കളക്ടര്‍മാര്‍ക്ക് ചിന്താശേഷിയില്ലേ? സ്‌ക്കൂള്‍ മഴയവധി യു.പി സ്‌ക്കൂളില്‍ മാത്രമായി പരിമിതപ്പെടുത്തണം.

മഴക്കാലത്ത് കാണുന്ന തമാശകളിലൊന്നാണ് കളക്ടര്‍മാര്‍ സ്‌ക്കൂളുകള്‍ക്ക് അവധി നല്‍കുന്നത്.

1970 കാലഘട്ടത്തില്‍ ഞാനൊക്കെ സ്‌ക്കൂളില്‍ പഠിച്ചിരുന്നകാലത്ത് എത്ര കോരിച്ചൊരിയുന്ന ഇടിയും മഴയും കാറ്റും വന്നാലും സ്‌ക്കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നില്ല.

കിലോമീറ്ററുകളോളം കാല്‍നടയായി സ്‌ക്കൂളില്‍ പോയത് ഇന്നും മനസിലുണ്ട്.

1990 കാലഘട്ടത്തിലാണ് കളക്ടര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മഴയവധി കൊടുത്തുതുടങ്ങിയതെന്ന് തോന്നുന്നു.

കളക്ടര്‍മാര്‍ പ്രഖ്യാപിക്കുന്ന അവധിക്ക് കുട്ടികള്‍ സ്‌ക്കൂളില്‍ വരേണ്ട എന്നുണ്ടെങ്കിലും അധ്യാപകര്‍ ഹാജരാകണമായിരുന്നു.

വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ പ്രഖ്യാപിക്കുന്ന അവധി മാത്രമേ അധ്യാപകര്‍ക്ക് ബാധകമായിരുന്നുള്ളൂ.

പിന്നീട് അധ്യാപക സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇത് അധ്യാപകര്‍ക്ക് കൂടി ബാധകമാക്കി.

കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായി ഒരാഴ്ച്ച സ്‌ക്കൂളുകള്‍ക്ക് കളക്ടര്‍മാര്‍ മഴഅവധി നല്‍കി.

എന്ത് അടിസ്ഥാനത്തിലാണ് ഈ അവധിയെന്ന് മനസിലാവുന്നില്ല.

സ്‌ക്കൂളികളുടെ ഭൗതിക സാഹചര്യങ്ങള്‍ ഹൈടെക്കായി മാറിയ കാലമാണിത്.

കുട്ടികള്‍ സ്‌ക്കൂളിലെത്തുന്നത് മിക്കവാറും സ്‌ക്കൂള്‍ വാഹനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ ആണ്.

രക്ഷിതാക്കള്‍ കുട്ടികളെ സ്വന്തം വാഹനങ്ങളിലും എത്തിക്കുന്നുണ്ട്.

നല്ല അടച്ചുറപ്പുള്ള കെട്ടിടങ്ങളാണ് 99.99 ശതമാനം സ്‌ക്കൂളുകള്‍ക്കും ഉള്ളത്.

ഈ സാഹചര്യത്തില്‍ എന്തിനാണ് ഈ മഴയവധി?

ഇനി അവധി കൊടുത്താലേ പറ്റൂ എന്നാണെങ്കില്‍ എത് യു.പി സ്‌ക്കൂള്‍ ക്ലാസ് വരെ മാത്രമായി പരിമിതപ്പെടുത്തണം.

ഒരു കാരണവശാലും ഹൈസ്‌ക്കൂള്‍-ഹയര്‍സെക്കണ്ടറി-കോളേജുകള്‍-മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മഴക്കാല അവധി കൊടുക്കരുത്.

കുമാരനാശാന്‍ പാടിയതുപോലെ ഇന്നലെ ചെയ്ത അബദ്ധങ്ങള്‍ ഇന്നത്തെ ആചാരമാക്കി മാറ്റുന്ന തലതിരിഞ്ഞ ഏര്‍പ്പാട് അവസാനിപ്പിക്കണം.

സുഖകരമായി പഠിക്കാന്‍ സാധിക്കുന്ന കാലമാണ് മഴക്കാലം, അത് അനാവശ്യ അവധിനല്‍കി നശിപ്പിക്കരുത്.