തളിപ്പറമ്പ് നഗരസഭയില്‍ ഏഴിന കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സന്‍ പി.കെ. സുബൈര്‍

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ നിലവിലുള്ള അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏഴിന കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് നഗരസഭ ചെയര്‍ പേഴ്സന്‍ പി.കെ. സുബൈര്‍ താലൂക്ക് വികസന സമിതി യോഗത്തെ അറിയിച്ചു.

ഇന്നലെ താലൂക്ക് ഓഫീസ് സമ്മേളന ഹാളില്‍ നടന്ന സമിതി യോഗത്തില്‍ നഗരസഭയെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

വ്യാപകമായി അനധികൃത കെട്ടിട നിര്‍മ്മാണം നടക്കുന്നതായും നടപ്പാതകള്‍ വ്യാപാരികള്‍ കയ്യേറുന്നതും ചര്‍ച്ചയായി.

ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി. രവീന്ദ്രനാണ് പരാതികള്‍ ഉന്നയിച്ചത്.

പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കിയ കെട്ടിടങ്ങളില്‍ ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ നഗരസഭ ഭരണാധികാരികള്‍ ഉദ്ഘാടനം ചെയ്യുന്നത് തെറ്റായ കീഴ് വഴക്കമാണെന്നും, ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചക്ക് മറുപടി പറഞ്ഞ ചെയര്‍പേഴ്‌സന്‍ എല്ലാ പ്രശ്നങ്ങളും സമയബന്ധിതമായി പരിഹരിക്കുമെന്നും, നഗരസേന രൂപീകരിച്ച് ഏഴിന കര്‍മ്മ പദ്ധതി നടപ്പാക്കുന്നതോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും പറഞ്ഞു.

പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി വകുപ്പുകള്‍ക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നുവന്നു.

ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ വികസന സമിതി യോഗത്തില്‍ കൃത്യമായി പങ്കെടുക്കുന്നില്ലെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പരാതിപ്പെട്ടു.

ചപ്പാരപ്പടവ് പഞ്ചായത്തിലെ മുന്നൂറുകുളത്ത് പുതിയ കരിങ്കല്‍ ക്വാറി ആരംഭിക്കുന്നതിനെതിരെ സാനിച്ചന്‍ മാത്യു നല്‍കിയ പരാതി
യോഗത്തില്‍ വലിയ ചര്‍ച്ചയായി മാറി.

റവന്യു അധികൃതര്‍ ഒളിച്ചു കളി നടത്തുകയാണെന്ന് സാനിച്ചന്‍ പരാതിപ്പെട്ടു .

സംസ്ഥാന പാതയില്‍ ഗവ ആശുപത്രിക്ക് സമീപം ബസ് ബേ നിര്‍മ്മിക്കുക, കരിമ്പം ഫാമിനകത്തെ കരിപ്പത്ത് കോവിലകത്തിന്റെ മണിക്കിണര്‍ പരിശോധിക്കാന്‍ പുരാവസ്തു വകുപ്പിനെ ചുമതലപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നുവന്നു.

ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.പി വിപിന അധ്യക്ഷത വഹിച്ചു.

കെ സുധാകരന്‍ എംപിയുടെ പ്രതിനിധി പി.എം മാത്യു, ടി.കെ. ഗോവിന്ദന്‍ എം എല്‍ എയുടെ പ്രതിനിധി എം. വി.പ്രേമരാജന്‍, സജീവ് ജോസഫ് എം എല്‍ എ യുടെ പ്രതിനിധി ജോസ് വട്ടമല, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസി ഷിജി വട്ടക്കാട്ട്, പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ദിവാകരന്‍, കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.പി. രമേശന്‍, ശ്രീകണ്ഠപുരം നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ നിഷിത റഹ്മാന്‍, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

തഹസില്‍ദാര്‍ പി. സജീവന്‍ സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് അനിത നന്ദിയും പറഞ്ഞു.