തളിപ്പറമ്പ്: കാണാതായ വയോധികനെ കണ്ടത്താന്‍ തളിപ്പറമ്പ് പോലീസ് ഒന്നും ചെയ്യുന്നില്ലെന്ന് കാണിച്ച് മകന് റൂറല്‍ ജില്ല പോലീസ് മേധാവിക്ക് പരാതി നല്കി.
ജൂണ്‍-28 ന് ഉച്ചക്ക് വീട്ടില്‍ നിന്ന് കാണാതായ പിതാവ് ടി.കൃഷ്ണനെ(73) കണ്ടെത്തണമെന്ന് കാണിച്ച് അന്നുതന്നെ മകന് കരിമ്പത്തെ വി.വി.രൂപേഷ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
അന്ന് സ്വിച്ചോഫായിരുന്ന ഫോണ്‍ ജൂലായ്- ഒന്നിന് രാവിലെ 7.30 ന് ഓണായിരുന്നു.
വിവരം പോലീസില്‍ അറിയിച്ചത് പ്രകാരം ടവര്‍ലൊക്കേഷന്‍ പാപ്പിനിശേരി ആണെന്ന് വ്യക്തമായിരുന്നു.
ഫോണ്‍ റിംഗ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണെങ്കില്‍ ശരിയായ ലൊക്കേഷന്‍ എടുത്തുതരാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ റിംഗ് ചെയ്തുകൊണ്ടിരിക്കെ വിവരം അറിയിച്ചിട്ടും ലൊക്കേഷന്‍ എടുത്തുനല്കാന് തയ്യാറായില്ലെന്നാണ് റൂറല്‍ ജില്ല പോലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ പറയുന്നത്.
കാണാതാകുന്നതിന് മുമ്പ് തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ നിന്നും കൃഷ്ണനെ വിളിച്ചിരുന്നു.
ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ് അച്ഛനെ വിളിപ്പിച്ചതെന്നും ഇതിന്റെ മനോവിഷമം ഉണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.