും നടക്കുമെന്ന് ഒരുമ ഭാരവാഹികളായ കെ.രാജശേഖരന്‍, വി.വി.മുരളി, ടി.ജനാര്‍ദ്ദനന്‍, പി.ചന്ദ്രശേഖരന്‍, കെ.വി.മനോഹരന്‍, ടി.വി.പ്രഭാകരന്‍ എന്നിവര്‍ പരിയാരം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.