കണ്ണടക്കടയില്‍ സ്വകാര്യ പ്രാക്ടീസ്-മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്കെതിരെ വിജിലന്‍സ് കേസ്.

പിലാത്തറ: പിലാത്തറയിലെ കണ്ണട വില്പന ഷോറൂമില്‍ വിജിലന്‍സ് പരിശോധന.

പരിയാരം മെഡിക്കല്‍ കോളേജിലെ കണ്ണ് രോഗ വിദഗ്ധ ഡോ. ലത മോഹന്റെ പേരില്‍ കേസെടുത്തു.

നിലവിലുളള ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഇവിടെ പ്രൈവറ്റ് പ്രാക്റ്റീസ് നടത്തുന്നു എന്ന പരാതിയിലാണ് പരിശോധന നടത്തിയത്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ നിരീക്ഷണം നടത്തിയ ശേഷം ഇന്ന് വൈകിട്ട് 4.10 മണിക്ക് നടത്തിയ റെയിഡില്‍
ഡോക്ടര്‍ ഇവിടെ പരിശോധന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

ഡോക്ടര്‍മാര്‍ അവരുടെ താമസസ്ഥലത്ത് അല്ലാതെ കണ്ണട ഷോറൂമുകളിലോ ക്ലിനിക്കുകളിലോ ലാബുകളിലോ മെഡിക്കല്‍ ഷോപ്പുകളിലോ പരിശോധന നടത്താന്‍ പാടില്ല എന്ന ഉത്തരവ് നിലനില്‍ക്കുന്നുണ്ട്.

കൂടാതെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 25% നോണ്‍ പ്രാക്റ്റീസിങ്ങ് അലവന്‍സ് ലഭിക്കുന്നുമുണ്ട്.

പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളിലേയും ചില മലയോര പ്രദേശങ്ങളിലേയും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വിജിലന്‍സിന്റെ നിരീക്ഷണത്തിലാണ്.

ചില ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തി സര്‍ജറിയടക്കമുള്ള കാര്യങ്ങള്‍ ചെയ്ത് പ്രതിഫലം പറ്റുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം നടത്തി അവരുടെ ലിസ്റ്റ് വിജിലന്‍സ് തയ്യാറാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കായി വരുന്ന രോഗികളെ സ്വകാര്യ ആശുപത്രിയില്‍ വന്നു കാണാന്‍ പറയുന്ന ഡോക്ടര്‍മാരെക്കറിച്ചും വിജിലന്‍സ് വിവരം ശേഖരിക്കുന്നുണ്ട്.

കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.